
ഗർഭകാലത്ത് ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മൂത്രാശയ അണുബാധ. പലകാരണങ്ങൾ കൊണ്ടാണ് മൂത്രാശയ അണുബാധ പിടിപെടുന്നത്. മൂത്രാശയ അണുബാധ അമ്മയെയും കുഞ്ഞിനെയും ഒരു പോലെ ബാധിക്കുന്ന പ്രശ്നമാണ്. ഗർഭാവസ്ഥയിലെ ഹോർമോണുകളുടെ വ്യത്യാസം കൊണ്ട് മൂത്രാശയത്തിൽ പല മാറ്റങ്ങളുണ്ടാകുന്നു. അതിനാൽ ഗർഭാവസ്ഥയിൽ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്.
വ്യക്തിശുചിത്വത്തിന്റെ കുറവും ചിലപ്പോൾ അണുബാധയ്ക്ക് കാരണമാകാം. തുടർച്ചയായുള്ള ജോലിക്കിടെ മൂത്രശങ്ക വന്നാലും മൂത്രം പിടിച്ചുവയ്ക്കുന്നവർ ഉണ്ട്. കൂടെക്കൂടെ മൂത്രമൊഴിക്കേണ്ട ബുദ്ധിമുട്ടോർത്ത് വെള്ളം കുടി കുറയ്ക്കുന്നവരും ഉണ്ട്. ഈ ശീലങ്ങളെല്ലാം മൂത്രശയത്തിൽ അണുബാധയ്ക്ക് കാരണങ്ങളാണ്. ഗർഭിണികൾക്ക് രോഗപ്രതിരോധശേഷി കുറവായതിനാൽ അണുബാധ വൃക്കകളെ ബാധിക്കാനും സാധ്യതയുണ്ട്. ഇടയ്ക്കിടെ മൂത്രത്തിൽ അണുബാധ വരുന്നത് രക്തക്കുറവിന് കാരണമാകാം.
ഗർഭകാലത്ത് യൂറിനറി ഇൻഫെക്ഷൻ പിടിപ്പെട്ടാൽ ഗർഭം അലസൽ, കുഞ്ഞിന് തൂക്കകുറവ്, മാസം തികയുന്നതിന് മുമ്പ് പ്രസവം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മൂത്രത്തിൽ പഴുപ്പിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ- ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുക, അടിവയറ്റിൽ വേദന, പനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഉടൻ ഡോക്ടറിനെ കാണുകയാണ് വേണ്ടത്.
ചിലപ്പോൾ യാതൊരുവിധ ലക്ഷണങ്ങളുമില്ലാതെ മൂത്രത്തിൽ പഴുപ്പുണ്ടാകാറുണ്ട്. അത് കൊണ്ടാണ് മാസത്തിലൊരിക്കൽ ഗർഭിണികൾ മൂത്രപരിശോധന നടത്താൻ ഡോക്ടർമാർ പറയുന്നത്. വെള്ളം ധാരാളം കുടിച്ചാൽ യൂറിനെറി ഇൻഫെക്ഷൻ തടയാനാകും. ഗർഭിണികൾ ദിവസവും കുറഞ്ഞത് 13 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam