ഭക്ഷണസാധനങ്ങള്‍ പത്രക്കടലാസില്‍ പൊതിയുന്നത് നിരോധിച്ചു

By Web DeskFirst Published Dec 8, 2016, 8:34 AM IST
Highlights

ബയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍, നിറങ്ങള്‍ തുടങ്ങി മനുഷ്യരുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അച്ചടിമഷിയില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ പത്രക്കടലാസില്‍ പൊതിയുമ്പോള്‍ ഈ രാസ പദാര്‍ത്ഥങ്ങള്‍ അവയില്‍ കലരുകയും മനുഷ്യരിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാന്‍ പത്രകടലാസുകളില്‍ ഭക്ഷ്യ സാധനങ്ങള്‍ പൊതിഞ്ഞ് നല്‍കുന്നത് വിലക്കുകയാണെന്നാണ് ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോരിറ്റി അറിയിക്കുന്നത്. പ്രായമായവരിലും കുട്ടികളിലും ക്യാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ വരെ വരുന്നതിന് ഈ രാസ പദാര്‍ത്ഥങ്ങള്‍ കാരണമകുമെന്ന് അതോരിരറ്റി പറയുന്നു. ചെറുകിട ഹോട്ടലുകളിലും തട്ടുകടകളിലും ഇത്തരത്തിലാണ് ഇപ്പോഴും ഭക്ഷ്യ സാധനങ്ങള്‍ പൊതിഞ്ഞ് നല്‍കുന്നതെന്നും ഇത് നിര്‍ത്തലാക്കണമെന്നും ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോരിറ്റി അറിയിച്ചു

ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശിങ്ങളിലേയും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് അതോരിറ്റി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 1.25 കോടി തട്ടുകടകളാണ് ഇന്ത്യയിലുള്ളത്. പത്രകടലാസില്‍ പൊതിയുന്നത് വിലക്കുന്നതിനോടൊപ്പം ശക്തമായ ബോധവത്കരണവും ഈ വിഷയത്തില്‍ വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്ന കടയുടമകള്‍ക്കെതിരെ എന്ത് ശിക്ഷാ നടപടിയാണ് സ്വീകരിക്കുകയെന്ന കാര്യം ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോരിറ്റി അറിയിച്ചിട്ടില്ല.

click me!