പല്ലുകളുടെ ആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങൾ

By Web TeamFirst Published Dec 26, 2018, 10:24 AM IST
Highlights

ശരീരം നോക്കുന്നത് പോലെ തന്നെ പല്ലുകളെയും ആരോ​ഗ്യത്തോടെ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആരോ​ഗ്യമുള്ള പല്ലുകൾക്കായി പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പല്ലുകളുടെ ആരോഗ്യത്തിനായി അകറ്റി നിര്‍ത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ വലിയ ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അല‌ട്ടുന്നത്. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലുകളെയും ആരോ​ഗ്യത്തോടെ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആരോ​ഗ്യമുള്ള പല്ലുകൾക്കായി രണ്ടു നേരം പല്ലു തേയ്ക്കുന്നതിനൊപ്പം അന്നജം ധാരാളം അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ജേണൽ ഓഫ് ദന്തൽ റിസര്‍ച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

സെന്‍സിറ്റിവിറ്റി, മോണകള്‍ക്ക് പ്രശ്നം എന്നിങ്ങനെ ഏതെങ്കിലും രോഗങ്ങള്‍ വന്നാല്‍ മാത്രമാണ് പലരും പല്ലുകളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയുള്ളു. അതേസമയം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ പല്ലുകള്‍ക്കുണ്ടാകുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാനാകുമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. പല്ലുകളുടെ ആരോഗ്യത്തിനായി അകറ്റി നിര്‍ത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

കാപ്പി...
കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതൽ ദോഷം ചെയ്യും. മധുരമിട്ട കാപ്പി പല്ലുകളില്‍ ക്യാവിറ്റീസ് ഉണ്ടാകാന്‍ കാരണമാകും. കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും പോട് വരാനും സാധ്യത ഏറെയാണ്.

സോഡ..

കാര്‍ബണേറ്റഡ് പാനീയങ്ങളും പല്ലിന്റെ ഇനാമലിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതാണ്. ഇത്തരം പാനീയങ്ങള്‍ ശീലമാക്കിയാല്‍ വായില്‍ ഉമിനീരിന്റെ അളവ് കുറയും. ഇവ പല്ലുകളുടെ നിറം നഷ്ടപ്പെടുത്താനും കാരണമാകും.

 മദ്യം...

മദ്യം ആരോ​​ഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവർക്കും അറിയാം. ജലാംശം കുറയ്ക്കുമെന്നുള്ളതുകൊണ്ടാണ് പല്ലുകളുടെ ആരോഗ്യത്തില്‍ മദ്യപാനം ദോഷകരമാണെന്ന് പറയുന്നത്. മദ്യപാനം ഉമിനീരിന്റെ അളവ് കുറയ്ക്കുകയും പല്ലുകള്‍ വേഗം കേടാവാനുള്ള സാധ്യത കൂടുതലുമാണ്. 

 ചിപ്പ്‌സ്...

പൊട്ടറ്റോ ചിപ്പ്സ് പോലുള്ളവ പല്ലിന് അത്ര നല്ലതല്ല. പല്ലുകള്‍ക്കിടയില്‍ ഇത്തരം ഭക്ഷണസാധനങ്ങളുടെ അവശിഷ്ടം ബാക്കിനില്‍ക്കുന്നതാണ് പല ദന്തരോഗങ്ങളുടെയും തുടക്കം. ചിപ്പ്സ് ശരീരഭാരം കൂട്ടുകയും ചെയ്യും. 

സോഫ്റ്റ് ഡ്രിങ്ക്സ്...

സോഫ്റ്റ് ഡ്രിങ്ക്സ് പല്ലിന്റെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നതിലൂടെ പല്ലില്‍ കറ പിടിക്കാനും ഇനാമല്‍ ആവരണം നശിക്കാനുമുള്ള സാധ്യത ഏറെയാണ്. 

 ചോക്ലേറ്റ്...

 ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ആസിഡിന്റെ അംശം കൂടുതലുള്ള ചോക്ലേറ്റുകള്‍ കഴിക്കുന്നതിലൂടെ പല്ലിന് പ്‌ളേക്ക് രൂപപ്പെടാനും കേടുവരാനും സാധ്യതയേറെയാണ്. ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക.
 

click me!