
ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തെ പല രീതിയിലാണ് ബാധിക്കുക. ക്രമേണ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടായേക്കാം. രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, വിഷാദം, ഉത്കണ്ഠ എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്.
എന്നാല്‍ പതിവായി ഉറക്കം നഷ്ടമാകുന്നത് പിന്നീട് മറവിരോഗത്തിന് (അല്‍ഷിമേഴ്‌സ്) വഴിവയ്ക്കുമെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്. സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകരാണ് ഈ വിഷത്തില്‍ പഠനം നടത്തിയത്.
ഉറക്കമില്ലാതാകുമ്പോള്‍ മറവിരോഗത്തിന് കാരണമാകുന്ന പ്രോട്ടീന്റെ അളവ് വര്‍ദ്ധിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ഈ പ്രോട്ടീന്‍ പൂര്‍ണ്ണ ആരോഗ്യവാനായ ഒരാളുടെ തലച്ചോറിനകത്തും ഉണ്ടായിരിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് ഒന്നിച്ചുകൂടി അടുത്തുള്ള കോശങ്ങളെയെല്ലാം നശിപ്പിക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും.
ഒരേയൊരു രാത്രി ഉറക്കം നഷ്ടപ്പെടുന്നത് പോലും ഏതാണ്ട് 50 ശതമാനത്തോളം അധികം ഈ പ്രോട്ടീനെ ഉത്പാദിപ്പിക്കുമെന്ന് പഠനം അവകാശപ്പെടുന്നു. ഉറങ്ങാതിരിക്കുന്നത് സ്‌ട്രെസ് കൂട്ടുകയും അതോടൊപ്പം തന്നെ എളുപ്പത്തില്‍ ക്ഷോഭിക്കുന്ന സ്വഭാവത്തിലേക്ക് നമ്മളെ എത്തിക്കുകയും ചെയ്യുന്നു. കടുത്ത തലവേദനയ്ക്കും ഇത് ഇടയാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam