സിമന്‍റ് നിറത്തില്‍ ആകാശം; ദില്ലിയില്‍ ദീപാവലി ദിനത്തില്‍ അന്തരീക്ഷ മലിനീകരണം

By Web TeamFirst Published Nov 4, 2021, 7:10 PM IST
Highlights

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങളും വെടിമരുന്നുകളും ഉപയോഗിച്ചതോടെയാണ് മലിനീകരണം കൂടിയത്. നിയമപരമായി നിലവില്‍ ദില്ലിയില്‍ പടക്കങ്ങള്‍ വില്‍പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. എന്നാല്‍ നിയമവിരുദ്ധമായി ഇവയെല്ലാം കാര്യമായിത്തന്നെ നടക്കുന്നുണ്ടെന്നാണ് വിവരം

അന്തരീക്ഷ മലിനീകരണവുമായി ( Air Pollution )  ബന്ധപ്പെട്ട് കാര്യമായ വെല്ലുവിളി നേരിടുന്ന ഇടമാണ് ദില്ലി ( Delhi the Capital ). ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന സാഹചര്യങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ വളരെയധികം രൂക്ഷമായ അവസ്ഥയാണ് നിലവിലുള്ളത്. ഇത് നിയന്ത്രണവിധേയമാക്കാന്‍ അധികൃതര്‍ പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കില്‍ പോലും പലപ്പോഴും സാഹചര്യം നിയന്ത്രിക്കാനാകുന്നില്ല എന്നതാണ് സത്യം. 

ഇപ്പോള്‍ ദീപാവലി ദിനത്തിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ദില്ലിയില്‍ നിന്ന് വന്നിരിക്കുന്നു. സിമന്റ് നിറത്തിലുള്ള ആകാശവും അന്തരീക്ഷവുമാണ് വാര്‍ത്തകള്‍ക്കൊപ്പം പുറത്തെത്തിയ ചിത്രങ്ങളില്‍ കാണാനാകുന്നത്. 

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങളും വെടിമരുന്നുകളും ഉപയോഗിച്ചതോടെയാണ് മലിനീകരണം കൂടിയത്. നിയമപരമായി നിലവില്‍ ദില്ലിയില്‍ പടക്കങ്ങള്‍ വില്‍പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. എന്നാല്‍ നിയമവിരുദ്ധമായി ഇവയെല്ലാം കാര്യമായിത്തന്നെ നടക്കുന്നുണ്ടെന്നാണ് വിവരം. 'എന്‍ഡിടിവി' അടക്കം പല മാധ്യമങ്ങളിലും ഇതിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ള വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു. 

ദീപാവലി ദിനത്തില്‍ ഉച്ചയ്ക്ക് ശേഷം തലസ്ഥാനത്തെ 'എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്' 339ലാണ് എത്തിനില്‍ക്കുന്നത്. പൂജ്യം മുതല്‍ 50 വരെയാണ് ഇന്‍ഡെക്‌സ് എങ്കില്‍ അന്തരീക്ഷം വളരെ നല്ലതായിരിക്കുന്നു എന്നതാണ് സൂചന. 51- 100 ആണെങ്കില്‍ തൃപ്തികരം എന്ന് പറയാം. 101-200 വലിയ പ്രശ്‌നമില്ല എന്ന രീതിയില്‍ വിലയിരുത്താം. 201- 300 ആണെങ്കില്‍ മോശം, 301- 400 ആയാല്‍ വളരെ മോശം, 401- 500 ആയാല്‍ അതിരൂക്ഷം എന്നിങ്ങനെയാണ് വിലയിരുത്തുന്നത്. 

ഇതില്‍ വളരെ മോശം എന്ന സ്ഥിതിയിലാണ് ഇന്ന് തലസ്ഥാനമുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മെച്ചപ്പെട്ട അന്തരീക്ഷമായിരുന്നു ഇവിടെയുണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്. മഴക്കാലം നീണ്ടുനിന്നതും, ഇടവിട്ട് മഴ പെയ്തതുമെല്ലാം മലിനീകരണം കുറയ്ക്കാന്‍ സഹായിച്ചിരുന്നു. പോയ നാല് വര്‍ഷത്തില്‍ ആദ്യമായി ദില്ലി ഏറ്റവും നല്ല അന്തരീക്ഷം കാണുന്നത് പോയ മാസത്തിലാണെന്നും ഏജന്‍സികള്‍ അറിയിക്കുന്നു. 

ആഘോഷാവസരങ്ങളിൽ പടക്കങ്ങൾ ഉപയോഗിക്കുന്നത് അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കാട്ടി ദില്ലി സർക്കാരും കാര്യമായ ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു. ദീപാവലിക്ക് മുന്നോടിയായി പ്രത്യേകം ക്യാംപയിനും സർക്കാർ സംഘടിപ്പിച്ചിരുന്നു. സെപ്തംബര്‍ 28നാണ് ദില്ലി മലിനീകരണ നിയന്ത്രണ സമിതി, പടക്കങ്ങളുടെ വില്‍പനയും ഉപയോഗവും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. 2022 ജനുവരി 1 വരെയാണ് നിരോധനം.

Also Read:- വീടിനുള്ളിലെ അന്തരീക്ഷവും മലിനമാകും; പാചകം പോലും ശ്രദ്ധിക്കേണ്ടത്...

click me!