പുതുചരിത്രമായി 'എന്‍റെ മരം എന്‍റെ ജീവന്‍'- ഗിന്നസ് റെക്കോര്‍ഡിലെ ഇന്ത്യ

By Web DeskFirst Published Mar 20, 2017, 1:27 PM IST
Highlights

മരത്തെ ചേര്‍ത്തുപിടിച്ചുകൊണ്ട് കേരളം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് ഇത് ചരിത്രനിമിഷം. ഏഷ്യാനെറ്റ് ന്യൂസ് ലോക വനദിനമായ ഇന്ന് സംഘടിപ്പിച്ച 'എന്റെ മരം എന്റെ ജീവന്‍' പരിപാടിയോട് അനുബന്ധിച്ച് നാലായിരത്തിലേറെ ആളുകളാണ് മരത്തെ ചേര്‍ത്തുപിടിച്ചത്. ഇന്ത്യയുടെ പേര് ഒരിക്കല്‍ക്കൂടി ഗിന്നസ് ലോക റെക്കോര്‍ഡില്‍ എഴുതിച്ചേര്‍ക്കാന്‍ ഈ പരിപാടിക്ക് സാധിച്ചു എന്നതാണ് വലിയ സവിശേഷത. അടുത്തകാലത്തായി ഗിന്നസ് റെക്കോര്‍ഡില്‍ ഇന്ത്യയില്‍നിന്ന് ഒരുപിടി ആളുകളും സംഘടനകളും എത്തിച്ചേര്‍ന്നിട്ടുണ്ട്. സമീപകാലത്ത് ഇന്ത്യ ഇടംനേടിയ ഗിന്നസ് റെക്കോര്‍ഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, മരത്തെ ചേര്‍ത്തുപിടിക്കല്‍

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 'എന്റെ മരം എന്റെ ജീവന്‍' പരിപാടിയോടെ ദ്വാരക ജില്ലയിലെ ടാറ്റ ചെം ഡിഎവി പബ്ലിക് സ്കൂള്‍ സൃഷ്ടിച്ച റെക്കോര്‍ഡാണ് പഴങ്കഥയായി. 2016 ഡിസംബറില്‍ 1359 പേരാണ് ടാറ്റ ചെം ഡിഎവി പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മരത്തെ ആലിംഗനം ചെയ്‌തത്. എന്നാല്‍ ലോകവനദിനമായ ഇന്ന് തിരുവനന്തപുരം ജില്ലയിലെ പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനില്‍ നടന്ന 'എന്റെ മരം എന്റെ ജീവന്‍' പരിപാടിയില്‍ നാലായിരത്തിലേറെ പേരാണ് അണിനിരന്നത്. ഇക്കാര്യം പരിശോധിച്ച ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

2, 1356 പേര്‍ തീയിലൂടെ നടന്ന് ഗിന്നസിലെത്തി

ഇന്ത്യയിലെ പ്രമുഖ മാനവവിഭവശേഷി കമ്പനിയായ എച്ച് ആര്‍ അനെക്‌സി പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച പരിപാടിയില്‍ ഏകദേശം 1356ഓളം പേര്‍ നഗ്നപാദരായി തീക്കനലിലൂടെ നടന്നു. മഹാരാഷ്‌ട്രയിലെ ഖാപോളിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടിയ പരിപാടി നടന്നത്.

3, ഗ്രീന്‍ടീയുടെ പേരിലും ഒരു റെക്കോര്‍ഡ്-

ഇന്ത്യയിലെ പ്രമുഖ തേയില നിര്‍മ്മാതാക്കളായ ടാറ്റ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡ്, അവരുടെ പുതിയ ഗ്രീന്‍ടീ ബ്രാന്‍ഡ് ആയ 'ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ടീ' പുറത്തിറക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടായ്‌മയും ഗിന്നസ് റെക്കോര്‍ഡിലെത്തി. അടുത്തിടെ മുംബൈയിലെ നാഷണല്‍ സ്പോര്‍ട്സ് ക്ലബില്‍ നടന്ന പരിപാടിയില്‍ 1335 പേരാണ് പച്ച ഓവര്‍കോട്ട് ധരിച്ച് അണിനിരന്നത്. 'എവരിഡേ സൂപ്പര്‍ ഹ്യൂമന്‍സ്' എന്ന പേരിലാണ് ഈ ഗിന്നസ് റെക്കോര്‍ഡ് പരിപാടി അരങ്ങേറിയത്.

4, തോള്‍കൊണ്ട് കാര്‍ കെട്ടിവലിച്ച അഭിഷേക് ചൗബേ-

മദ്ധ്യപ്രദേശില്‍ 2004ല്‍ അഭിഷേക് ചൗബേ എന്ന യുവാവാണ് ഇക്കാര്യത്തില്‍ ഗിന്നസ് റെക്കോര്‍ഡിട്ടത്. 1070 കിലോയിലേറെ ഭാരം വരുന്ന ഹ്യൂണ്ടായ് അക്‌സന്റ് കാര്‍, തോളിന്റെ പിന്‍ഭാഗത്ത് ഘടിപ്പിച്ച ബ്ലേഡില്‍ കയര്‍ കുരുക്കിയാണ് അഭിഷേക് കെട്ടിവലിച്ചത്.

5, സുദര്‍ശനന്റെ മണല്‍ക്കോട്ട-

മണല്‍കൊണ്ട് തീര്‍ത്ത ഏറ്റവും ഉയരമുള്ള കൊട്ടാരം എന്ന ഗിന്നസ് റെക്കോര്‍ഡ് ഒരു ഇന്ത്യക്കാരന്റെ പേരിലാണ്. ഒഡീഷയിലെ പുരിയില്‍ സുദര്‍ശന‍് പട്നായിക് എന്നയാളാണ് ഏറ്റവും ഉയരമുള്ള മണല്‍ക്കോട്ട തീര്‍ത്തത്. ഏകദേശം 14.84 മീറ്റര്‍(530 അടി) ഉയരമാണ് സുദര്‍ശന്‍ എന്ന ശില്‍പി തീര്‍ത്ത നയനമനോഹരമായ ഈ മണല്‍ക്കോട്ടയ്‌ക്ക് ഉണ്ടായിരുന്നത്. ഇതിലൂടെ ലോകസമാധാനം എന്ന ആശയമാണ് സുദര്‍ശന്‍ മുന്നോട്ടുവെച്ചത്.

click me!