പൂച്ചകള്‍ക്ക് പേരിടുന്നതിന് മുമ്പ് ഇതൊന്ന് അറിഞ്ഞുവച്ചോളൂ...

By Web TeamFirst Published May 26, 2019, 5:48 PM IST
Highlights

പൂച്ചയ്ക്ക് പേരിടുന്നത് സത്യത്തില്‍ വീട്ടുകാരുടെ സന്തോഷത്തിനാണെന്നാണ് നമ്മള്‍ കരുതുന്നത്. കാരണം, ആ പേര് വിളിച്ചാലൊന്നും പൂച്ച അനങ്ങിക്കളണമെന്നില്ല. ഭക്ഷണം വേണ്ടപ്പോള്‍ വരികയും, സ്‌നേഹം പ്രകടിപ്പിക്കാനോ ഉറങ്ങാനോ തോന്നുമ്പോള്‍ മുട്ടിയുരുമ്മുകയും ചെയ്യുന്നതാണ് മിക്കവാറും പൂച്ചകളുടെ ഒരു പൊതുസ്വഭാവം

വീട്ടില്‍ വളര്‍ത്തുന്ന പട്ടിക്കും പൂച്ചയ്ക്കുമെല്ലാം നമ്മള്‍ ഇഷ്ടാനുസരണം പേരുകളിടാറുണ്ട്. പട്ടികളാണെങ്കില്‍ നമ്മള്‍ പേര് വിളിക്കുമ്പോള്‍ തന്നെ അടുത്തേക്ക് ഓടിവരികയും, സ്‌നേഹം പ്രകടിപ്പിക്കുകയും എല്ലാം ചെയ്യാറുണ്ട്. പട്ടികള്‍ക്ക് യജമാനന്‍ തന്നെ വിളിക്കുന്നത് മനസിലാക്കാനുള്ള കഴിവുണ്ടെന്നും അതനുസരിച്ചാണ് അവ പെട്ടെന്ന് പ്രതികരിക്കുന്നതെന്നും മുമ്പ് പല പഠനങ്ങളും സ്ഥാപിച്ചെടുത്തിട്ടുണ്ട്.  

എന്നാല്‍ പൂച്ചയുടെ കാര്യമങ്ങനെയല്ല. പൂച്ചയ്ക്ക് പേരിടുന്നത് സത്യത്തില്‍ വീട്ടുകാരുടെ സന്തോഷത്തിനാണെന്നാണ് നമ്മള്‍ കരുതുന്നത്. കാരണം, ആ പേര് വിളിച്ചാലൊന്നും പൂച്ച അനങ്ങിക്കളണമെന്നില്ല. ഭക്ഷണം വേണ്ടപ്പോള്‍ വരികയും, സ്‌നേഹം പ്രകടിപ്പിക്കാനോ ഉറങ്ങാനോ തോന്നുമ്പോള്‍ മുട്ടിയുരുമ്മുകയും ചെയ്യുന്നതാണ് മിക്കവാറും പൂച്ചകളുടെ ഒരു പൊതുസ്വഭാവം. 

യഥാര്‍ത്ഥത്തില്‍ പട്ടികളെപ്പോലെ പൂച്ചകള്‍ക്കും അവരുടെ പേര് മറ്റുള്ളവര്‍ വിളിക്കുമ്പോള്‍ തിരിച്ചറിയാനാകുമോ? 

പ്രമുഖ മനശാസ്ത്ര വിദഗ്ധയായ അസൂക്കോ സെയ്‌ത്തോ തന്റെ സഹപ്രവര്‍ത്തകരെ കൂടി പങ്കെടുപ്പിച്ച് ഈ വിഷയത്തില്‍ ഒരു പഠനം നടത്തി. വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകളേയും അതല്ലാതെ 'കാറ്റ് കഫേ' പോലുള്ളയിടങ്ങളില്‍ കൂട്ടമായി ജീവിക്കുന്ന പൂച്ചകളേയുമെല്ലാം വിശദമായി പഠിച്ച ശേഷം ഒടുവില്‍ അവര്‍ ഒരു നിഗമനത്തിലെത്തി. 

പൂച്ചയ്ക്കും സ്വന്തം പേര് തിരിച്ചറിയാനാകുമത്രേ. അതായത്, വീട്ടുകാരിട്ട പേരിന്റെ അത്ര തന്നെ നീളവും, ഈണവുമുള്ള മറ്റ് പേരുകള്‍ വിളിക്കുമ്പോള്‍ ഗൗനിക്കാത്ത പൂച്ച, ഒറിജിനല്‍ പേര് വിളിക്കുന്നതോടെ ചെവി കൂര്‍പ്പിക്കുകയും, വാലോ തലയോ ഉയര്‍ത്തുകയും ചെയ്യുമത്രേ. ചില പൂച്ചകളാണെങ്കില്‍ 'മ്യാവൂ' ശബ്ദമുണ്ടാക്കി പേര് വിളിച്ചതിനോട് പ്രതികരിക്കുകയും ചെയ്യും. ഇതിന് വേണ്ടി എപ്പോഴും പൂച്ചയെ ഒരേ പേരില്‍ തന്നെ വിളിക്കണം. ഈ പേര് പൂച്ചയ്ക്ക് പെട്ടെന്ന് പിടിച്ചെടുക്കാനാകണം. പേരിന്റെ നീളം, അതിന്റെ ഉച്ചാരണം, ഈണം എന്നിവയെല്ലാം വച്ചാണ് ഇവ പേര് തിരിച്ചറിയുന്നതത്രേ. 

സംഗതി ഇങ്ങനെയെല്ലാമാണെങ്കിലും പേര് തിരിച്ചറിഞ്ഞതായ ഭാവം പൊതുവേ പൂച്ചകള്‍ കാണിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു. പട്ടികള്‍ പ്രതികരിക്കുന്നത് പോലെ ഇവര്‍ പ്രതികരിക്കാന്‍ തയ്യാറല്ലത്രേ. അത് പൂച്ചയുടെ ജൈവികമായി സവിശേഷതയാണെന്നും ഗവേഷകര്‍ ഓര്‍മ്മപ്പെടുത്തുന്നു.

click me!