
അടരുവാൻ വയ്യ അവരിരുവർക്കും 104ൻ്റെ പൊൻപുലരിയിലും. ഒന്നിച്ചുജനിച്ചുവീണതുമുതൽ അവർ പിരിഞ്ഞിട്ടില്ല. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവുംപ്രായം കൂടിയ ഇരട്ടകൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും അവർക്ക് സ്വന്തം. ബെൽജിയത്തിലെ പിറെയും പോൾ ലാങ്കറോക്കുമാണ് നാഴികക്കല്ലായി മാറിയ ജന്മദിനം കഴിഞ്ഞ ദിവസം ആഘോഷിച്ചത്. നാല് വർഷം മുമ്പ് ശതാഭിഷിക്തരായ ഇരുവരും കോടതി മജിസ്ട്രേറ്റുമാരായി ഒന്നിച്ചാണ് ജീവിതത്തിലെ ഏറിയകാലവും കഴിഞ്ഞത്. ബെൽജിയൻ നഗരമായ ഗെൻറിന് പുറത്ത് ഇപ്പോൾ ഒരു നഴ്സിങ് റൂം പങ്കിട്ടാണ് ഇരുവരും കഴിയുന്നത്.
ഇരുവരും അവിവാഹിതരായാണ് ജീവിച്ചതും. കുട്ടികളും പേരക്കുട്ടികളും ഇല്ലാതെ പോയതിൽ കഴിഞ്ഞ വർഷം ലാങ്കറോക്ക് സഹോദരൻമാർ സങ്കടം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇരുവരും മികച്ച സുഹൃത്തുക്കൾ ആയതിൽ സന്തോഷവാൻമാരാണ്. ഒരു വർഷം കൂടി പിന്നിട്ടാൽ ഇരുവരും ലോകത്ത് ജീവിച്ച ഏറ്റവും പ്രായമേറിയ ഇരട്ടകൾ എന്ന ബഹുമതി അരക്കിട്ടുറപ്പിക്കും. അമേരിക്കയിലെ ഗ്ലെൻ, ഡെയിൽ മോയർ സഹോദരൻമാർക്കായിരുന്നു ആ റെക്കോർഡ്. 105ാം വയസിന് മുമ്പെ ഗ്ലെൻ മരണപ്പെടുകയായിരുന്നു. ആൺ പെൺ വ്യത്യാസമില്ലാതെ ലോകത്തെ മൊത്തത്തിൽ എടുക്കുമ്പോൾ 107 വയസ് വരെ ജീവിച്ച ജപ്പാനിലെ കിൻ നരിദ, ഗിൻ കാനി എന്നിവർക്കാണ് റെക്കോർഡ്. 2000ൽ കിൻ മരണപ്പെടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam