ലോകത്തെ ഏറ്റവും ഭാഗ്യമുള്ള മനുഷ്യനെ പരിചയപ്പെടാം!

By Web DeskFirst Published Sep 11, 2017, 5:58 PM IST
Highlights

ഭാഗ്യം അത് ആര്‍ക്ക് എപ്പോള്‍ ലഭിക്കുമെന്ന് പറയാന്‍ സാധിക്കില്ല. ചിലര്‍ക്ക് ഭാഗ്യത്തിന്റെ കടാക്ഷം ലോട്ടറി ടിക്കറ്റിന്റെ രൂപത്തിലും, മറ്റുചിലര്‍ക്ക് മരണത്തിന്റെ വക്കില്‍നിന്ന് ജീവിതത്തിലേക്കുള്ള മടക്കയാത്രയായുമൊക്കെ ലഭിക്കും. ഇവിടെയിതാ, ലോകത്തെ ഏറ്റവും ഭാഗ്യമുള്ള മനുഷ്യനായി പാശ്ചാത്യമാധ്യമങ്ങള്‍ വാഴ്‌ത്തിപ്പാടുന്ന മനുഷ്യനെ പരിചയപ്പെടാം. ഓസ്‌ട്രേലിയയിലെ പ്രമുഖ സര്‍ഫര്‍(ഒരു പ്രത്യേകതരം പലകയില്‍ തിരമാലയുടെ ഓളത്തിനനുസരിച്ച് യാത്ര ചെയ്യുന്ന കായികയിനം) ആയ ആബെ മക്‌ഗ്രാത്ത് എന്ന മുപ്പത്തിയഞ്ചുകാരനെയാണ് ലോകത്തെ ഏറ്റവും ഭാഗ്യമുള്ള മനുഷ്യനായി കഴിഞ്ഞ ദിവസം വിലയിരുത്തിയത്. സര്‍ഫിങ് നടത്തുന്നതിനിടെ സ്രാവിന്റെ വായില്‍ കാലുകള്‍ അകപ്പെട്ടിട്ടും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടതാണ് ആബെ മക്‌ഗ്രാത്തിനെ വാര്‍ത്തകളിലിടം നേടിക്കൊടുത്തത്. സര്‍ഫിങിനിടെ ആക്രമണകാരിയായ വമ്പന്‍ സ്രാവ് ആബെ മക്‌ഗ്രാത്തിന്റെ കാലില്‍ കടിച്ചു. എന്നാല്‍ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് അറിയാതെ കാല്‍ ചുഴറ്റിയതും സര്‍ഫിങ് ബോര്‍ഡില്‍നിന്ന് ആബെ ഉയര്‍ന്നുചാടി. വീണ്ടും സര്‍ഫിങ് ബോര്‍ഡിലേക്ക് വരുന്നതിനെ തൊട്ടുമുമ്പുള്ള നിമിഷത്തില്‍, സ്രാവിന്റെ രണ്ടാമത്തെ കടി കാലില്‍ ഏല്‍ക്കാതെ ആബെ കടലിനടിയിലേക്ക് ഊളിയിട്ടു. സ്രാവിന്റെ രണ്ടാമത്തെ കടി സര്‍ഫിങ് ബോര്‍ഡിലായിരുന്നു. സമീപത്തു സര്‍ഫിങില്‍ ഏര്‍പ്പെട്ട സുഹൃത്ത്, എലിജാ കോള്‍ബെ, ആബെ മക്‌ഗ്രാത്തിന്റെ രക്ഷയ്‌ക്ക് എത്തി. ഉടന്‍തന്നെ അദ്ദേഹത്തെ കരയ്‌ക്ക് എത്തിച്ച് കാലിലെ മുറിവിന് ശുശ്രൂഷ നല്‍കി ആശുപത്രിയിലാക്കി. സാധാരണഗതിയില്‍ ഇത്തരമൊരു സാഹചര്യത്തില്‍ സ്രാവിന്റെ ആക്രമണത്തിന് ഇരയായാല്‍ രക്ഷപ്പെടാന്‍ സാധ്യത തീരയില്ലെന്നാണ് സിഡ്നി സര്‍ഫിങ് രംഗത്തുള്ളവര്‍ പറയുന്നത്. സ്രാവ് കാലില്‍ പിടിച്ചത് തിരിച്ചറിഞ്ഞ നിമിഷത്തില്‍ താന്‍ മരിക്കാന്‍ തയ്യാറായതായാണ് ആബെ മക്ഗ്രാത്ത് പിന്നീട് ആശുപത്രിയില്‍വെച്ച് പറഞ്ഞത്.

click me!