
അൾസർ ഒരു വില്ലൻ തന്നെയാണ്. എന്നാൽ ആരംഭത്തിലേ തിരിച്ചറിഞ്ഞാൽ ഈ വില്ലനെ നമുക്ക് ഓടിക്കാനാകും. കുടലിനെ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് അൾസർ. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. പൊതുവെ കുടലിനെയാണ് ഇത് ബാധിക്കാറുള്ളതെങ്കിലും ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം.
അന്നനാളത്തിലെ അള്‍സര്‍...
നമ്മള്‍ ചവച്ചിറക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെ സഞ്ചരിച്ചാണ് ആമാശയത്തില്‍ എത്തിച്ചേരുന്നത്. ഈ സഞ്ചാര പാഥയില്‍ എവിടെ വേണമെങ്കിലും അള്‍സര്‍ ഉണ്ടാകാം. ഭക്ഷണം ചവച്ചിറക്കുമ്പോഴുള്ള വേദനയാണ് അന്നനാളത്തിലെ അള്‍സറിന്റെ പ്രധാന ലക്ഷണം. നെഞ്ചെരിച്ചിലാണ് മറ്റൊരു ലക്ഷണം. ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തികട്ടിവരുന്ന അമ്ലം നിര്‍വീര്യമാക്കാന്‍ കഴിയാതെ വരുന്നതും അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കാറുണ്ട്.
ആമാശയത്തിലെ അള്‍സര്‍...
ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന അള്‍സറാണിത്. ഗ്യാസ്ട്രിക് അള്‍സര്‍ എന്നും ഇതിനെ വിളിക്കാറുണ്ട്. ആമാശയത്തിലെത്തുന്ന ഭക്ഷണം വിഘടിക്കപ്പെടുന്നത് വീര്യമേറിയ അമ്ലങ്ങളുടെ സഹായത്തോടെയാണ്. അള്‍സര്‍ ബാധിച്ച് ആമാശയത്തിലെ ആവരണത്തിന് വിള്ളലുണ്ടാകുമ്പോള്‍ ഈ അമ്ലങ്ങളുടെ പ്രവര്‍ത്തന ഫലമായി അസ്വസ്ഥതകള്‍ വര്‍ധിക്കുന്നു.
ലക്ഷണങ്ങള്‍ ഇവയൊക്കെ...
1. അള്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണു വയറുവേദന. വയറില്‍ കത്തുന്ന പോലെ വേദന വന്നാല്‍ ഒന്ന് സൂക്ഷിക്കുക.
2. ഭക്ഷണശേഷം വയറ്റില്‍ അസ്വസ്ഥത.
3. വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടുതന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക.
4. ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി കാണരുത്.
5. ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന.
6. മനംപുരട്ടല്‍, ഛര്‍ദ്ദി, നെഞ്ചരിച്ചില്‍, തലചുറ്റല്‍, വിശപ്പില്ലായ്മ.
7. മലബന്ധവും പെട്ടന്നുള്ള വയറു വേദനയും ശ്രദ്ധിക്കുക.
8. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോൾ വയറ്റില്‍ ബുദ്ധിമുട്ട്.
9. അകാരണമായി ശരീരഭാരം കുറയുന്നതും സൂക്ഷിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam