ആ രാജകീയ വിവാഹത്തിന് മേഗനെത്തിയത് രാജ്ഞിയുടെ സമ്മാനവുമായി

By Web DeskFirst Published May 20, 2018, 9:11 AM IST
Highlights
  • സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന മേഗന്റെ ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയായി വിവാഹദിനം 

ലണ്ടന്‍:  രാജകീയ വിവാഹത്തിന്റെ തീയതി തീരുമാനിച്ചപ്പോൾ മുതൽ എല്ലാവരും കാത്തിരുന്നത് മേഗന്റെ വിവാഹവസ്ത്രത്തിനായാണ്. അവസാന നിമിഷം വരെ സസ്പെൻസ് കാത്തുസൂക്ഷിച്ചശേഷം മേഗൻ അണിഞ്ഞത് ജിവൻഷിയുടെ ഡിസൈനർ ഗൗൺ ആയിരുന്നു.

രാജവധുക്കളുടെ പാരമ്പര്യമായ വെള്ള വിവാഹവസ്ത്രം തുടങ്ങിവച്ചത് വിക്ടോറിയ രാജ്ഞിയാണ്. വിവാഹദിവസത്തിന്റെയും കേക്കിന്റെയും കാര്യത്തിൽ പാരമ്പര്യം തെറ്റിച്ചെങ്കിലും വെള്ള ഗൗണിൽ മാറ്റമുണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ ആര് ഡിസൈൻ ചെയ്യുമെന്നും എങ്ങനെയുള്ള ഗൗണെന്നതും അവസാനനിമിഷം വരെ രഹസ്യമായിരുന്നു.

ഫ്രഞ്ച് ഫാഷൻ ഹൗസായ ജിവൻഷിയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായ ക്ലെയര്‍ വെയ്റ്റ് കെല്ലര്‍  ആണ് മേഗന് വേണ്ടി ബോട്ട് നെക്ക് ഗൗൺ തയ്യാറാക്കിയത്. ജിവൻഷിയുടെ ആർട്ടിസ്റ്റിക് ഡയറക്ടറാകുന്ന ആദ്യത്തെ വനിത കൂടിയാണ് ബ്രിട്ടിഷുകാരിയായ ക്ലെയർ. സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന മേഗന്റെ ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയായി കണക്കാക്കപ്പെടുന്നുണ്ട് ക്ലെയറിനെ തെരഞ്ഞെടുത്ത നടപടി. 

5 മീറ്റർ നീളമുള്ള സിൽക് മൂടുപടമാണ് മേഗൻ അണിഞ്ഞത്. അതിനുമുണ്ടായിരുന്നു ഒരു പ്രത്യേകത, 53 കോമൺവെൽത്ത് രാജ്യങ്ങളിലെ പൂക്കളുടെ ചിത്രങ്ങൾ തയ്ച്ചു ചേർത്തതായിരുന്നു മൂടുപടം. അതും മേഗന്റെ നി‍ദ്ദേശമായിരുന്നുവെന്നാണ് റിപ്പോർട്ട്. കെൻസിംഗ്ടൺ കൊട്ടാരത്തിലെ വിന്റർസ്വീറ്റ് പൂക്കളും മേഗൻ ജനിച്ച കാലിഫോർണിയയിലെ പോപ്പിപ്പൂക്കളും ഈ മൂടുപടത്തില്‍ തുന്നിച്ചേര്‍ത്തിരുന്നു. ഈ മൂടുപടം തയ്യാറാക്കാൻ ദിവസങ്ങളെടുത്തു എന്നാണ് റിപ്പോർട്ട്.

 

മൂടുപടം ഉറപ്പിക്കാൻ അണിഞ്ഞ ടിയാര എലിസബത്ത് രാജ്ഞി മേഗന് നൽകിയതാണ്. 10 വജ്രങ്ങൾ പതിച്ച ഒരു ബ്രൂച്ചുമുണ്ടായിരുന്നു ടിയാരയുടെ നടുവിൽ. അത് 1893ൽ രാജ്ഞിയായ മേരിക്ക് കിട്ടിയ വിവാഹസമ്മാനമായിരുന്നു. 

 

കാര്‍ട്ടിയര്‍ ഡിസൈൻ ചെയ്തതായിരുന്നു മേഗൻ ധരിച്ച കമ്മലും ബ്രേസ്ലെറ്റും. ഹെയർസ്റ്രിലന്റെ ചുമതല സേര്‍ജ് നോമാര്‍ന്റനായിരുന്നു. മേക്അപ്  ചെയ്തത് സുഹൃത്തായ ഡാനിയല്‍ മാര്‍ട്ടിനും . ഹാരി തന്നെ ഇറുത്തെടുത്ത പൂക്കളായിരുന്നു മേഗന്റെ പൂച്ചെണ്ടില്‍ വച്ചിരുന്നത്. ഡയാന രാജുകുമാരിക്ക് പ്രിയപ്പെട്ട ഫോര്‍ഗെറ്റ് മീ നോട്ട്സ് വിഭാഗത്തില്‍ പെടുന്ന പൂക്കളായിരുന്നു ഇവയില്‍ കൂടുതലും പിന്നെ ലില്ലി പൂക്കളും മിര്‍ട്ടില്‍ പൂക്കളും പൂച്ചെണ്ടില്‍ ഉണ്ടായിരുന്നു.  

എല്ലാത്തരം വസ്ത്രങ്ങളും , വിലകൂടിയതും കുറ‍ഞ്ഞതും ധരിക്കാനറിയുന്ന മേഗനെ അക്കാര്യത്തിൽ മിഷേൽ ഒബാമയോടാണ് ഫാഷൻ ലോകം താരതമ്യം ചെയ്യുന്നത്. മേഗൻ ധരിക്കുന്നതെന്തും ഫാഷൻ പ്രേമികൾ ഏറ്റെടുക്കുന്ന സ്ഥിതിക്ക് വിവാഹത്തിന് തെരഞ്ഞെടുത്ത ബ്രാൻഡുകൾക്ക് ഇനി നിന്നുതിരിയാൻ സമയമുണ്ടാവില്ലെന്ന് ചുരുക്കം.

click me!