പുരുഷവന്ധ്യതയ്‌ക്ക് പുതിയൊരു കാരണം കൂടി

By Web DeskFirst Published Jul 2, 2017, 3:09 PM IST
Highlights

ഇക്കാലത്ത് കൂടതല്‍പേരെ അലട്ടുന്ന ആരോഗ്യപ്രശ്‌നമായി വന്ധ്യത മാറിക്കഴിഞ്ഞു. സ്‌ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയ്‌ക്ക് പ്രത്യേകം കാരണങ്ങളാണുള്ളത്. ജീവിതശൈലിയിലുണ്ടായ മാറ്റം, തെറ്റായ ഭക്ഷണശീലം, ഹോര്‍മോണ്‍ വ്യതിയാനം ഉള്‍പ്പടെ ശാരീരികമായ പ്രശ്നങ്ങള്‍, ജീവിതചുറ്റുപാടിലുള്ള പ്രശ്‌നങ്ങള്‍, ലൈംഗികപ്രശ്‌നങ്ങള്‍ എന്നിവയൊക്കെ വന്ധ്യതയ്‌ക്ക് കാരണമാണ്. എന്നാല്‍ പുരുഷന്‍മാരിലെ വന്ധ്യതയ്‌ക്ക് പുതിയൊരു കാരണം കൂടി കണ്ടെത്തിയിരിക്കുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷം പുരുഷന്‍മാരില്‍ വന്ധ്യതയുണ്ടാക്കുമെന്നാണ് ദക്ഷിണകൊറിയയിലെ സോള്‍ നാഷണല്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്. രാത്രിയില്‍ അമിതമായ ശബ്ദം കേള്‍ക്കേണ്ടിവരുന്നത് പുരുഷന്‍മാരിലെ ബീജത്തിന്റെ എണ്ണം കുറയ്‌ക്കുകയും ഗുണനിലവാരം ഇല്ലാതാക്കുകയും ചെയ്യുന്നു. വന്ധ്യതയുടെ ഇതുവരെ അറിയപ്പെടാതിരുന്ന പ്രധാന കാരണങ്ങളിലൊന്നാണിതെന്ന് ഗവേഷകസംഘം പറയുന്നു. വരുംകാലങ്ങളില്‍ ശബ്ദമലിനീകരണം കൂടുമെന്നതിനാല്‍, ഇതുമൂലമുള്ള വന്ധ്യതയും കൂടും. സ്വാഭാവികമായ ഗര്‍ഭധാരണം നടക്കാത്ത സ്ഥിതി കൂടുതലായി ഉണ്ടാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ജിന്‍ യോങ് മിന്‍ പറയുന്നു. സ്‌ത്രീകളിലും അമിതശബ്ദം വന്ധ്യതയും ഗര്‍ഭധാരണം സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പൂര്‍ണ വളര്‍ച്ചയെത്താതെയുള്ള പ്രസവം, അബോര്‍ഷന്‍ എന്നിവയ്‌ക്കും ഇത് കാരണമാകാറുണ്ട്. കൂടാതെ, അമിത ശബ്ദം, ഹൃദ്രോഗം, മാനസികരോഗം എന്നിവയ്‌ക്കും കാരണമാകുന്നതായി പഠനസംഘം കണ്ടെത്തി.

click me!