ഇവിടെ കല്യാണത്തിന് വരന്‍ വേണ്ട; പകരം വേണ്ടത് മറ്റൊരാള്‍...

By Web TeamFirst Published May 26, 2019, 5:03 PM IST
Highlights

ഇവിടെ വിവാഹത്തിന് വരന്‍ വേണ്ട. ഷെര്‍വാണിയും തലപ്പാവുമെല്ലാം അണിഞ്ഞ് കിടിലന്‍ ലുക്കില്‍ ചെറുക്കന്‍ ഒരുങ്ങും. എന്നിട്ടെന്താ! അമ്മയോടൊപ്പം മിണ്ടാതെ വീട്ടിലിരിക്കും. കല്യാണം കഴിക്കേണ്ടത് മറ്റൊരാളാണ്

ഓരോ നാടുകളിലെയും വിവാഹച്ചടങ്ങുകള്‍ വ്യത്യസ്തമായിരിക്കും. ചിലയിടത്ത് സമുദായങ്ങള്‍ തമ്മില്‍ തന്നെ വലിയ അന്തരമായിരിക്കും വിവാഹക്കാര്യത്തിലുണ്ടാവുക. എന്നാല്‍ ഇതങ്ങനെയൊന്നുമല്ല, ഒരൊന്നൊന്നര 'വറൈറ്റി' ആയിപ്പോയി ഇത്. കാര്യമെന്താണെന്നല്ലേ?

ഇവിടെ വിവാഹത്തിന് വരന്‍ വേണ്ട. ഷെര്‍വാണിയും തലപ്പാവുമെല്ലാം അണിഞ്ഞ് കിടിലന്‍ ലുക്കില്‍ ചെറുക്കന്‍ ഒരുങ്ങും. എന്നിട്ടെന്താ! അമ്മയോടൊപ്പം മിണ്ടാതെ വീട്ടിലിരിക്കും. കല്യാണം കഴിക്കേണ്ടത് മറ്റൊരാളാണ്. 

വധുവിന് പുടവ കൊടുക്കുന്നതും, താലി ചാര്‍ത്തുന്നതും,കാരണവന്മാര്‍ കൈപിടിച്ചു തരുമ്പോള്‍ സ്വീകരിക്കുന്നതും എല്ലാം വരന്റെ അവിവാഹിതയായ സഹോദരിയായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ വിവാഹദിവസം ചെറുക്കന് യാതൊരു പ്രാധാന്യവുമില്ല, മുഴുവന്‍ ശ്രദ്ധയും സഹോദരിക്കായിരിക്കും. അവിവാഹിതയായ സഹോദരിയില്ലാത്തവരാണെങ്കില്‍, കുടുംബത്തില്‍ നിന്ന് അവിവാഹിതയായ ഏതെങ്കിലും യുവതി ഈ സ്ഥാനമേറ്റെടുക്കണം. 

ഗുജറാത്തിലെ മൂന്ന് ഗ്രാമങ്ങളാണ് ഈ ആചാരം ഇപ്പോഴും മുടങ്ങാതെ പിന്തുടരുന്നത്. സുര്‍ഖേദ, സനാദ, അംബാല്‍ എന്നീ ഗ്രാമങ്ങളാണ് ഇവ. ഇവിടത്തെ പ്രധാനപ്പെട്ട ആണ്‍ദൈവങ്ങളെല്ലാം അവിവാഹിതരാണ്. അവരോടുള്ള ആദരസൂചകമായാണ് വിവാഹദിവസം വരന്‍ ചടങ്ങുകളില്‍ നിന്ന് മാറിനില്‍ക്കുന്നത്. 

ചടങ്ങുകള്‍ തെറ്റിച്ചാല്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. അതിനാല്‍ തന്നെ ആരും അതിന് മെനക്കെടാറില്ല. ചടങ്ങുകള്‍ തീര്‍ന്നാല്‍ വരന്റെ സഹോദരി തന്നെ വധുവിനെ കൈപിടിച്ച് വീട്ടിലേക്കാനയിക്കും. അപ്പോള്‍ മാത്രമാണ് വധുവും വരനും വിവാഹിതരായ ശേഷം കണ്ടുമുട്ടുന്നത്.

click me!