ഇന്ത്യക്കാര്‍ക്ക് നാലുവര്‍ഷം അധികം ജീവിക്കാനാകും!

By Web DeskFirst Published Sep 12, 2017, 7:15 AM IST
Highlights

ആയുര്‍ദൈര്‍ഘ്യം കൂടണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ? ഇന്ത്യക്കാരുടെ ശരാശരി ആയുസ് നാലുവര്‍ഷം കൂട്ടാനാകുമെന്ന് പറയുന്നത് ലോകാരോഗ്യസംഘടനയാണ്. പക്ഷേ, വെറുതെ ആയുര്‍ദൈര്‍ഘ്യം കൂടില്ല. ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള നിലവാരത്തിന്റെ പകുതിയെങ്കിലും വായു മലിനീകരണം കുറയ്‌ക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കണം. ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശാനുസരണം പൂര്‍ണമായും വായുമലിനീകരണം നിയന്ത്രിക്കാനായാല്‍ ഇന്ത്യക്കാരുടെ ശരാശരി ആയുസ് ഒമ്പത് വര്‍ഷം വര്‍ദ്ധിക്കും. എന്നാല്‍ ഇന്നത്തെ കാലത്ത് ഈ നിലവാരത്തിലേക്ക് എത്താനാകില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 2014, 2015 വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും വായു മലിനീകരണമുള്ള നഗരം ദില്ലി ആയിരുന്നു. 1981 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ വായു മലിനീകരണം ക്രമാതീതമായ തോതിലാണ് ഉയര്‍ന്നത്. വായു മലിനീകരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഫലപ്രദമായ നടപടികളൊന്നും ഇന്ത്യയില്‍ ഉണ്ടാകുന്നില്ലെന്ന് ലോകാരോഗ്യസംഘടന പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍, ജപ്പാന്‍, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നു. വായുമലിനീകരണം ശ്വാസകോശസംബന്ധമായ ക്യാന്‍സറുകള്‍ ഉള്‍പ്പടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

click me!