
ഒാരോ വർഷം പിറക്കുമ്പോഴും ഒാരോ തീരുമാനങ്ങളെടുത്താണ് പലരും മുന്നോട്ടുപോകാറുള്ളത്. എന്നാൽ മിക്കവർക്കും അതിൽ ഉറച്ചുനിൽക്കാനും കഴിയാറില്ല. ഇൗ പുതുവർഷത്തിൽ ആരോഗ്യകാര്യത്തിൽ ചിലതീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കണം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത്തരം തീരുമാനങ്ങളും അതുപ്രകാരം ജീവിതം നയിക്കുന്നതും അവരുടെ ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്. പ്രത്യേകിച്ചും അമ്മയാകാൻ ആഗ്രഹിക്കുന്നവർ ഗർഭധാരണത്തിന് ജീവിത ശൈലിയിൽ കൃത്യമായ ക്രമീകരണം വരുത്തണമെന്നാണ് വന്ധ്യതാനിവാരണ വിദഗ്ദരായ ഡോക്ടർമാർ നിർദേശിക്കുന്നത്. സ്ത്രീകൾക്കായി അത്തരം ചില നിർദേശങ്ങളും മുന്നറിയിപ്പുകളും ഇതാ:
പലരും വളരെ വൈകിയും ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പുമായാണ് ഭക്ഷണം കഴിക്കുന്നത്. ഗർഭിണിയാകാൻ ഒരുങ്ങുന്ന സ്ത്രീകളെ സംബന്ധിച്ച് വിറ്റാമിൻ, ധാതുക്കൾ എന്നിവ അടങ്ങിയ നിയന്ത്രണമുള്ള ഭക്ഷണക്രമം പ്രധാനമാണ്. വിറ്റാമിൻ സിയുടെയും പ്രോട്ടിനിന്റെയും സാന്നിധ്യം ഗർഭധാരണ സാധ്യത വർധിപ്പിക്കുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചുനിർത്തണം. സാലഡുകളും പഴങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വ്യായാമത്തിന് നടത്തത്തേക്കാൾ മികച്ച വഴികളില്ല. ഹൃദയ ആരോഗ്യത്തെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു വ്യായാമവും നിർദേശിക്കാനില്ല. വന്ധ്യതാ നിവാരണ ചികിത്സ തേടുന്നവർക്ക് ഇത്തരം വ്യായാമങ്ങൾ പ്രധാനമാണ്. പ്രഭാത നടത്തവും സായാഹ്ന നടത്തവും പതിവാക്കുന്നത് ഏറെ ഗുണകരമാണ്.
മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ഥലങ്ങളിൽ നിന്ന് കഴിവതും മാറിനിൽക്കുക. മനസിനെ ശുദ്ധിയാക്കി പത്ത് മുതൽ 20 മിനിറ്റ് വരെ ശ്വാസോഛോസത്തിൽ ശ്രദ്ധപുലർത്തുക. ഇത് ദിവസവും പിന്തുടരുന്നത് മാനസിക, ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തും. കടലിന്‍റെ തിരയിളക്കം, വെള്ളച്ചാട്ടം, മഴക്കാടുകളിലെ ശബ്ദം തുടങ്ങിയവയെല്ലാം സമ്മർദം കുറക്കാൻ സഹായകമാണ്.
സ്വാഭാവിക ഗർഭധാരണമാണ് എപ്പോഴും നല്ലത്. നമ്മുടെ ശരീരത്തിന്റെ പ്രവർത്തന സമയങ്ങളെ ആന്തരികമായി നിയന്ത്രിക്കുന്ന ജൈവഘടികാരത്തിന്റെ പ്രവർത്തനം സന്തുലിതമാണെന്ന് ഉറപ്പുവരുത്തണം. സ്ത്രീകൾക്ക് അവരുടെ 20കളിൽ ആണ് ഗർഭധാരണത്തിന് എളുപ്പം. 35ന് ശേഷം ഗർഭധാരണം പ്രയാസകരമാണ്. ഇതെക്കുറിച്ചുള്ള അവബോധവും തീരുമാനവും പ്രധാനമാണ്.
രാത്രിയിൽ പ്രത്യേകിച്ചും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം. ഇവയിൽ നിന്നുള്ള റേഡിയേഷൻ നിങ്ങളിലെ ഗർഭധാരണ സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഫോണിലും ലാപ്ടോപ്പിലും ഉപയോഗിക്കുന്ന സമയം മറ്റ് രീതിയിൽ ക്രിയാത്മകമായി വിനിയോഗിക്കുക.
നല്ല ഭക്ഷണം കഴിച്ചാലും പലർക്കും മോശം ദഹനവ്യവസ്ഥയായിരിക്കും. അതിനാൽ മികച്ച പോഷണം ഭക്ഷണത്തിൽ നിന്ന് ലഭിക്കാതെ വരും. ഇത് എല്ലുകളുടെ ശക്തിയെ തന്നെ ബാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam