
വിരാട് കോലിയുടെയും അനുഷ്ക ശർമയുടെയും വിവാഹചിത്രങ്ങളും പിന്നാലെ വീഡിയോയും പുറത്തുവന്നപ്പോൾ ഏവരുടെയും കണ്ണുകൾ പതിഞ്ഞത് താരജോഡികളുടെ ഉടയാടകളിലേക്കായിരുന്നു. ആരാണ് ഇരുവരെയും ഇത്ര മനോഹരമായി അവതരിപ്പിച്ച ഇൗ ഫാഷൻ ഡിസൈനർ എന്ന അന്വേഷണമാണ് എങ്ങും.
വൈകാതെ അതിന് ഉത്തരവുമായി ഫാഷൻ ഡിസൈനിങ് ടീം എത്തി. സബ്യസച്ചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളായിരുന്നു ഇരുവർക്കും ഏഴഴകായത്.
രാജ്യത്തെ പ്രമുഖ നഗരങ്ങളായ ദില്ലിയിലും മുംബൈയിലും കൊൽക്കത്തയിലും ശാഖകളുള്ള സബ്യസച്ചി മുൻനിര ഫാഷൻ ഡിസൈനിങ് ടീം ആണ്. ഇരുവരുടെയും വിവാഹത്തിന്‍റെ പ്രധാന മുഹൂർത്തങ്ങൾ സബ്യസച്ചി ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും പുറത്തുവിട്ടു. ഇതോടെയാണ് താരവിവാഹത്തിന്റെ പിറകിലെ മഴവില്ലഴക് തീർത്ത സംഘം ഏതെന്ന് ആരാധകർ അറിഞ്ഞത്.
മെഹന്തി ദിനത്തിലും വിവാഹ നിശ്ചയ വേളയിലും അനുഷ്കയുടെ വസ്ത്രങ്ങളും സബ്യസാച്ചിയിൽ നിന്നുതന്നെയായിരുന്നു. 1999ൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫാഷൻ ടെക്നോളജിയിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ സബ്യസാച്ചിയാണ് ഇൗ ഫാഷൻ ഡിസൈനിങ് സംരംഭത്തിന്റെ സ്ഥാപകൻ. 2001ൽ ഇന്ത്യയിലെ മികച്ച ഫാഷൻ ഡിസൈനർക്കുള്ള ഫെമിന ബ്രിട്ടീഷ് കൗൺസിലിന്റെ അവാർഡ് സബ്യസാച്ചിക്ക് ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam