സ്തനാര്‍ബുദത്തെ തടയാന്‍ മാതളം; മാതളത്തിന്റെ അഞ്ച് ഗുണങ്ങള്‍...

By Web TeamFirst Published Jan 11, 2019, 10:45 PM IST
Highlights

മാതളത്തിന്റെ ചെറിയ വിത്തുകളാണ് ഇതിന്റെ സവിശേഷമായ ഭാഗം. ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ക്യാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്

നമ്മള്‍ പലപ്പോഴും പഴങ്ങള്‍ കഴിക്കുന്നത് ഭക്ഷണത്തിന് ശേഷമോ അല്ലെങ്കില്‍ പ്രധാനപ്പെട്ട രണ്ട് നേരത്തെ ഭക്ഷണത്തിന് ഇടയ്ക്കുള്ള സമയങ്ങളിലോ ആണ്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് സമാനമായി, അത്രയും തന്നെ ഗുണങ്ങളുള്ള പഴമാണ് കഴിക്കുന്നതെങ്കില്‍ പിന്നെ കൂടുതല്‍ വിഭവങ്ങളെ പറ്റിയൊന്നും ഓര്‍ക്കേണ്ട. ഡയറ്റിംഗ് സൂക്ഷിക്കുന്നവര്‍ക്കും ഇതൊരു എളുപ്പവഴിയാണ്. 

ഇത്തരത്തില്‍ നിരവധി ഗുണങ്ങളുള്ള ഒരു പഴമാണ് മാതളം. ദിവസത്തില്‍ ഒരു മാതളം കഴിച്ചാല്‍ മതി, പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ക്രമേണയുള്ള പ്രതിവിധിയാകാന്‍. മാതളത്തിന്റെ പ്രധാനപ്പെട്ട അഞ്ച് ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. 

ഒന്ന്...

ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാനാണ് മാതളം ഏറ്റവുമധികം സഹായിക്കുന്നത്. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ്, ഹൃദയത്തെ ഇത് പ്രതികൂലമായി ബാധിക്കും. എന്നാല്‍ മാതളത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ധമനികളെ വൃത്തിയാക്കുന്നു. 

രണ്ട്...

സന്ധിവേദനയ്ക്ക് പരിഹാരം കാണാനും ഒരു പരിധി വരെ മാതളത്തിനാകും. ഇതിനും മാതളത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് സഹായകമാകുന്നത്. അതിനാല്‍ സന്ധിവാതം ഉള്ളവര്‍ക്ക് ഒരു മരുന്നുപോലെ തന്നെ ദിവസവും മാതളം കഴിക്കാവുന്നതാണ്. 

മൂന്ന്...

മാതളത്തിന്റെ ചെറിയ വിത്തുകളാണ് ഇതിന്റെ സവിശേഷമായ ഭാഗം. ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ക്യാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. പ്രധാനമായും സ്തനാര്‍ബുദത്തെ തടയാനാണ് മാതളത്തിനാവുക. ക്യാന്‍സര്‍ കോശങ്ങളെ തകര്‍ത്തുകളയാന്‍ ശേഷിയുള്ള 'ഒമേഗ- 5 പോളി സ്ച്വറേറ്റഡ് ഫാറ്റി ആസിഡ്' മാതളത്തിലുണ്ട്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദത്തെ തടയാനും ഇത് ഏറെ സഹായകമാണ്. 

നാല്...

രക്തസമ്മര്‍ദ്ദം ഉയരാതെ കാക്കാനും മാതളത്തിനാകും. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദമുള്ളവര്‍ത്ത് തങ്ങളുടെ ഡെയ്‌ലി ഡയറ്റില്‍ മാതളം കൂടി ഉള്‍പ്പെടുത്താവുന്നതാണ്. ഇത് ജ്യൂസാക്കി (മധുരം ചേര്‍ക്കാതെ) കഴിക്കുന്നതും ഫലപ്രദം തന്നെ. 

അഞ്ച്...

നിത്യജീവിതത്തില്‍ നമുക്ക് എളുപ്പത്തില്‍ പിടിപെട്ടേക്കാവുന്ന അസുഖങ്ങളില്‍ മുക്കാല്‍ പങ്കും ബാക്ടീരിയകള്‍ മൂലമുണ്ടാകുന്നവയാണ്. മാതളത്തിനുള്ള 'ആന്റിബാക്ടീരിയല്‍' സവിശേഷത ഈ സാധ്യതകളെ തള്ളുന്നു. ബാക്ടീരിയകളുടെ ആക്രമണത്തില്‍ നിന്ന് മുക്തി നേടുകയെന്നാല്‍ ആരോഗ്യത്തോടെ ഇരിക്കുകയെന്നതാണ് അര്‍ത്ഥം. അതിനാല്‍ ആരോഗ്യത്തോടെയിരിക്കാന്‍ പരമാവധി ഡയറ്റില്‍ ഒരു മാതളം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

click me!