ആ കരുതല്‍ മാഞ്ഞു; ചെന്നൈയുടെ 'രണ്ടുരൂപാ ഡോക്ടര്‍' ഇനിയില്ല

Published : Dec 20, 2018, 04:58 PM ISTUpdated : Dec 20, 2018, 05:31 PM IST
ആ കരുതല്‍ മാഞ്ഞു; ചെന്നൈയുടെ 'രണ്ടുരൂപാ ഡോക്ടര്‍' ഇനിയില്ല

Synopsis

രാവിലെ നാലര മുതല്‍ ജയചന്ദ്രന്‍ ഡോക്ടറെ കാണാന്‍ വീടിന് മുന്നില്‍ ക്യൂ തുടങ്ങും. പരിശോധനാഫീസിലെ ഇളവ് മാത്രമായിരുന്നില്ല, ആളുകള്‍ അദ്ദേഹത്തിലേക്ക് അടുക്കാന്‍ കാരണം. പരിചയപ്പെടുന്നവര്‍ക്കെല്ലാം കരുതലിന്റെ ഒരു കാവലാളായിരുന്നു അദ്ദേഹം  

ചെന്നൈ: വടക്കന്‍ ചെന്നൈക്കാരുടെ സ്വന്തം 'രണ്ടുരൂപാ' ഡോക്ടര്‍ ഇനിയില്ല. ഏറ്റവും കുറഞ്ഞ ഫീസ് മാത്രം ഈടാക്കി രോഗികളെ ചികിത്സിച്ചിരുന്ന ഡോ.എസ് ജയചന്ദ്രന്‍ (71) വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് അന്തരിച്ചു. 

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഉന്നതവിദ്യാഭ്യാസത്തിന് പോവുക, ഡോക്ടറോ എഞ്ചിനീയറോ ആവുക എന്നതെല്ലാം എത്താദൂരത്തെ കാര്യങ്ങളായി കണ്ടിരുന്ന കാലത്താണ് കാഞ്ചീപുരത്തുകാരന്‍ എസ് ജയചന്ദ്രന്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നത്. പിന്നീട് മടിപ്പാക്കം, കാസിമേട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രാക്ടീസ് ചെയ്തു. 

1970മുതല്‍ വാഷര്‍മെന്‍പേട്ടില്‍ താമസിച്ച് ജോലി ചെയ്തുതുടങ്ങി. ഏറ്റവും കുറഞ്ഞ ഫീസേ ജയചന്ദ്രന്‍ രോഗികളില്‍ നിന്ന് ഈടാക്കിയിരുന്നുള്ളൂ. 1998 വരെ അദ്ദേഹത്തെ കാണാന്‍ ഒരു രോഗിക്ക് രണ്ട് രൂപയുടെ ചെലവേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അത് അഞ്ച് രൂപയും പത്ത് രൂപയുമായി ഉയര്‍ന്നപ്പോഴും ആളുകള്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം 'ഇരണ്ടു രൂപായ് ഡാക്ടര്‍' എന്നുതന്നെ വിളിച്ചുപോന്നു. 

രാവിലെ നാലര മുതല്‍ ജയചന്ദ്രന്‍ ഡോക്ടറെ കാണാന്‍ വീടിന് മുന്നില്‍ ക്യൂ തുടങ്ങും. പരിശോധനാഫീസിലെ ഇളവ് മാത്രമായിരുന്നില്ല, ആളുകള്‍ അദ്ദേഹത്തിലേക്ക് അടുക്കാന്‍ കാരണം. പരിചയപ്പെടുന്നവര്‍ക്കെല്ലാം കരുതലിന്റെ ഒരു കാവലാളായിരുന്നു അദ്ദേഹം. 

'പാവപ്പെട്ട മനുഷ്യരോടൊക്കെയുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍, അത്രയും ബഹുമാനം അര്‍ഹിക്കുന്നതായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിന്നവരെല്ലാം അവരുടെ ആരോഗ്യകാര്യങ്ങള്‍ക്കായി എന്തിനും അദ്ദേഹത്തെ ആശ്രയിച്ചിരുന്നു.'- സാമൂഹ്യപ്രവര്‍ത്തകനായ എ ടി ബി ബോസ് പറഞ്ഞു. 

ചികിത്സിക്കാന്‍ പണമില്ലാത്ത രോഗികളാണെങ്കില്‍ ജയചന്ദ്രന്‍ ഡോക്ടര്‍ മരുന്ന് വാങ്ങി നല്‍കും. അല്ലെങ്കില്‍ അവര്‍ക്കത് സൗജന്യമായി ലഭിക്കാനുള്ള നടപടിയുണ്ടാക്കും. ആരോഗ്യരംഗത്ത് മാത്രമല്ല, സാമൂഹ്യരംഗത്തും ഡോക്ടര്‍ തന്നാലാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. 

മാസങ്ങളായി ശാരീരിക വിഷമതകളെ തുടര്‍ന്ന് അവശനിലയിലായിരുന്നു ഡോക്ടര്‍. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ