മെഡിക്കല്‍ കോളേജ് ഹൈടെക്കാകുന്നു; പരിശോധനാഫലത്തിനായി ഇനി അലയേണ്ട

Web Desk |  
Published : Aug 01, 2017, 08:39 PM ISTUpdated : Oct 04, 2018, 05:14 PM IST
മെഡിക്കല്‍ കോളേജ് ഹൈടെക്കാകുന്നു; പരിശോധനാഫലത്തിനായി ഇനി അലയേണ്ട

Synopsis

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സാങ്കേതിക വിദ്യയോടെ വിവിധ പരിശോധന ഫലങ്ങള്‍ യഥാസമയം അറിയാനുള്ള സംവിധാനം നിലവില്‍ വന്നു. പാക്‌സ് (PACS System) സമ്പ്രദായം, എസ്.എം.എസ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയാണ് പരിശോധനാ ഫലങ്ങള്‍ അറിയാന്‍ കഴിയുന്നത്.

അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളുടെ സഹായത്തിനായാണ് പാക്‌സ് സിസ്റ്റം നടപ്പിലാക്കിയിരിക്കുന്നത്. ഈ സമ്പ്രദായത്തിലൂടെ എക്‌സ്‌റേ, സി.ടി സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍ എന്നിവ എടുക്കാന്‍ ഫിലിം ആവശ്യമില്ല. ഇവ എടുക്കുന്ന അതേ നിമിഷം തന്നെ ഡോക്ടര്‍മാരുടെ കമ്പ്യൂട്ടറില്‍ ഇതിന്റെ ഇമേജ് എത്തുന്നു. ഒട്ടും കാലതാമസമില്ലാതെ ഇത് പരിശോധിച്ച് ഡോക്ടര്‍ക്ക് രോഗ നിര്‍ണയം നടത്താവുന്നതാണ്. ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം ഫിലിമില്‍ പ്രിന്റ് ചെയ്താല്‍ മതിയാകും. അത്യാഹിത വിഭാഗത്തിലെ ഓര്‍ത്തോപീഡിക്‌സ്, സര്‍ജറി, മെഡിസിന്‍ എന്നിവിടങ്ങളിലാണ് ഈ സൗകര്യം സജ്ജമാക്കിയിരിക്കുന്നത്.

ഇനിമുതല്‍ ലാബ് പരിശോധനാ ഫലങ്ങള്‍ ആയോയെന്ന് തിരക്കി നടക്കേണ്ട കാര്യവുമില്ല. പരിശോധനാ ഫലങ്ങള്‍ ആകുന്ന മുറയ്ക്ക് രോഗികള്‍ക്ക് എസ്.എം.എസ്. ലഭിക്കുന്ന സമ്പ്രദായവും നിലവില്‍ വന്നു. എച്ച്.ഡി.എസ്, ബയോകെമിസ്‌ട്രി, പത്തോളജി ലാബുകളിലാണ് ഈ സൗകര്യമുള്ളത്. സാമ്പിളുകള്‍ നല്‍കുന്ന സമയത്ത് നല്‍കിയിട്ടുള്ള ഫോണ്‍ നമ്പരിലേക്ക് ഫലങ്ങള്‍ ആകുന്ന മുറയ്ക്ക് ഓട്ടോമെറ്റിക്കായി എസ്.എം.എസ്. ലഭിക്കും. അതനുസരിച്ച് ചെന്നാല്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഇതോടൊപ്പം വാര്‍ഡുകളിലെ കമ്പൂട്ടറുകളിലും ഫലം ലഭ്യമാകുന്നതാണ്. രോഗികളുടെ ഒ.പി നമ്പരും മറ്റ് വിവരങ്ങളും നല്‍കിയാല്‍ ഡോക്ടര്‍മാര്‍ക്ക് ഫലം കാണാവുന്നതാണ്.

ഡോക്ടര്‍മാര്‍ക്കും പി.ജി. ഡോക്ടര്‍മാര്‍ക്കുമായി ഒരു മൊബൈല്‍ ആപ്പും ഇതോടൊപ്പം വികസിപ്പിച്ച് വരുന്നു. പുതിയ വെബ്‌സൈറ്റ് അപ്‌ലോഡായിക്കഴിഞ്ഞാല്‍ ഡോക്ടറുടെ മൊബൈലിലേക്കും എസ്.എം.എസ്. പോകുന്നതാണ്. എസ്.എം.എസിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആ രോഗിയുടെ പരിശോധനാ ഫലം കാണാവുന്നതാണ്. സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ സമ്പ്രദായങ്ങള്‍ മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

Health Tips : ഉലുവ വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കൂ
നെല്ലിക്ക സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?