
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാൻസർ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. പുകവലി, അമിതവണ്ണം, മദ്യപാനം, ഭക്ഷണശീലം എന്നിവയാണ് കാൻസറിനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. രോഗം വന്നശേഷം സുഖപ്പെടുത്തുന്നതിനേക്കാൾ ഉത്തമം രോഗപ്രതിരോധമാണ്. കാൻസർ മുക്ത ജീവിതത്തിനായി ചില ജീവിത, ഭക്ഷണ രീതികൾ ഉപേക്ഷിച്ചേ മതിയാകൂ. അവ ഇതാണ്:
കാൻസറിന് സാധ്യതയുള്ള ഏറ്റവും പ്രധാനവും സാധാരണവുമായ കാരണമാണ് പുകയിലയുടെ ഉപയോഗം. ലോകവ്യാപകമായി ഇതിനെതിരെ ബോധവത്കരണം നടക്കുന്നുവെങ്കിലും ഇതുവഴിയുള്ള കാൻസർ ബാധയും മരണവും വർധിക്കുകയാണ്. എന്നിരുന്നാലും പുകയിലക്കെതിരെയുള്ള യുദ്ധം തുടർന്നേ മതിയാകൂ.
അമിതവണ്ണത്തിന് പല കാരണങ്ങൾ ഉണ്ട്. എന്നാൽ ഇവ കാൻസറിന് പ്രധാനകാരണമായി മാറുന്നു. മികച്ച ശാരീരിക ക്ഷമതയും ആരോഗ്യവും നിലനിർത്തുകയാണ് ഇതുവഴിയുള്ള കാൻസറിനെ ചെറുക്കാനുള്ള പോംവഴി.
പാൻക്രിയാസ്, ഉദരം എന്നിവിടങ്ങളിലെ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് മദ്യപാനം. അമിതമദ്യപാനം കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. ദീർഘകാലാടിസ്ഥാനത്തിൽ മദ്യപാനം കരൾ കാൻസറിനു വഴിവെക്കും. വായ, തൊണ്ട, കുടൽ, മലാശയം, സ്തനം എന്നിവിടങ്ങളിലെ കാൻസറിനും മദ്യപാനം കാരണമാകാറുണ്ട്.
അമിതമായി വെയിൽ കൊള്ളുന്നത് ശരീരത്തിൽ അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ ഇടയാക്കുകയും ഇത് നോൺ മെലനോമ എന്ന ത്വക് കാൻസറിന് കാരണമാവുകയും ചെയ്യും. അമിതമായി അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് ത്വക്കിലെ ഡി.എൻ.എയുടെ നാശത്തിന് കാരണമാവുകയും ഇത് കോശങ്ങളുടെ അമിതവളർച്ചക്ക് കാരണമായി കാൻസറിലേക്ക് എത്തിക്കുകയും ചെയ്യും.
ചുവന്നതും സംസ്ക്കരിച്ചതുമായ മാംസം കാൻസർ ക്ഷണിച്ചുവരുത്തും. മാംസം നിർബന്ധമായവർക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെറിയ അളവിൽ നിയന്ത്രിക്കുന്നത് ഗുണകരമായിരിക്കും. ശീതികരിച്ചതും മസാലയിട്ടതും ഉപ്പിട്ടതുമായി വിവിധ രീതിയിൽ സൂക്ഷിച്ച മാംസം വാങ്ങി കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കും.
സ്ത്രീകളിൽ ആണ് ടാൽക്കം പൗഡറിന്റെ ഉപയോഗം കൂടുതലായി കാണുന്നത്. ആർത്തവകാലത്ത് ടാൽക്കം പൗഡർ ഉപയോഗിക്കുന്നത് എൻഡോമെട്രിയൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും.
മധുരം അമിതമായി ഉപയോഗിച്ച സോഡ ഇനത്തിലുള്ളതും അല്ലാത്തതുമായ പാനീയങ്ങൾ സ്ത്രീകളിൽ എൻഡോമെട്രിയൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. ഇവയുടെ ഉപയോഗം ശരീത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും അമിതവണ്ണത്തിനും ഗർഭാശയം, മൂത്രാശയ, പാൻക്രിയാസ്, സ്തനം എന്നിവിങ്ങളിലെ കാൻസറിനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. ഇത്തരം പാനീയങ്ങളുടെ ഉപേയാഗം പരമാവധി ചുരുക്കുകയാണ് പ്രതിവിധി.
ഭക്ഷണത്തിലെ അമിത അളവിലുള്ള ഉപ്പ് പ്രയോഗം വയറിലെ കാൻസറിന് കാരണമാകും. ശരീരത്തിന് ആവശ്യമുള്ള സോഡിയം ഭക്ഷണത്തിൽ നിന്ന് തന്നെ സ്വീകരിക്കും. അതിനാൽ യഥാർഥത്തിൽ ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിക്കേണ്ടതില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam