വെന്റിലേറ്ററിലിടും മുമ്പ് വിവാഹം; കൊവിഡ് വാര്‍ഡില്‍ പുതുജീവിതത്തെ വരവേറ്റ് ദമ്പതികള്‍

By Web TeamFirst Published Jan 22, 2021, 2:41 PM IST
Highlights

പാതി അബോധാവസ്ഥയില്‍ കിടന്നുകൊണ്ട് തന്നെ ഒബ്രിയന്‍ എലിസബത്തിനെ വിവാഹം ചെയ്തു. ചടങ്ങ് കഴിഞ്ഞയുടന്‍ തന്നെ ഒബ്രിയനെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീടുള്ള മണിക്കൂറുകളെ കുറിച്ച് ഓര്‍ക്കാന്‍ തന്നെ പേടിയാണെന്ന് എലിസബത്ത് പറയുന്നു. ഏതായാലും ജീവിതം ഒബ്രിയനെ കൈവിട്ടില്ല

ലക്ഷക്കണക്കിന് ജീവനാണ് ഇതുവരേക്കും കൊവിഡ് 19 എന്ന മഹാമാരി കവര്‍ന്നെടുത്തത്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമെല്ലാം പാതിവഴിക്ക് ഉപേക്ഷിച്ച് തികച്ചും അപ്രതീക്ഷിതമായി എത്ര പേരാണ് നമുക്കിടയില്‍ നിന്ന് മരണത്തിലേക്ക് കടന്നുപോയത്. കണ്ണ് നനയിക്കുന്ന വേര്‍പാടുകളുടെ കഥകള്‍ നമ്മളൊരുപാട് കേട്ടു. എന്നാല്‍ ഇത് പ്രതീക്ഷയുടെ കഥയാണ്. 

ബ്രിട്ടന്‍ സ്വദേശികളായ എലിസബത്ത് കെര്‍, സൈമണ്‍ ഒബ്രിയന്‍ എന്നിവരുടെ കഥ. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ജൂണില്‍ ഇവരുടെ വിവാഹവും ഉറപ്പിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്ക് സ്ഥിതിഗതികള്‍ ആകെ മാറി. 

കൊവിഡ് 19 മഹാമാരിയുടെ വരവോടുകൂടി വിവാഹമുള്‍പ്പെടെ ഇരുവരും കണക്കുകൂട്ടിയ പല കാര്യങ്ങളും മുടങ്ങി. ഇതിനിടെ എലിസബത്തിനും ഒബ്രിയനും കൊവിഡ് പിടിപെട്ടു. വീട്ടില്‍ തന്നെ തുടരുകയായിരുന്ന ഇരുവരുടേയും ആരോഗ്യനില മോശമായതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു.

കടുത്ത ശ്വാസതടസമായിരുന്നു ഇരുവരും നേരിട്ടിരുന്ന പ്രധാന പ്രശ്‌നം. അങ്ങനെ ഒരുമിച്ച് ഒരേ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ രണ്ട് ദിവസത്തെ പരിചരണത്തിന് ശേഷം എലിസബത്തിന്റെ നില അല്‍പം ഭേദപ്പെട്ടുവെങ്കിലും ഒബ്രിയന്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. 

വൈകാതെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. ഐസിയുവില്‍ പ്രവേശിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ മരണനിരക്ക് ആശങ്കാജനകമാം വിധം ഉയര്‍ന്നിരിക്കുന്ന സമയമായിരുന്നു അത്. എലിസബത്ത് ഉള്‍പ്പെടെയുള്ളവര്‍ ഒബ്രിയന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ആശുപത്രിയില്‍ തന്നെ തുടര്‍ന്നു. 

ഇതിനിടെ ശ്വാസതടസം വീണ്ടും വര്‍ധിക്കുകയും ഒബ്രിയന്റെ നില അതീവഗുരുതരമാവുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റാമെന്ന തീരുമാനത്തില്‍ ഡോക്ടര്‍മാരെത്തി. ഈ ഘട്ടമായപ്പോഴേക്ക് ഒബ്രിയനെ നഷ്ടപ്പെടുമെന്ന ചിന്ത എലിസബത്തിനെ ബാധിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ ആശുപത്രിയിലെ നഴ്‌സായ ഹെന്ന എന്ന സത്രീയുടെ ഒരൊറ്റ ചോദ്യത്തോടെ എലിസബത്തിന്റെ ഉള്ളില്‍ വീണ്ടും വെളിച്ചം വീണു. 

ആശുപത്രിക്കിടക്കിയില്‍ കിടന്നുകൊണ്ട് തന്നെ വിവാഹത്തിന് ഒരുക്കമാണോ, എന്നതായിരുന്നു ഹെന്നയുടെ ചോദ്യം. ഉത്തരം പറയാന്‍ എലിസബത്തിന് അധികം ചിന്തിക്കേണ്ടിവന്നില്ല. പിന്നീടുള്ള ചുരുങ്ങിയ സമയം എലിസബത്ത്, ഒബ്രിയന്റെ കിടക്കയ്ക്ക് സമീപം തന്നെയായിരുന്നു. മറ്റുള്ളവരെല്ലാം വിവാഹത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. 

അങ്ങനെ പാതി അബോധാവസ്ഥയില്‍ കിടന്നുകൊണ്ട് തന്നെ ഒബ്രിയന്‍ എലിസബത്തിനെ വിവാഹം ചെയ്തു. ചടങ്ങ് കഴിഞ്ഞയുടന്‍ തന്നെ ഒബ്രിയനെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീടുള്ള മണിക്കൂറുകളെ കുറിച്ച് ഓര്‍ക്കാന്‍ തന്നെ പേടിയാണെന്ന് എലിസബത്ത് പറയുന്നു. ഏതായാലും ജീവിതം ഒബ്രിയനെ കൈവിട്ടില്ല. വെന്റിലേറ്ററില്‍ നിന്ന് അദ്ദേഹം മോചിതനായി. പതിയെ ആരോഗ്യനില മെച്ചപ്പെട്ടു.

ഓരോ ശ്വാസത്തിനും വേണ്ടി പിടയുന്ന നിമിഷങ്ങളിലാണ് ജീവിതത്തെ ഇത്രമാത്രം അടുത്തറിയാന്‍ സാധിച്ചതെന്നും ഒബ്രിയനും എലിസബത്തും പറയുന്നു. പ്രിയപ്പെട്ടവരെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്നും, എല്ലാവരെയും പിരിയേണ്ടി വരികയാണെങ്കില്‍ എത്രത്തോളം വേദനിക്കുമെന്നുമെല്ലാം അന്ന് മനസിലായെന്ന് ഇവരുവരും ഒരേ സ്വരത്തില്‍ പറയുന്നു. 

ഇപ്പോള്‍ കൊവിഡ് വാര്‍ഡില്‍ തന്നെ ചികിത്സയിലാണ് ഇരുവരും. നേരിയ ശ്വാസതടസം ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. പക്ഷേ പേടിക്കാനുള്ള ഘട്ടം കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അന്ന് ആ കിടപ്പില്‍ തന്നെ വിവാഹം ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തങ്ങള്‍ക്ക് കഴിഞ്ഞേക്കുമായിരുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. രോഗം പരിപൂര്‍ണ്ണമായി ഭേദമായിക്കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുന്നത് പുതിയ രണ്ട് വ്യക്തികളായിട്ടായിരിക്കുമെന്നും ആഘോഷത്തോടെ പുതിയ ജീവിതത്തെ വരവേല്‍ക്കാനാണ് തയ്യാറെടുക്കുന്നതെന്നും എലിസബത്തും ഒബ്രിയനും പറയുന്നു.

Also Read:- കൊവിഡ് 19ന് വീട്ടിലെ ചികിത്സ എങ്ങനെയാകാം? ഏറ്റവും പ്രധാനപ്പെട്ട ആറ് കാര്യങ്ങൾ...

click me!