
സാധാരണയായി ഈ രോഗാവസ്ഥയ്ക്ക് ഔഷധ ചികിത്സ നല്കാറില്ല. ജീവിതശൈലികള്‍ മാറ്റം വരുത്തല്‍, ശ്വസന സഹായികളായുള്ള യന്ത്രങ്ങളുടെ ഉപയോഗം, സര്‍ജറി എന്നിവയാണ് സ്ലീപ് അപ്‌നിയയുടെ ചികിത്സയ്ക്കായി കൈകൊള്ളുന്ന മാര്‍ഗ്ഗങ്ങള്‍. രണ്ടു ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തിയാണ് സ്ലീപ് ആപ്‌നിയായ്ക്കുള്ള ചിക്തിസാരീതി സംവിധാനം ചെയ്തിരിക്കുന്നത്.
1. ഉറക്കത്തിനിടയ്ക്കും ക്രമമായ ശ്വാസോച്ഛ്വാസം നിലനിര്‍ത്തുക.
2. കൂര്‍ക്കം വലി, പകല്‍ സമയത്തെ ഉറക്കംതൂങ്ങല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ടുകളെ ഒഴിവാക്കുക.
സ്ലീപ് ആപ്‌നിയയോട് ബന്ധപ്പെട്ടുണ്ടാവുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, സ്‌ട്രോക്ക്, ഡയബറ്റിക്‌സ് (പ്രമേഹം) എന്നീ രോഗങ്ങള്‍ മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍ കുറയ്ക്കാനും ഈ ചികിത്സാരീതികൊണ്ട് സാധിക്കും.
നിങ്ങള്‍ സ്ലീപ് ആപ്‌നിയ എന്ന രോഗമുള്ള ആളാണെങ്കില്‍ നിങ്ങള്‍ സാധാരണയായി കാണാറുള്ള ഡോക്ടറെയോ ഏതെങ്കിലും നിദ്രാരോഗ വിദഗ്ദ്ധനെയോ (സ്ലീപ് സ്‌പെഷലിസ്റ്റ്) സമീപിച്ച് അവരുടെ അഭിപ്രായപ്രകാരം അനുയോജ്യമായ ചികിത്സാരീതി തിരഞ്ഞെടുക്കാവുന്നതാണ്. നിസ്സാരരീതിയിലുള്ളതാണ് രോഗാവസ്ഥയെങ്കില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തിയോ 'മൗത്ത് പീസ്' ഉപയോഗിച്ചോ മാറ്റാവുന്നതേയുള്ളു. മുതിര്‍ന്ന ആളുകള്‍ക്ക് ഏഴോ എട്ടോ മണിക്കൂറുകളെങ്കിലും ഉറക്കം ലഭിച്ചിരിക്കണം. കുട്ടികള്‍ക്ക് അതില്‍ കൂടുതലും. സാമാന്യം കൂടുതലായോ തീവ്രമായോ ഉള്ള സ്ലീപ് ആപ്‌നിയയാണെങ്കില്‍ ശ്വസനസഹായോപകരണങ്ങളുടെ ഉപയോഗമോ സര്‍ജറിയോ ആവശ്യമായി വരും.
ജീവിത ശൈലീമാറ്റം : ചെറിയ തോതിലുള്ള ബുദ്ധിമുട്ടുകളേ ഉള്ളൂവെങ്കില്‍ ദിനചര്യകളിലും പതിവു ശീലങ്ങളിലും കുറച്ച് മാറ്റങ്ങള്‍ വരുത്തിയാല്‍ത്തന്നെ ഇതിനുള്ള ചികിത്സയാകും.
1. ഉറക്കം വരുത്തുന്നതിനായുള്ള മരുന്നുകളോ ആല്‍ക്കഹോളോ കഴിക്കുന്നത് ഒഴിവാക്കുക. ഇവ നിങ്ങള്‍ ഉറങ്ങുന്ന സമയത്തും തൊണ്ട തുറന്നുതന്നെ ഇരിക്കുവാനുള്ള സംവിധാനത്തെ ദുര്‍ബ്ബലപ്പെടുത്തും.
2. നിങ്ങള്‍ അമിത വണ്ണമുള്ളയാളാണെങ്കില്‍ തടികുറയ്ക്കുക എന്നത് വളരെ ആവശ്യമാണ്. ശരീരഭാരത്തില്‍ വരുന്ന നേരിയ തോതിലുള്ള കുറവുപോലും നിങ്ങളുടെ രോഗാവസ്ഥകളില്‍ വലിയ ആശ്വാസം നല്കും.
3. നിവര്‍ന്നു കിടന്നുറങ്ങുന്നതിനു പകരം ചരിഞ്ഞു കിടന്നുറങ്ങുന്നത് തൊണ്ട തുറന്നിരിക്കാന്‍ സഹായിക്കും. അതിനായി നിവര്‍ന്നു കിടക്കുന്നതിന് തടസ്സമുണ്ടാകുന്ന പ്രത്യേകതരം തലണകളോ ഷര്‍ട്ടുകളോ ഉപയോഗിക്കാവുന്നതാണ്.
4. ആവശ്യം വരികയാണെങ്കില്‍ നെയ്‌സല്‍ സ്‌പ്രേകളോ അലര്‍ജിക്കുള്ള മരുന്നുകളോ ഉപയോഗിച്ച് നാസാദ്വാരങ്ങള്‍ അടഞ്ഞുപോകാതെ തുറന്നിരിക്കാന്‍ ശ്രദ്ധിക്കുക.
5. പുകവലി ശീലമുണ്ടെങ്കില്‍ നിര്‍ത്തേണ്ടത് ആവശ്യമാണ്. അതിനുള്ള പദ്ധതികളോ മറ്റെന്തെങ്കിലും ഉല്പന്നങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശപ്രകാരം സ്വീകരിക്കാവുന്നതാണ്.
നിസ്സാരരീതിയില്‍ മാത്രം സ്ലീപ് ആപ്‌നിയയുള്ളവര്‍ക്ക് മൗത്ത്പീസ് (Oral apliance എന്നുകൂടി അറിയപ്പെടുന്നു) എന്ന ഉപകരണത്തിന്റെ ഉപയോഗം സഹായകരമാകും. സ്ലീപ് ആപ്‌നിയ അല്ലെങ്കിലും ഉച്ചത്തില്‍ കൂര്‍ക്കം വലിയിക്കുന്ന ശീലമുണ്ടെങ്കില്‍ ഡോക്ടര്‍തന്നെ മൗത്ത്പീസിന്റെ ഉപയോഗത്തിനായി നിര്‍ദ്ദേശിച്ചെന്നിരിക്കും. ഒരു ദന്ത ചികിത്സാ വിദഗ്ദ്ധനോ (Dentist) ഒരു ഓര്‍തെഡോന്റിക്‌സ് (Orthodentist) നോ സ്ലീപ് ആപ്‌നിയയ്ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമായ പ്ലാസ്റ്റിക് മൗത്ത് പീസുകള്‍ ഉണ്ടാക്കിത്തരാനാവും. നിങ്ങള്‍ ഉറങ്ങുമ്പോഴും, നിങ്ങളുടെ കീഴ്ത്താടിയെയും നാക്കിനെയും ശ്വസനനാളങ്ങള്‍ തുറന്നിരിയ്ക്കത്തക്ക വിധത്തില്‍ ക്രമപ്പെടുത്തുന്നതിന് ഈ മൗത്ത് പീസ് സഹായിക്കും.
മുതിര്‍ന്നവരില്‍ കാണുന്ന തീവ്രമായ സ്ലീപ് ആപ്‌നിയ രോഗത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിന് സര്‍വ്വസാധാരണമായി ഉപയോഗിക്കാറുള്ള ചികില്‍സാ സംവിധാനമാണ് CPAP (Continuous Positive Airways Pressure) രോഗിയുടെ മൂക്ക്, വായ എന്നവയോടുകൂടി ചേര്‍ന്നിരിക്കുന്ന വിധത്തിലോ മൂക്കിനോട് മാത്രം ചേര്‍ന്നിരിക്കുന്ന വിധത്തിലോ ഉള്ള മാസ്‌ക് ആണ് CPAP മെഷീനില്‍ ഉപയോഗിക്കപ്പെടുന്നത്.
മേല്‍പറഞ്ഞ യന്ത്രം സാവധാനത്തില്‍ രോഗിയുടെ തൊണ്ടയിലേക്ക് വായുവിനെ ഊതിക്കയറ്റുന്നു. ഈ വായുവില്‍ നിന്നും ഏല്ക്കുന്ന മര്‍ദ്ദം ഉറക്കത്തിനിടയിലും രോഗിയുടെ ശ്വാസനാളം തുറന്നിരിക്കുന്നതിന് സഹായിക്കുന്നു. സ്ലീപ് ആപ്‌നിയയുള്ള ഈ ചികിത്സാകൊണ്ട് കൂര്‍ക്കം വലി ഇല്ലാതായി എന്നും വരാം. എന്നാല്‍ കൂര്‍ക്കം വലി ഇല്ലാതായി എന്നതുകൊണ്ട് 'സ്ലീപ് ആപ്‌നിയ' എന്ന രോഗം പൂര്‍ണ്ണമായും ഭേദമായി എന്നു കരുതരുത്. എന്നുമാത്രമല്ല. CPAP മെഷീന്റെ ഉപയോഗം നിര്‍ത്തുകയുമരുത്. CPAP യുടെ ഉപയോഗം നിര്‍ത്തുകയോ ശരിയായ രീതിയില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്താല്‍ ആ രോഗം തിരിച്ചുവരും.
കഠിനമായ സ്ലീപ് ആപ്‌നിയ ലക്ഷണങ്ങളുള്ള ആളുകള്‍ക്ക് CPAP കൊണ്ടുള്ള ചികിത്സ ആരംഭിച്ചാല്‍ വളരെ ആശ്വാസം അനുഭവപ്പെടുന്നതാണ്.
ചില സ്ലീപ് ആപ്‌നിയ രോഗങ്ങള്‍ക്ക് സര്‍ജറി കൊണ്ടായിരിക്കും ഗുണം ലഭിക്കുക. ഏതു തരം സര്‍ജറിയാണ് വേണ്ടത്, എത്രത്തോളം അത് പ്രയോജനപ്പെടും എന്നതൊക്കെ സ്ലീപ് ആപ്‌നിയയ്ക്കുള്ള കാരണത്തെ ആസ്പദമാക്കിയാണ് തീരുമാനിക്കേണ്ടത്. ശ്വസനപഥങ്ങളുടെ (Breathing passages) വിസ്താരം വര്‍ദ്ധിപ്പിക്കാനാണ് സര്‍ജറി ചെയ്യുന്നത്. സാധാരണയായി സങ്കോചിപ്പിക്കുക, ദൃഢപ്പെടുത്തുത, വായ്ക്കകത്തും തൊണ്ടയിലുമുള്ള അധികകോശങ്ങളെ നീക്കം ചെയ്യുക, കീഴ്ത്താടിയെ പുനഃക്രമീകരിക്കുക എന്നീ കാര്യങ്ങളിലേതെങ്കിലുമായിരിക്കും സര്‍ജറിയിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. ചിലകുട്ടികളില്‍ ശ്വാസതടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ നിലനില്‍ക്കുന്ന ടോണ്‍സിലുകളെ സര്‍ജറിയിലൂടെ നീക്കം ചെയ്യുക എന്നതും വളരെ സഹായകരമായി ഭവിയ്ക്കാറുണ്ട്.
സ്ലീപ് ആപ്‌നിയ എന്ന രോഗാവസ്ഥ വളരെ ഗൗരവമായിത്തന്നെ കണക്കാക്കേണ്ട ഒന്നാണ്. എന്നിരുന്നാലും ഫലപ്രദമായ ഒരു ചികിത്സാരീതി അനുവര്‍ത്തിച്ചുകൊണ്ട് ഒരാളുടെ ജീവിതാവസ്ഥയെ കുറച്ചെങ്കിലും മെച്ചപ്പെടുത്താനാവും. മാത്രമല്ല, നിങ്ങളുടെ ഉറക്കത്തെ കൂടുതല്‍ സുഖകരമാക്കാനും അതുവഴി പകല്‍സമയത്തെ ഉറക്കംതൂങ്ങല്‍, ഉറക്കച്ചടവ് എന്നിവയില്‍ നിന്നും ആശ്വാസം നേടാനും സാധിയ്ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗം തുടങ്ങി സ്ലീപ് ആപ്‌നിയയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മറ്റു പല ആരോഗ്യപ്രശ്‌നങ്ങളും കുറയ്ക്കുവാന്‍ ഇതിനുള്ള ചികിത്സാക്രമങ്ങള്‍ അനുവര്‍ത്തിക്കുന്നതിലൂടെ സാധിക്കും. എന്നുമാത്രമല്ല നിങ്ങളുടെ കുടുബാംഗങ്ങളുടെ മുഴുവന്‍ സുഖനിദ്രയ്ക്ക് വഴിതുറക്കുവാനും ഇത്തരം ചികിത്സ അവലംബിക്കുന്നതുകൊണ്ട് കഴിയും.
ക്രമാനുസൃതമായ ഉറക്കം ലഭിക്കുന്ന അവസ്ഥയെയാണ് സ്ലീപ് ഹൈജിന്‍ എന്നു പറയുന്നത്. ശരിയായ ഉറക്കം ലഭിയ്ക്കുന്നതിനുള്ള ചില എളുപ്പമാര്‍ഗ്ഗങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
1. ഓരോ രാത്രിയും കൃത്യസമയത്ത് തന്നെ ഉറങ്ങുകയും രാവിലെ കൃത്യസയത്തുതന്നെ ഉണരുകയും ചെയ്യുക.
2. നിങ്ങളുടെ കിടപ്പുമുറി അധികമായ ചൂടോ അധികമായ തണുപ്പോ അനുഭവപ്പെടാത്തതും വിശ്രാന്തി പ്രദാനം ചെയ്യുന്ന അന്തരീക്ഷമുള്ളതും ശാന്തവും ഇരുട്ടു നിറഞ്ഞതുമായിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.
3. കിടക്ക തികച്ചും സുഖപ്രദമായിരിക്കണം. പാട്ടുകേള്‍ക്കുക, ടി.വി. കാണുക, വായിക്കുക തുടങ്ങിയ മറ്റുകാര്യങ്ങള്‍ക്കായി ഉപയോഗിക്കാതെ ഉറങ്ങാന്‍ മാത്രം ഉപയോഗിക്കുന്ന ഒന്നായിരിക്കണം നിങ്ങളുടെ കിടക്ക. കിടപ്പുമുറിയില്‍ നിന്നും ടി.വി., കമ്പ്യൂട്ടര്‍ തുടങ്ങിയ യന്ത്രോപകരണങ്ങളെല്ലാം തന്നെ ഒഴിവാക്കണം.
4. ഉറക്കത്തിനു മുമ്പ് കട്ടിയായ ആഹാരം കഴിയ്ക്കരുത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam