Latest Videos

10 ദിവസംകൊണ്ട് വണ്ണവും ഭാരവും കുറയ്‌ക്കാം

By anuraj aFirst Published May 3, 2017, 10:20 AM IST
Highlights

ശരീര വണ്ണവും ഭാരവും കുറയ്‌ക്കാന്‍ പലരും പല വിദ്യകളും നോക്കാറുണ്ട്. ഭക്ഷണം കുറച്ചും, അമിതമായി വ്യായാമം ചെയ്‌തും, ജിമ്മില്‍ പോയും, വിപണിയില്‍ ലഭിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചുമൊക്കെ വണ്ണം കുറക്കാനുള്ള പരിശ്രമം നടത്തും. എന്നാല്‍ അതൊന്നും പലപ്പോഴും ഗുണം ചെയ്യാറില്ല. വണ്ണം കുറയ്‌ക്കാന്‍ പലരും അനാരോഗ്യകരമായ മാര്‍ഗങ്ങളാണ് തേടുന്നത്. ഇത് പലപ്പോഴും വിപരീതഫലമുണ്ടാക്കും. ആരോഗ്യകരമായ ശീലങ്ങളിലൂടെ വേണം വണ്ണം കുറയ്‌ക്കാന്‍. ഇവിടെയിതാ, ശരീരവണ്ണം കുറയ്‌ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളാണ് പങ്കുവെയ്‌ക്കുന്നത്. 

1, വ്യായാമത്തിലൂടെ ദിവസം തുടങ്ങുക..

ദിവസവും രാവിലെ കുറഞ്ഞത് 20 മിനിട്ടെങ്കിലും വ്യായമം ചെയ്യണം. അതും അതിരാവിലെ ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ അതിരാവിലെ ചെയ്യുന്ന വ്യായാമത്തിന്റെ ഊര്‍ജ്ജം ദിവസം മുഴുവന്‍ ലഭിക്കും. 

2, ദിവസവും ശരീരഭാരവും വണ്ണവും നോക്കണ്ട..

ഭാരം കുറയ്‌ക്കാനുള്ള ഉദ്യമത്തില്‍ ഏര്‍പ്പെടുന്നവര്‍ ദിവസവും ശരീര ഭാരം കുറഞ്ഞ, വയറിന്റെ വണ്ണം കുറഞ്ഞോ എന്ന പരിശോധനയിലായിരിക്കും. എന്നാല്‍ ഭാരവും വണ്ണവും കുറയാത്തത് കാണുമ്പോള്‍ മാനസികസമ്മര്‍ദ്ദം വര്‍ദ്ധിക്കും. ഇത് ഭാരം കൂടാന്‍ കാരണമാകും.

3, ഭക്ഷണശീലം ആരോഗ്യകരമാക്കാം..

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇറച്ചിവിഭവങ്ങള്‍ കുറച്ച് മല്‍സ്യം കൂടുതല്‍ കഴിക്കുക. വണ്ണം കുറയ്‌ക്കാന്‍വേണ്ടി ഭക്ഷണം ഒഴിവാക്കരുത്. ആവശ്യത്തിന് ഭക്ഷണം കഴിക്കണം. പക്ഷേ അനാരോഗ്യകരമാകരുതെന്ന് മാത്രം. നട്ടുകളും, പഴങ്ങളും ധാരാളം കഴിക്കണം. ദിവസവും ധാരാളം വെള്ളം കുടിക്കാനും മറക്കരുത്. ജങ്ക് ഫുഡ്, ബേക്കറി ഭക്ഷണം എന്നിവ ഒരു കാരണവശാലും കഴിക്കരുത്. 

4, ദിവസവും ഓരോ ആപ്പിള്‍ കഴിക്കുക..

ദിവസവും ഓരോ ആപ്പിള്‍ വീതം കഴിക്കുക. ഭക്ഷണത്തിന്റെ ഇടനേരങ്ങളില്‍ വേണം ആപ്പിള്‍ കഴിക്കാന്‍. ആപ്പിള്‍ കഴിച്ചുകൊണ്ടു ഇഷ്‌ടപ്പെട്ട ഹോബികള്‍ ചെയ്യുക. വായിക്കുമ്പോളും മറ്റും ആപ്പിള്‍ കഴിക്കുന്നതും നല്ലതാണ്. 

5, ഭക്ഷണം വീട്ടില്‍നിന്നാക്കുക..

പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി, മൂന്നു നേരവും വീട്ടിലെ ഭക്ഷണം തന്നെ കഴിക്കാന്‍ ശ്രമിക്കുക. ഹോട്ടല്‍ഭക്ഷണത്തില്‍ ധാരാളം കൊഴുപ്പും മായവുമൊക്കെ ഉണ്ടാകും. വീട്ടില്‍ ഉണ്ടാക്കുന്ന മായമില്ലാത്ത ഭക്ഷണം ശീലമാക്കുന്നത് വണ്ണം കുറയ്‌ക്കാന്‍ സഹായിക്കും. എന്നാല്‍ വീട്ടിലെ ഭക്ഷണമാണെങ്കിലും ആവശ്യത്തില്‍ അധികം കഴിക്കരുത്. 

6, ഭക്ഷണം പതുക്കെ കഴിക്കുക..

വാരിവലിച്ച് കഴിക്കുന്നത് ഒഴിവാക്കു. ഭക്ഷണം പതുക്കെ സമയമെടുത്ത് ചവച്ചരച്ച് കഴിക്കുക. ആസ്വദിച്ചുവേണം ഭക്ഷണം കഴിക്കാന്‍. ഇത് ദഹനപ്രക്രിയ അനായാസമാക്കുകയും, പരമാവധി പോഷണം ആഗിരണം ചെയ്യപ്പെടാനും സഹായിക്കും. 

ഇത്രയും കാര്യങ്ങള്‍ മുടങ്ങാതെ ചെയ്‌താല്‍ പത്തുദിവസം കൊണ്ട് ശരീരഭാരം കുറയ്‌ക്കാനാകും. 

click me!