
പൊതുവില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരെ പോലെ തന്നെയാണ് അവരുടെ ലൈംഗികജീവിതവും മുന്നോട്ട് പോകുന്നത്. ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്ന തരത്തിലുള്ള ഘടകങ്ങളുമില്ല. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത്തരക്കാര്‍ ജാഗ്രത പാലിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.
രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി ഉയര്‍ന്ന ശേഷം, ഇതിനുള്ള ചികിത്സ തേടുന്ന സാഹചര്യങ്ങളിലാണ് പ്രധാനമായും ഡോക്ടര്‍മാര്‍ രോഗികളെ സെക്‌സില്‍ നിന്ന് വിലക്കാറുള്ളത്. പെടുന്നനെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്ക്, ഉദാഹരണത്തിന് ഹൃദയസംബന്ധമായ കുഴപ്പങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാലാണ് ഡോക്ടര്‍മാര്‍ ഇത് ചെയ്യുന്നത്.
രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമായെന്ന് ഉറപ്പുവരുത്താനാവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ തുടര്‍ന്ന് പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ രോഗിക്ക് ഡോക്ടര്‍ അനുമതി നല്‍കാറുള്ളൂ. ഈ സാഹചര്യമല്ലാതെ തന്നെ ചില സമയങ്ങളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ലൈംഗികതയെ ബാധിക്കാറുണ്ട്. അത് എങ്ങനെയെല്ലാമെന്ന് നോക്കാം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ലൈംഗികതയെ ബാധിക്കുന്നത്...
സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ ഒരുപക്ഷേ അത് നിങ്ങളുടെ ലൈംഗികജീവിതത്തെ മോശം രീതിയില്‍ ബാധിക്കാനിടയുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. നിരവധി പഠനങ്ങളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
പുരുഷനിലാണെങ്കില്‍ ലൈംഗികാവയവത്തിലേക്ക് രക്തമെത്തിക്കുന്നതില്‍ കുറവ് സംഭവിക്കുന്നതോടെയാണ് പ്രശ്‌നമുണ്ടാകുന്നത്. ഇത് ഉദ്ധാരണശേഷിയെ ബാധിക്കുന്നു. 'ദ ജേണല്‍ ഓഫ് യൂറോളജി' എന്ന പ്രസിദ്ധീകരണത്തില്‍ മുമ്പ് വന്ന ഒരു പഠനറിപ്പോര്‍ട്ട് പ്രകാരം പഠനത്തിനായി നിരീക്ഷിച്ച ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള 104 പുരുഷന്മാരില്‍ 71 പേര്‍ക്കും ഉദ്ധാരണപ്രശ്‌നമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുറവാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എങ്കിലും അത്രമാത്രം കുറവാണെന്ന് പറയാനും കഴിയില്ല. പുരുഷനില്‍ നിന്ന് വ്യത്യസ്തമായാണ് സ്ത്രീയെ ഇത് ബാധിക്കുന്നത്. ലൈംഗികബന്ധത്തിനിടെയുണ്ടാകുന്ന അസഹ്യമായ വേദനയാണ് സ്ത്രീകളില്‍ കാണുന്ന പ്രധാന പ്രശ്‌നം. ഇത് കൂടാതെ യോനീഭാഗങ്ങള്‍ വരണ്ടിരിക്കുന്നതും ഒരു പ്രശ്‌നമാണ്. ഇതും സ്ത്രീകളെ ലൈംഗികജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് ഇടയാക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാന്‍ കഴിക്കുന്ന ചിലയിനം മരുന്നുകളും ലൈംഗികശേഷിയെ ബാധിച്ചേക്കാം. ഇത് പുരുഷനെയാണ് സാധാരണഗതിയില്‍ ബാധിക്കുന്നത്. അതേസമയം ഇതിനെ നേരിടാന്‍ മറ്റ് ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശം കൂടി തേടേണ്ടതുണ്ടെന്നും ഓര്‍മ്മിക്കണം. അതല്ലാത്ത പക്ഷം ഇത് കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാനും ഇടയാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam