വീട്ടില്‍ വളര്‍ത്തുനായ്ക്കളുള്ളവര്‍ സൂക്ഷിക്കുക; പതിയിരിക്കുന്ന അപകടം തിരിച്ചറിയുക!

By Web TeamFirst Published Sep 19, 2018, 9:18 PM IST
Highlights

ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിവിധയിനം ബാക്ടീരിയകള്‍ വളര്‍ത്തുനായ്ക്കള്‍ ജീവിക്കുന്ന സാഹചര്യത്തിലുണ്ടെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. മാരകമായ ഈ ഈ ബാക്ടീരിയകള്‍ എങ്ങനെയാണ് വളരുന്നതെന്ന് അന്വേഷിച്ച ഗവേഷകര്‍ ഒടുവില്‍ അതിന്റെ ഉറവിടവും കണ്ടെത്തി

മാസങ്ങള്‍ക്ക് മുമ്പ് കോപെന്‍ഹെയ്ഗന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് വളര്‍ത്തുനായ്ക്കളില്‍ നിന്ന് മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ പലയിടങ്ങളിലായി നടന്നത്. ലണ്ടനിലെ ഹാര്‍ട്ട്പ്യൂരി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. 

വളരെ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിവിധയിനം ബാക്ടീരിയകള്‍ വളര്‍ത്തുനായ്ക്കള്‍ ജീവിക്കുന്ന സാഹചര്യത്തിലുണ്ടെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇത് നായ്ക്കള്‍ക്കും മനുഷ്യര്‍ക്കും വീട്ടിലെ മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കുമെല്ലാം ഭീഷണിയാകുന്നു. 

ഒരുപക്ഷേ മരണത്തിന് വരെ കാരണമായേക്കാവുന്ന മാരകമായ ഈ ഈ ബാക്ടീരിയകള്‍ എങ്ങനെയാണ് വളരുന്നതെന്ന് അന്വേഷിച്ച ഗവേഷകര്‍ ഒടുവില്‍ അതിന്റെ ഉറവിടവും കണ്ടെത്തി. വളര്‍ത്തുനായ്ക്കള്‍ക്ക് വെള്ളം നല്‍കുന്ന പാത്രമാണത്രേ ബാക്ടീരിയകളുടെ വളര്‍ത്തുകേന്ദ്രം. പ്ലാസ്റ്റിക്- സെറാമിക്- സ്റ്റീല്‍ പാത്രങ്ങളിലെ ബാക്ടീരിയകളുടെ അളവ് പഠനസംഘം വിലയിരുത്തി. മൂന്ന് തരത്തിലുള്ള പാത്രങ്ങളിലും ബാക്ടീരിയകള്‍ വളരുന്നുണ്ട്. എന്നാല്‍ താരതമ്യേന പ്ലാസ്റ്റിക് പാത്രങ്ങളാണ് കൂടുതല്‍ അപകടമുണ്ടാക്കുന്നത്. 

ഇ-കോളി, സാല്‍മോണല്ല, എം.ആര്‍.എസ്.എ എന്നീ ബാക്ടീരിയകളെയാണ് കണ്ടെത്തിയത്. ഛര്‍ദ്ദി, പനി, വയറിളക്കം, മൂത്രാശയ അണുബാധ, മെനിഞ്ചൈറ്റിസ് - തുടങ്ങിയവയാണ് ഇ- കോളിയുണ്ടാക്കുന്ന പ്രധാന രോഗങ്ങള്‍. പല തരത്തിലുള്ള പനികള്‍, കുടലിലെ അണുബാധ, ഭക്ഷ്യവിഷബാധ- തുടങ്ങിയവയാണ് സാല്‍മോണെല്ലയുണ്ടാക്കുന്ന പ്രധാന അസുഖങ്ങള്‍. എം.ആര്‍.എസ്.എ ആണെങ്കില്‍ ശരീരത്തിലെ വിവിധയിടങ്ങളില്‍ അണുബാധയുണ്ടാക്കും. ഇത്തരം അണുബാധകള്‍ ചികിത്സിച്ച് ഭേദമാക്കാനും വളരെ ബുദ്ധിമുട്ടാണ്.  

നായ്ക്കള്‍ക്ക് വെള്ളം നല്‍കുന്ന പാത്രങ്ങള്‍ കൃത്യമായി വൃത്തിയാക്കല്‍ മാത്രമാണ് ഇതിന് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഏക വഴി. വെള്ളം കെട്ടിവച്ചിരിക്കാന്‍ അനുവദിക്കരുത്. നായ്ക്കള്‍ വളരുന്ന സാഹചര്യം എല്ലായ്‌പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിക്കുക. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അതിന്റെ കാരണം കൃത്യമായി പരിശോധിച്ചറിയുകയും ചികിത്സ തേടുകയും വേണം. വൃത്തിഹീനമായ സാഹചര്യത്തില്‍ നായ്ക്കളെ വളര്‍ത്തുന്നത് മനുഷ്യര്‍ക്ക് മാത്രമല്ല, അവര്‍ക്കും അപകടമാണെന്നും തിരിച്ചറിയുക.
 

click me!