ക്യാന്‍സര്‍ വരാതിരിക്കാൻ ഈ പത്ത് കാര്യങ്ങള്‍ ശ്രദ്ധിക്കുക

By Web DeskFirst Published Jan 19, 2018, 8:48 PM IST
Highlights

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്.

മെച്ചപ്പെട്ട ചികില്‍സാ സൗകരങ്ങള്‍ ലഭ്യമാകുന്നുണ്ടെങ്കിലും നാള്‍ക്കുനാള്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുകയാണ്. തെറ്റായ ജീവിതശൈലിയാണ് ക്യാന്‍സറിന് കാരണമെന്നാണ് പറയുന്നത്. എന്തുകൊണ്ട് രോഗം വന്നു? ഇനിയെന്ത് ചെയ്യും എന്നുളള ചോദ്യങ്ങള്‍ അവിടെ നില്‍ക്കട്ടെ, ക്യാന്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

1. പുകവലി  ഒഴിവാക്കുക

ക്യാന്‍സറിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. ശ്വാസകോശം, വായ, തൊണ്ട, അന്നനാളം, ശൗബ്ദപേടകം, മൂത്രാശയം, വൃക്ക, പാൻക്രിയാസ് എന്നീ അവയവങ്ങളിലെ ക്യാന്‍സറുകളിൽ പുകയില പ്രധാന ഹേതുവാണ്. അതിനാല്‍ പുകവലി ശീലമുള്ളവർ നിര്‍ബന്ധമായി അത് ഉപേക്ഷിക്കുക. അതുപോലെ മറ്റൊന്നാണ് പാൻമസാല. നാക്ക്, കവിൾ, അണ്ണാക്ക് എന്നിവിടങ്ങളിൽ ക്യാന്‍സര്‍ ബാധിക്കുന്നതിന്‍റെ പ്രധാന കാരണവും പാൻമസാല തന്നെയാണ്. 

2. മദ്യം ഉപേക്ഷിക്കൂ

മദ്യം അമിതമായി കഴിക്കുന്നവരിൽ ശ്വാസകോശാർബുദം, ശബ്ദപേടകാർബുദം, അന്നനാള ക്യാന്‍സര്‍, കരൾ ക്യാന്‍സര്‍ എന്നിവ കൂടുതലായി കാണുന്നു. അമിത മദ്യപാനികളിൽ ലിവർ സിറോസിസ് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ലിവർ സിറോസിസ് പിന്നീട് ക്യാന്‍സറിലേക്ക് നയിക്കാനും സാധ്യതയുണ്ട്. 

3. മാംസഭക്ഷണം നിയന്ത്രിക്കുക

ബീഫ്, പോർക്ക്, മട്ടൺ തുടങ്ങിയ ചുവന്ന മാംസം നിയന്ത്രിക്കുക. ഇവയിൽ ധാരാളം മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ അത് കുടൽ ക്യാന്‍സറിന്‍റെ സാധ്യത വർധിപ്പിക്കും. ഇത് ധാരാളമായി കഴിക്കുന്നതു മൂലമുള്ള പൊണ്ണത്തടിയും കാൻസറിനു കളമൊരുക്കും. 

4. എണ്ണയിൽ വറുത്തവയോട് വിട

എണ്ണയിൽ വറുത്തവ ക്യാന്‍സറിന് കാരണമാകാറുണ്ട്. കൊഴുപ്പു കൂടൂന്നതുവഴി ഈസ്ട്രജൻ ഹോർമോണിന്‍റെ അളവിലും വ്യത്യാസം വരും. സ്തനാർബുദം, എൻഡോമെട്രിയൽ ക്യാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയിലൊക്കെ കൊഴുപ്പ് ഒരു ആപേക്ഷിക അപകടകാരിയായി പ്രവർത്തിക്കുന്നുണ്ട്. 

5. ഫാസ്റ്റ് ഫുഡ് വേണ്ടേ വേണ്ട

ഫാസ്റ്റ് ഫുഡിനോടാണ് ഇപ്പോള്‍ എല്ലാര്‍ക്കും പ്രിയം. എന്നാൽ ഇവ നിത്യഭക്ഷണമാക്കുന്നത് നന്നല്ല. ചിക്കൻ മാത്രമല്ല ബീഫ് ഫ്രൈയും മട്ടൻഫ്രൈയുമൊക്കെ അമിതമായി കഴിക്കുന്നത് അനാരോഗ്യത്തിനിടയാക്കും. 

6. പൊണ്ണത്തടി അരുത്

ശരീരത്തിന് അമിതമായി തടി കൂടാതിരിക്കാൻ ശ്രദ്ധിക്കണം. കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടി നിൽക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു. ഭക്ഷണനിയന്ത്രണം കൊണ്ടും വ്യായാമം കൊണ്ടും തടിക്കുറക്കുക. 

7. പഴങ്ങൾ കഴിക്കാം 

പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുക. ഇതുവഴി പോഷകങ്ങൾ ശരീരത്തിനു ലഭിക്കും. പച്ചക്കറികളിൽ നാരുകൾ ധാരാളമുള്ളതിനാൽ അതു ക്യാന്‍സര്‍ പ്രതിരോധത്തിനുതകും . 

8. വ്യായാമം 

വ്യായമം പതിവാക്കുക. പല ക്യാന്‍സറുകളും തടയാൻ വ്യായാമം നല്ലതാണ്. വ്യായാമത്തിലൂടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുക വഴി സ്തനാർബുദം , ഗർഭാശയാർബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വൻകുടൽ ക്യാന്‍സര്‍ എന്നിവയൊക്കെ ഒരു പരിധിവരെ തടയാം. 

9. ഉച്ചവെയിലിനെ ഒഴിവാക്കാം 

അൾട്രാവയലറ്റ് രശ്മികൾ അമിതമായി ശരീരത്തിൽ പതിക്കുന്നതാണു ത്വക്ക് ക്യാന്‍സറിനു കാരണം. നട്ടുച്ചവെയിലത്തു കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. അതിനു കഴിഞ്ഞല്ലെങ്കിൽ തന്നെ അധിക സമയം ഉച്ചവെയിൽ ചർമത്തിൽ വീഴാതിരിക്കാൻ നോക്കണം. 

10. മൊബൈൽ ഫോൺ അത്യാവശ്യത്തിനു മാത്രം 

മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നവരിൽ ക്യാന്‍സര്‍ സാധ്യതകൂടുമോ എന്നത് ഇപ്പോഴും തർക്കവിഷയമാണ്. ചില പഠനങ്ങളിൽ ഈ സാധ്യത ശരിയാണെന്നു സ്ഥാപിക്കുമ്പോൾ മറ്റു ചില പഠനങ്ങൾ ഇതു നിരാകരിക്കുന്നു. മൊബൈൽ ഫോണിന്റെ ഉപയോഗം കുട്ടികളിൽ പരമാവധി കുറയ്ക്കണം.

click me!