രക്തസമ്മര്‍ദ്ദം കുറയ്ക്കാം, ഒപ്പം വയറും ക്ലീനാക്കാം....

By Web TeamFirst Published Feb 6, 2019, 4:55 PM IST
Highlights

പൊതുവേ മസാല ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങളില്‍ ചേര്‍ക്കാന്‍ മാത്രമാണ് നമ്മളിത് ഉപയോഗിക്കാറ്. എന്നാല്‍ ഇത് പലരീതിയിലും നമുക്ക് ഉപയോഗപ്പെടുത്താവുന്ന ഒന്നാണ്. മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിങ്ങനെ ശരീരത്തിനാവശ്യമായ പല ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു.
 

ബി.പി (രക്തസമ്മര്‍ദ്ദം) ഉള്ളവര്‍ സാധാരണഗതിയില്‍ ഭക്ഷണത്തില്‍ സോഡിയത്തിന്റെ അളവ് (ഉപ്പ്) ആണ് നിയന്ത്രണത്തില്‍ വയ്ക്കാറ്. എന്നാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണസാധനങ്ങളുണ്ടെങ്കിലോ? ബി.പി നിയന്ത്രിക്കുക മാത്രമല്ല, വേറെ പല ആരോഗ്യഗുണങ്ങളുമുള്ള ഒരു സ്‌പൈസിനെ കുറിച്ചാണ് പറയുന്നത്. 

ജാതിക്കയെ കുറിച്ചാണ് പറയുന്നത്. സ്‌പൈസുകളുടെ കൂട്ടത്തില്‍ തന്നെ വളരെ പ്രാധാന്യമുള്ള ഒന്നാണിത്. പൊതുവേ മസാല ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങൾക്ക് വേണ്ടി മാത്രമാണ് നമ്മളിത് ഉപയോഗിക്കാറ്. എന്നാല്‍ ഇത് പലരീതിയിലും നമുക്ക് ഉപയോഗപ്പെടുത്താവുന്ന ഒന്നാണ്. മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിങ്ങനെ ശരീരത്തിനാവശ്യമായ പല ഘടകങ്ങളും ജാതിക്കയിലടങ്ങിയിരിക്കുന്നു. ഇതിന്റെ വിവിധ ഗുണങ്ങളെന്തെല്ലാമെന്ന് നോക്കാം.

ഒന്ന്...

ശരീരവേദനയകറ്റാന്‍ ജാതിക്ക സഹായകമാണ്. എങ്ങനെയെന്നല്ലേ? ജാതിയുടെ എണ്ണ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് വേദനയുള്ളയിടത്ത് നന്നായി പുരട്ടുക. അല്‍പനേരത്തിനകം തന്നെ വേദനയ്ക്ക് ആക്കം ലഭിക്കും.

രണ്ട്...

നല്ലരീതിയില്‍ ഉറക്കം ലഭിക്കാനും ജാതിക്ക ഉപയോഗിക്കാം. അല്‍പം പാലില്‍ ജാതിക്കയുടെ പൊടി ഒരു നുള്ള് ചേര്‍ത്ത് കിടക്കാന്‍ പോകുന്നതിന് മുമ്പായി കുടിക്കുക. സുഖകരമായ ഉറക്കത്തിന് ഇത് ഉപകരിക്കും. 

മൂന്ന്...

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉഷാറാക്കാനും ജാതിക്കയ്ക്കാവും. ഓര്‍മ്മശക്തി നിലനിര്‍ത്താനും ഇത് ഉപകരിക്കും. ഇതിന് ഒരു നുള്ള് ജാതിക്കാപ്പൊടി ചൂടുള്ള ചായയിലോ കാപ്പിയിലോ ഒക്കെ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. 

നാല്...

ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കാനും ജാതിക്കയ്ക്ക് കഴിവുണ്ട്. മലബന്ധം, വയറ് കെട്ടിവീര്‍ക്കുന്നത്, ഗ്യാസ്ട്രബിള്‍ എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്ക് തീര്‍ച്ചയായും ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്. 

അഞ്ച്...

ജാതിക്കയിലടങ്ങിയിരിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. അതുപോലെ തന്നെ കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിവുള്ള ഘടകങ്ങള്‍ വേറെയും ജാതിക്കയില്‍ അടങ്ങിയിരിക്കുന്നു.
 

click me!