Asianet News MalayalamAsianet News Malayalam

കൊവിഡ് 19ന് വീട്ടിലെ ചികിത്സ എങ്ങനെയാകാം? ഏറ്റവും പ്രധാനപ്പെട്ട ആറ് കാര്യങ്ങൾ

താമസിക്കുന്ന മുറിക്ക് ജനാലകളും വെന്റിലേഷനുകളും വേണം. മുറിക്കകത്ത് ഇരുന്നുകൊണ്ട് തന്നെ എന്നും അല്‍പം സൂര്യപ്രകാശം ഏല്‍ക്കാന്‍ ശ്രദ്ധിക്കുക. സാനിറ്റൈസര്‍, ഡിസ് ഇന്‍ഫെക്ടന്റ്, മാസ്‌കുകള്‍, ഹാന്‍ഡ് വാഷ്, സോപ്പ്, തെര്‍മോമീറ്റര്‍, ആവി പിടിക്കുന്ന ഉപകരണം, പള്‍സ് ഓക്‌സിമീറ്റര്‍ തുടങ്ങി ആവശ്യമായ സംവിധാനങ്ങളെല്ലാം മുറിയിലൊരുക്കുക. ഇവയൊന്നുമായും മറ്റുള്ളവര്‍ സമ്പര്‍ക്കത്തിലാവുകയും ചെയ്യരുത്

six things to care while treating covid 19 at home
Author
Trivandrum, First Published Jan 21, 2021, 11:08 PM IST

കൊവിഡ് 19 പിടിപെടുന്നവരില്‍ എല്ലാവര്‍ക്കും ആശുപത്രി ചികിത്സയുടെ ആവശ്യമില്ലെന്ന് നമുക്കറിയാം. രോഗ ലക്ഷണമില്ലാത്തവര്‍, ചെറിയ ലക്ഷണങ്ങളുള്ളവര്‍ എന്നിവരെല്ലാം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വീട്ടില്‍ തന്നെ തുടരുകയാണ് ചെയ്യുന്നത്. ആവശ്യമെങ്കില്‍ ഡോക്ടറെ ഓണ്‍ലൈനായോ ഫോണിലോ കണ്‍സള്‍ട്ട് ചെയ്യാമെന്ന് മാത്രം.

എന്നാല്‍ ഇത്തരത്തില്‍ വീട്ടില്‍ തന്നെ തുടരുമ്പോഴും ചില കാര്യങ്ങളില്‍ കൃത്യമായ ജാഗ്രതയും നിരീക്ഷണവും പുലര്‍ത്തേണ്ടതുണ്ട്. അത്തരത്തിലുള്ള ചില വിഷയങ്ങളെ കുറിച്ചാണ് ഇനി ഓര്‍മ്മിപ്പിക്കുന്നത്.

ഒന്ന്...

ഒരു വീട്ടില്‍ ഒറ്റക്ക് താമസിക്കാന്‍ കഴിയുന്ന രോഗികളെ സംബന്ധിച്ച് അതാണ് ഏറ്റവും സൗകര്യം. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും സഹായത്തിനായി ലഭ്യമാകുന്ന തരത്തില്‍ ആരെങ്കിലും തൊട്ടടുത്ത വീടുകളിലോ കേന്ദ്രങ്ങളിലോ ഉണ്ടാകേണ്ടതുണ്ട്. വീട്ടില്‍ മറ്റ് അംഗങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ തനിയെ ഒരു മുറിയില്‍ തന്നെ കഴിയുക. ഇതിന് പ്രത്യേകം ബാത്ത്‌റൂം സൗകര്യവും ആവശ്യമാണ്.

താമസിക്കുന്ന മുറിക്ക് ജനാലകളും വെന്റിലേഷനുകളും വേണം. മുറിക്കകത്ത് ഇരുന്നുകൊണ്ട് തന്നെ എന്നും അല്‍പം സൂര്യപ്രകാശം ഏല്‍ക്കാന്‍ ശ്രദ്ധിക്കുക. സാനിറ്റൈസര്‍, ഡിസ് ഇന്‍ഫെക്ടന്റ്, മാസ്‌കുകള്‍, ഹാന്‍ഡ് വാഷ്, സോപ്പ്, തെര്‍മോമീറ്റര്‍, ആവി പിടിക്കുന്ന ഉപകരണം, പള്‍സ് ഓക്‌സിമീറ്റര്‍ തുടങ്ങി ആവശ്യമായ സംവിധാനങ്ങളെല്ലാം മുറിയിലൊരുക്കുക. ഇവയൊന്നുമായും മറ്റുള്ളവര്‍ സമ്പര്‍ക്കത്തിലാവുകയും ചെയ്യരുത്. 

 

six things to care while treating covid 19 at home

 

രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്ന് കരുതി ഒരിക്കലും രോഗി മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാകരുത്. ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും മറ്റൊരാളിലേക്ക് രോഗത്തെ എത്തിക്കാന്‍ തനിക്ക് കഴിയുമെന്ന തിരിച്ചറിവ് രോഗിക്കും, ഒപ്പം തന്നെ കുടുംബാംഗങ്ങള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ എല്ലാം വേണം. 

രണ്ട്...

കൊവിഡ് രോഗികളില്‍, നേരത്തേ പല അസുഖങ്ങളുള്ളവരുമുണ്ടാകാം. അത്തരക്കാര്‍, തങ്ങളുടെ അസുഖങ്ങളെ കുറിച്ചും ബോധ്യത്തിലാകേണ്ടതുണ്ട്. ഉദാഹരണം പ്രമേഹമുള്ളയാളാണെങ്കില്‍ അയാള്‍ കൃത്യമായ ഇടവേളകളില്‍ ബല്ഡ് ഷുഗര്‍ ചെക്ക് ചെയ്യണം. രക്തസമ്മര്‍ദ്ദമുള്ളയാളാണെങ്കില്‍ അതും കൃത്യമായി പരിശോധിക്കണം. ഇതിനെല്ലാമുള്ള സജ്ജീകരണങ്ങള്‍ നിര്‍ബന്ധമായും ആവശ്യമാണ്. 

മൂന്ന്...

ദിവസങ്ങളോളം ഒറ്റപ്പെട്ട് കഴിയേണ്ടിവരുമ്പോള്‍ മിക്കവരിലും ചില മാനസികപ്രയാസങ്ങള്‍ കണ്ടേക്കാം. ഇത് മറികടക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ആവാം. മൊബൈല്‍ ഫോണിന് പുറമെ പുസ്തകങ്ങള്‍, വരയ്ക്കുന്നവരാണെങ്കില്‍ അതിനാവശ്യമായ വസ്തുക്കള്‍, മറ്റ് ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യുന്നവര്‍ക്ക് അതിനാവശ്യമായ ഉപകരണങ്ങള്‍ അങ്ങനെ മനസിനെ സജീവമാക്കി നിര്‍ത്താനാവശ്യമായ ഉപാധികളെ എപ്പോഴും ആശ്രയിക്കുക. യോഗ, മ്യൂസിക് തെറാപ്പി പോലുള്ള രീതികളേയും ആശ്രയിക്കാവുന്നതാണ്. 

നാല്...

കൊവിഡ് 19, നമുക്കറിയാം ഒരു ശ്വാസകോശ രോഗമാണ്. അതിനാല്‍ തന്നെ ചുമ, മൂക്കടപ്പ്, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. ഇത് ഏറെ അസ്വസ്ഥതകള്‍ക്കും ഇടയാക്കാം. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ ആവി കൊള്ളാം, കഫ് സിറപ്പോ നേസല്‍ സ്‌പ്രേയോ പോലുള്ള ഉപാധികള്‍ തേടാം. പനിയോ ശരീരവേദനയോ ഉണ്ടെങ്കില്‍ ഒരു ഡോക്ടറോട് കണ്‍സള്‍ട്ട് ചെയ്ത ശേഷം പാരസെറ്റമോള്‍, മറ്റ് വേദനസംഹാരികള്‍ എന്നിവ ഉപയോഗിക്കാം. 

 

six things to care while treating covid 19 at home

 

ഓക്കാനം, ക്ഷീണം, വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിക്കാവുന്നതാണ്. അതുപോലെ നേരത്തേ അസുഖങ്ങളുള്ളവരാണെങ്കില്‍, അതിനുള്ള ചികിത്സയും തുടരേണ്ടതുണ്ട്. ഇക്കാര്യവും ഡോക്ടറോട് നിര്‍ബന്ധമായി സൂചിപ്പിക്കേണ്ടതുണ്ട്. 

അഞ്ച്...

ഈ ഘട്ടത്തില്‍ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. വൈറല്‍ ഇന്‍ഫെക്ഷന്‍ സമയത്ത് ശരീരം ക്ഷീണിക്കാന്‍ സാധ്യതകളേറെയാണ്. അതുപോലെ തന്നെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തേണ്ട ബാധ്യതയും നമുക്കുണ്ട്യ ഈ രണ്ട് കാര്യങ്ങള്‍ക്കും ഭക്ഷണം അവിഭാജ്യമാണ്. 

പച്ചക്കറികള്‍, പഴങ്ങള്‍, നട്ട്‌സ്, സീഡ്‌സ് എന്നിങ്ങനെ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുക. പയറുവര്‍ഗങ്ങളും ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. പ്രോസസ്ഡ് ഫുഡ്, കൃത്രിമമധുരം അടങ്ങിയ ഭക്ഷണം, അതുപോലുള്ള പാനീയങ്ങള്‍ (സോഫ്റ്റ് ഡ്രിങ്ക്‌സ്), ഉപ്പ് അധികമടങ്ങിയ ഭക്ഷണം (പാക്കറ്റ് ഭക്ഷണങ്ങളാണ് അധികവും) എന്നിവയെല്ലാം പരമാവധി ഒഴിവാക്കുക. 

ചുമയും ശ്വാസതടസവും കാര്യമായി ഉണ്ടെങ്കില്‍ ഇടയ്ക്കിടെ ചൂട് ചായ കഴിക്കാം. ശര്‍ക്കര, നട്ടസ് എന്നിവയെല്ലാം ഈ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കഴിക്കാവുന്നതാണ്. വിശപ്പില്ലായ്മ അനുഭവപ്പെട്ടാലും ഭക്ഷണകാര്യത്തില്‍ കൃത്യമായ ശ്രദ്ധ വച്ചുപുലര്‍ത്തുക. 

 

six things to care while treating covid 19 at home

 

ഇത്തരം സാഹചര്യങ്ങളില്‍ പോഷകങ്ങളടങ്ങിയ ജ്യൂസുകള്‍, സ്മൂത്തികള്‍ എന്നിവ കൂടുതല്‍ കഴിക്കുക. 

ആറ്...

ഇങ്ങനെയെല്ലാം ശ്രദ്ധാപൂര്‍വ്വം മുന്നോട്ടുപോയാല്‍ മറ്റ് സങ്കീര്‍ണതകളൊന്നും ഉണ്ടാകില്ല. എന്നാല്‍ എപ്പോഴും സ്വയം നിരീക്ഷണം ആവശ്.മാണ്. അസാധാരണമായ എന്തെങ്കിലും അനുഭവം തോന്നിയാല്‍ അത് കാര്യമായിത്തന്നെ എടുക്കുക. ശ്വാസതടസം, നെഞ്ചുവേദന, അസ്വസ്ഥത, തലകറക്കം, ആറോ ഏഴോ ദിവസമായി ഒരേ പോലെ നീണ്ടുനില്‍ക്കുന്ന പനി, ചുണ്ടില്‍ ചെറിയ നീല നിറം, ഇടയ്ക്കിടെ ബാത്ത്‌റൂമില്‍ പോകുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ആശുപത്രിയില്‍ ചികിത്സ തേടുക.

Also Read:- കൊവിഡ് ഭേദമായ ശേഷം എട്ടിലൊരാള്‍ മരിക്കുന്നതായി യുകെ പഠനം...

Follow Us:
Download App:
  • android
  • ios