ബ്ലീഡിങ് ഐ ഫിവര്‍ അതിമാരകം

By Web DeskFirst Published Jan 18, 2018, 9:40 PM IST
Highlights

ന്യൂയോര്‍ക്ക്: ബ്ലീഡിങ് ഐ ഫിവര്‍ എന്ന മാരകമായ അസുഖം പടര്‍ന്നുപിടിക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലാണ് ബ്ലീഡിങ് ഐ ഫിവര്‍ പടരുന്നത്. അസുഖം ബാധിച്ച് ഇതിനോടകം മൂന്നു പേര്‍ മരിച്ചു കഴിഞ്ഞു. ഉഗാണ്ടയിൽ ഒമ്പതുവയസുകാരി ഈ രോഗം ബാധിച്ച് മരിച്ചതോടെയാണ് ബ്ലീഡിങ് ഐ ഫിവറിനെക്കുറിച്ച് ലോകാരോഗ്യ സംഘടന ശ്രദ്ധ ചെലുത്തുന്നത്. രണ്ടു വര്‍ഷം മുമ്പ് ആഫ്രിക്കയിൽ വ്യാപിച്ച എബോളയേക്കാള്‍ അതീവ ഗുരുതരമാണ് ബ്ലീഡിങ് ഐ ഫിവര്‍. എന്താണ് ബ്ലീഡിങ് ഐ ഫിവര്‍?

ആധുനിക വൈദ്യശാസ്‌ത്രം ക്രിമിയൻ കോങ്ഗോ ഹെമറാജിക് ഫിവര്‍ എന്ന് വിളിക്കുന്ന രോഗമാണ് ബ്ലീഡിങ് ഐ ഫിവര്‍. ഒരു പ്രത്യേകതരം ചെള്ളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമാണിത്. ഈ രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയും ബ്ലീഡിങ് ഐ ഫിവര്‍ മനുഷ്യരിലേക്ക് വ്യാപിക്കും. കടുത്ത തലവേദന, ഛര്‍ദ്ദി, ശരീരവേദന, വയറിളക്കം, ക്ഷീണം, തലകറക്കം എന്നിവയൊക്കെയാണ് തുടക്കത്തിലെ ലക്ഷണങ്ങള്‍. സാധാരണ പനിയുടെ ലക്ഷണമായി തുടങ്ങുന്ന ഈ അസുഖം, വൈകാതെ ഗുരുതരമായി മാറുന്നു. രോഗി രക്തം ഛര്‍ദ്ദിക്കാനും കണ്ണ്, ജനനേന്ദ്രിയം എന്നിവിടങ്ങളിൽനിന്ന് രക്തംവരാനും തുടങ്ങുന്നു. രോഗം ബാധിച്ചുകഴിഞ്ഞാൽ രോഗി മരിക്കാനുള്ള സാധ്യത അമ്പത് ശതമാനത്തോളമാണ്. കൃത്യമായ ചികിൽസയോ മരുന്നോ കണ്ടെത്താത്തതാണ് പ്രധാന വെല്ലുവിളി. ദക്ഷിണ സുഡാൻ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിരവധി പേരിലേക്ക് രോഗം പടര്‍ന്നതായാണ് സംശയം. ബ്ലീഡിങ് ഐ ഫിവറിനെക്കുറിച്ച് കൂടുതൽ അവബോധവുമായി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് സന്നദ്ധ സംഘങ്ങളെ അയയ്‌ക്കാനാണ് ലോകാരോഗ്യസംഘടന പദ്ധിതയിടുന്നത്.

click me!