എന്നും മത്സ്യം കഴിക്കാമോ?

By Web DeskFirst Published Dec 12, 2017, 2:36 PM IST
Highlights

ചില മൽസ്യത്തിൽ അടങ്ങിയിരിക്കുന്ന മീഥൈൽ ‍മെർക്കുറി എന്ന ന്യൂറോടോക്സിൻ ഞരമ്പുകളെ ബാധിക്കാം. അവ അമിതമായി നമ്മുടെ ശരീരത്തിനുള്ളിൽ ചെന്നാൽ ശരീരത്തിന് ഹാനികരമാണ്. പ്രത്യേകിച്ചും ഗർഭിണികളെയും, മുലയൂട്ടുന്ന അമ്മമാരെയും ,കുട്ടികളെയും ദോഷകരമായി ബാധിക്കാം. പക്ഷെ എന്നു കരുതി എല്ലായിനം മീനും ദോഷകരമല്ല. വർധിച്ചു വരുന്ന ജലമലിനീകരണം മൂലമാണ് ഇപ്പോൾ ചില മൽസ്യങ്ങളിൽ മേർക്യൂറി(രസം)യുടെ അളവ് കൂടുതലായി കണ്ടുവരുന്നത്. ഇങ്ങനെ കടലിലേക്കും മറ്റും പുറംതള്ളപ്പെടുന്ന മെർക്യൂറി ആൽഗേയും മറ്റു പായലുകളിലെത്തുകയും മത്സ്യങ്ങൾ ഇവ ഭക്ഷിക്കുന്നതിലൂടെ മൽസ്യത്തിന്റെ മാംസത്തിലും അടിഞ്ഞുകൂടുകയും(bio acculumation), തുടർന്ന് അവയെ നമ്മൾ ഭക്ഷിക്കുമ്പോൾ നമ്മുടെ ശരീരത്തിലും ഇവ ക്രമേണ അടിഞ്ഞു കൂടും. സ്ഥിരമായി അങ്ങനെ മെർക്യൂറി അടങ്ങിയ മത്സ്യങ്ങൾ നമ്മൾ കഴിക്കുമ്പോൾ ശ്രദ്ധിക്കുക. ലോകാരോഗ്യ സംഘടന പോലും പറയുന്നു, ചില ഇടങ്ങളിൽ 1000ൽ രണ്ടു കുട്ടികളിലും ചില ഇടങ്ങളിൽ 1000ൽ 17 കുട്ടികളിലുമൊക്കെ ഇതിന്റെ ദൂഷ്യവശങ്ങൾ കണ്ടുവരുന്നുവെന്ന്.

മൽസ്യത്തിലെ പോഷകങ്ങൾ
____________________________
മൽസ്യത്തിൽ ധാരളമായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിരിക്കുന്നു. കൂടാതെ പ്രോറ്റീൻ, വിറ്റാമിൻ (വിറ്റാമിൻ ഡി,വിറ്റാമിൻ ബി തുടങ്ങിയവയും), ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ഫോസ്‌ഫേറസ്, പോലെയുള്ളവയും മൽസ്യത്തിൽ അടങ്ങിയിരിക്കുന്നു.
ഇവയൊക്കെ നമ്മുടെ ശരീരത്തിന് നിശ്ചിതയളവിൽ കഴിക്കുന്നത് വളരെ അത്യാവശ്യമാണ്. നമ്മുടെ വളർച്ചയ്ക്കും ബുദ്ധി വികാസത്തിനും ഗുണകരവുമാണ്.

എത്ര മീൻ കഴിക്കാം
___________________

മെർക്കുറി കുറച്ചു മാത്രം അടങ്ങിയ മൽസ്യം ആഴ്ച്ചയിൽ 320 ഗ്രാം വരെ കഴിച്ചാൽ മതിയാകും. അതായത് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മീൻ കഴിച്ചാൽ മതിയാകും.

മെർക്കുറി കുറവുള്ള മീനുകൾ കഴിക്കുന്നതാകും നല്ലത്. ഉദാഹരണം: കോര, തിലോപിയ, മുഷി, ചെമ്മീൻ തുടങ്ങിയവ(കൂടാതെ, വളർത്തുമീനും, കായലിലേയും, ശുദ്ധജലങ്ങളിലെയും മൽസ്യം കഴിക്കാം, അവയിൽ മലിനജലം കലരുന്നില്ലെങ്കിൽ)

മെർക്യൂറി ധാരാളമായി കണ്ടുവരുന്ന മത്സ്യങ്ങൾ:

*സ്രാവ്
*കടൽ കുതിര
*ഐക്കൂറ
*ചൂര

ശുദ്ധജലത്തിലും കായലിലുമുള്ള മത്സ്യങ്ങൾ, കൂടാതെ വളർത്തു മത്സ്യങ്ങളും കഴിക്കാം പക്ഷെ അവയിലും മലിനജലം ചേരുന്നുണ്ടെങ്കിൽ സൂക്ഷിക്കുക.

കടൽ മൽസ്യങ്ങൾ പ്രത്യേകിച്ചും വലിയ മീനുകളും, മെർക്യൂറി ധാരാളമായി അടങ്ങിയവയുടെയും ഉപയോഗം കഴിവതും കുറയ്ക്കുകയും, മത്സ്യം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം കഴിക്കുക. ഈ കാര്യത്തിൽ കൂടുതൽ ശ്രേദ്ധിക്കേണ്ടത് ഗർഭിണികളും, മുലയൂട്ടുന്ന അമ്മമാരും, കുട്ടികളുമാണ്.

നമ്മുടെ ശരീരത്തിലെത്തുന്ന മെർക്കുറി വളരെ അധികവും കുടലില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്നു. ഇതു കൂടുതലായും ഗര്‍ഭത്തിലുള്ള കുട്ടിയേയും, മുലയൂട്ടുന്ന കുട്ടിയേയും, കുട്ടികളെയും ബാധിക്കും. എന്നാല്‍ മുതിർന്നവരിൽ നേരിട്ട്‌ മെർക്കുറി തലച്ചോറില്‍ എത്താറില്ല (കുട്ടികളില്‍ തലച്ചോറിലും എത്തും).

ഇതൊക്കെയാണെങ്കിലും മത്സ്യം പാടെ ഒഴിവാക്കുന്നതും നല്ലതല്ല. ആവശ്യത്തിനു അവ ഭക്ഷിക്കുന്നെന്നും ഉറപ്പു വരുത്തുക. വരുംകാലങ്ങളിൽ ജലമലിനീകരണം കൂടുംതോറും ജലത്തിലെ മേർക്യൂറിയുടെ അളവ് കൂടുകയും ചെയ്യാം. നമ്മുടെ ശരീരത്തു ചെറിയ അളവിൽ മെർക്കുറി ചെന്നാൽ കുഴപ്പമില്ല, വലിയതോതിൽ മേർക്യൂറി ചെല്ലുമ്പോൾ ആണ് ദോഷകരമായി ബാധിക്കുന്നത്. മീൻ കൂടാതെ നമ്മുടെ ശരീരത്തിൽ ചെറിയ ഒരു അംശം പല്ലിന്റെ പോട് അടക്കുവാൻ ഉപയോഗിക്കുന്ന 'amalgam' എന്ന വസ്തുവിൽ നിന്നും വരാം. കൂടാതെ മേർക്യൂറി ഖനനം ചെയ്യുന്ന ജോലികളിൾ ഏർപ്പെടുന്നവരും സൂക്ഷിക്കുക. കൂടുതൽ പഠനങ്ങൾ നടക്കുകയും അതിൽ നിന്നും കൂടുതൽ വിവരങ്ങൾ നമുക്കു ലഭിക്കും എന്നു പ്രതീക്ഷിക്കാം.

click me!