ഇന്ത്യന്‍ വീടുകളില്‍ അധികവും വാക്കം ക്ലീനര്‍ പതിവായി ഉപയോഗിച്ചുകാണാറില്ല. ഇത് പതിവായി ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാണ്. നമ്മള്‍ ഇരിക്കാനുപയോഗിക്കുന്ന സോഫകള്‍, കുഷിനുകള്‍, അതുപോലെ കാര്‍പെറ്റുകള്‍, എന്നിങ്ങനെയുള്ളവയെല്ലാം വാക്കം ക്ലീനറുപയോഗിച്ച് പതിവായി വൃത്തിയാക്കണം

കൊവിഡ് മഹാമാരിയുടെ (Covid 10 Pandemic ) വരവോടുകൂടിയാണ് മിക്കവരും പതിവായി വീട്ടില്‍ തന്നെ തുടരുന്നത്. ജോലിയും ( Work From Home ) പഠനവുമെല്ലാം വീട്ടില്‍ തന്നെ ആയതിനാല്‍ അത്തരത്തില്‍ എത്രയോ പേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടിനകത്ത് തന്നെ ദീര്‍ഘകാലം തുടര്‍ച്ചയായി താമസിക്കുന്ന സാഹചര്യം വന്നു. 

ഇത്തരമൊരു സാഹചര്യത്തിലാണ് പലരും വീട്ടിനകത്തെ സൂക്ഷ്മമായ കാര്യങ്ങളെ കുറിച്ചും ശ്രദ്ധിക്കാനുള്ള വിഷയങ്ങളെ കുറിച്ചുമെല്ലാം ആലോചിക്കുന്നത്. അത്തരത്തില്‍ പലരും പങ്കുവച്ചൊരു പരാതിയാണ് എത്ര വൃത്തിയാക്കിയാലും വീട് വൃത്തിയായി ഇരിക്കുന്നില്ലെന്നതും അതുപോലെ തന്നെ വീട്ടിനുള്ളിലിരുന്നിട്ടും അലര്‍ജിയോ തുമ്മലോ പോലുള്ള രോഗങ്ങള്‍ വരുന്നുവെന്നതും. 

ചിലര്‍ക്കാണെങ്കില്‍ വീടിനുള്ളിലെ വായുവിന് തന്നെ ദോഷകരമായ സ്വാധീനമാണുള്ളത് എന്ന തരത്തില്‍ പരാതിയായി. എപ്പോഴും മോശം മണം, ഈര്‍പ്പം, പൊടി അങ്ങനെ പോകുന്നു പരാതികള്‍. 

എന്തായാലും നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ വീട്ടിനകത്തെ അന്തരീക്ഷവായുവും മലിനമാകുമെന്നത് തന്നെയാണ് വസ്തുത. ഇതൊഴിവാക്കാന്‍ പാചകം ചെയ്യുമ്പോള്‍ പോലും ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഇനി വീടിനകത്തെ വായു മലിനമാകാന്‍ കാരണമാകുന്ന ചില കാര്യങ്ങള്‍ കൂടി ഒന്ന് പങ്കുവയ്ക്കാം... 

ഒന്ന്...

വീട് വൃത്തിയാക്കാന്‍ നമ്മളുപയോഗിക്കുന്ന ക്ലീനിംഗ് ഉത്പന്നങ്ങളില്‍ ചിലത് അന്തരീക്ഷത്തില്‍ ചില കെമിക്കലുകള്‍ അവശേഷിപ്പിക്കാം. 


അടുക്കളയോ ബാത്ത്‌റൂമോ ജനാലകളോ എല്ലാം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലോഷനുകളില്‍ നിന്നാകാം ഇതുണ്ടാകുന്നത്. ഇവ പിന്നീട് വീടിനകത്തെ വായുവിനെ മോശമാക്കുന്നു. അതിനാല്‍ കഴിവതും വീടുകളില്‍ പ്രകൃതിദത്തമായ ക്ലീനിംഗ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. 

രണ്ട്...

ഇന്ത്യന്‍ വീടുകളില്‍ അധികവും വാക്കം ക്ലീനര്‍ പതിവായി ഉപയോഗിച്ചുകാണാറില്ല. ഇത് പതിവായി ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാണ്. നമ്മള്‍ ഇരിക്കാനുപയോഗിക്കുന്ന സോഫകള്‍, കുഷിനുകള്‍, അതുപോലെ കാര്‍പെറ്റുകള്‍, എന്നിങ്ങനെയുള്ളവയെല്ലാം വാക്കം ക്ലീനറുപയോഗിച്ച് പതിവായി വൃത്തിയാക്കണം. അല്ലാത്തപക്ഷം അവയില്‍ നിന്ന് പൊടിയും ബാക്ടീരിയ പോലുള്ള സൂക്ഷമജീവികളും വീടിനകത്തെ അന്തരീക്ഷത്തിലേക്ക് പടരും. 

മൂന്ന്...

വീടിനകത്തെ വായുവിനുള്ള ദുര്‍ഗന്ധമകറ്റാന്‍ നേരിയ ഗന്ധമുള്ള സെന്റുകളുപയോഗിക്കാം. ഗന്ധമുള്ള കാന്‍ഡിലുകളോ മറ്റോ എല്ലാം. ഇവ വൈകീട്ട് അല്‍പനേരം വച്ചാല്‍ മാത്രം മതി. ഇതിന് ശേഷം ജനാലകള്‍ തുറന്ന് പുക പുറത്തുകളയുകയും വേണം. 

നാല്...

വീടിനകത്തേക്ക് 'ഫ്രഷ് എയര്‍' കയറാനായി ജനാലകളെല്ലാം പകല്‍സമയത്ത് തുറന്നിടാം. 

എന്നാല്‍ പൊടി അധികമായി അടിച്ചുകയറാന്‍ സാധ്യതയുള്ള റോഡരികിലോ മറ്റോ ആണെങ്കില്‍ ഇത് ചെയ്യാതിരിക്കുകയാണ് ഉത്തമം. 

അഞ്ച്...

പാചകം ചെയ്യുമ്പോഴും ചിലത് ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഡീപ് ഫ്രൈ ചെയ്യുന്നത് പോലുള്ള പാചകങ്ങള്‍. ഇവ അന്തരീക്ഷം എളുപ്പത്തില്‍ മലിനമാക്കുന്നു. ഇതൊഴിവാക്കാന്‍ വെന്റിലേഷനുകള്‍ ഉറപ്പുവരുത്തുകയും എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഉപയോഗിക്കുകയും ചെയ്യുക. 

Also Read:- വീടിന് നല്‍കാം 'കിടിലന്‍ ലുക്ക്'; ചിലവ് കുറച്ചുതന്നെ...