
സ്വന്തം നെഞ്ച് തുളച്ച് മകള്‍ക്ക് ശ്വാസം നല്‍കിയ അച്ഛന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓണ്‍ലൈന്‍ ലോകത്ത് ശ്രദ്ധനേടുകയാണ് ഈ അച്ഛനും മകളും. ഗര്‍ഭാവസ്ഥ പൂര്‍ണ്ണമാകുന്നതിന് മുന്‍പ് ജനിച്ച മകള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായതോടെ സ്വന്തം ശ്വസന നാളിയില്‍ നിന്ന് ജീവവായു പകര്‍ന്നു നല്‍കാന്‍ അച്ഛന്‍ തയാറായതാണ് വാര്‍ത്ത. വാര്‍ത്തയുടെ
ആധികാരികത വ്യക്തമല്ലായിരുന്നു. വൈദ്യശാസ്ത്രത്തില്‍ ഇത്തരമൊരു രീതി ഉണ്ടോ എന്നും സ്ഥിരീകരിച്ചിട്ടില്ല.
പ്രമുഖ സ്റ്റണ്ട് ഡയറക്ടറായ പീറ്റര്‍ ഹെയ്ന്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച റിപ്പോര്‍ട്ട് ആധികാരികത പരിശോധിക്കാതെ വൈറലാവുകയും ചെയ്തു. അതേസമയം, വാര്‍ത്തയുടെ വാസ്തവം ആരോഗ്യരംഗത്തെ വിദഗ്ധര്‍ തന്നെ പുറത്തുവിട്ടു.
ഒരു വര്‍ഷം മുന്‍പ് പുറത്തുവന്ന ജിം ബാക്ക്‌വുഡ്-സാന്‍ഷെസ് ദമ്പതികളുടെ കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇന്‍ക്യുബറേറ്ററിന്റെ സഹായത്തോടെയുളള പരിചരണം നല്‍കാന്‍ പറ്റാതെ വരുമ്പോള്‍ കുഞ്ഞിന് സ്വാഭാവിക ചൂട് നല്‍കാനുള്ള ശ്രമമായ കങ്കാരൂ മദര്‍ കെയര്‍ എന്ന പരിചരണ രീതിയുടെ ചിത്രമായിരുന്നു അത്. കുട്ടിയുടെ തലയില്‍ ട്യൂബുകളും മറ്റും പ്ലാസ്റ്റര്‍ കൊണ്ട് ഒട്ടിച്ചതിനാല്‍ തല അച്ഛന്റെ നെഞ്ചിന്റെ ഉള്ളില്‍ ആണെന്ന തരത്തിലാണ് ചിത്രം വ്യാഖ്യാനിക്കപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam