ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ആദ്യമായി പുറത്തുവിട്ട് കൊക്കക്കോള...

By Web TeamFirst Published Mar 15, 2019, 5:46 PM IST
Highlights

ഓരോ വർഷവും കൊക്കക്കോള കമ്പനി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ അളവെത്രയാണ്? കൊക്കക്കോള മാത്രമല്ല, പ്രമുഖ കമ്പനികളായ നെസ്ലേ, കോള്‍ഗേറ്റ് എന്നിവരെല്ലാം പ്രതിവര്‍ഷം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ഞെട്ടിക്കുന്നതാണ്, അവ ഇങ്ങനെയാണ്...

ഇന്ത്യയ്ക്കകത്തും പുറത്തുമായി ഏറെക്കാലത്തെ കച്ചവടപാരമ്പര്യമുള്ള കമ്പനിയാണ് കൊക്കക്കോളയുടേത്. പല തവണ, പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ നേരിട്ടെങ്കിലും അതിനെയെല്ലാം മറികടന്ന് ഇപ്പോഴും ലോകം മുഴുവനുമുള്ള വിപണികളില്‍ നിലനില്‍ക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കുപ്പിപ്പാനീയം ആയതിനാല്‍ തന്നെ കമ്പനി വലിയ തോതില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട് എന്നതായിരുന്നു ഇതിനിടെ ഉയര്‍ന്ന മറ്റൊരു ആരോപണം. 

ഓരോ വര്‍ഷവും കമ്പനി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് എത്രയാണ്? ഏറെ നാളായി ഈ ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നു. എന്നാല്‍ ഇതുവരെ കൃത്യമായൊരു മറുപടി ഇതിന് നല്‍കാന്‍ കൊക്കക്കോള കമ്പനി തയ്യാറായിരുന്നില്ല. ഇതാ ആദ്യമായി ആ കണക്ക് കമ്പനി പുറത്തുവിടുകയാണ്. 

ഇരുന്നൂറോളം രാജ്യങ്ങളില്‍ മാര്‍ക്കറ്റ് കീഴടക്കിയ കമ്പനിയാണ് കൊക്കക്കോള. ഓരോ ദിവസവും 190 കോടി കുപ്പിപ്പാനീയമാണ് ലോകമെമ്പാടുമായി ഇവര്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ നമ്മള്‍ സ്ഥിരം കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന കോളാ ഉല്‍പന്നങ്ങള്‍ക്ക് പുറമേ, വ്യത്യസ്തമായ അഞ്ഞൂറിലധികം ശീതളപാനീയ ഉല്‍പന്നങ്ങളാണ് കമ്പനി ലോകവിപണിയിലിറക്കുന്നത്. ഇതില്‍ പ്ലാസ്റ്റിക്ക് കുപ്പികളിലാക്കിയ മിനറല്‍ വാട്ടറും ഉള്‍പ്പെടുന്നു.

കണക്കുകൾ ഇങ്ങനെ...

എല്ലാ തരം ഉൽപന്നങ്ങൾക്കും കൂടി പ്രതിവര്‍ഷം ഉപോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ കണക്ക് ഇങ്ങനെയാണ്. -2017 ല്‍ മാത്രം 3 മില്യണ്‍ ടണ്‍, അഥവാ 30 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് കമ്പനി ഉപയോഗിക്കുന്നത്. അതായത് പ്രതിദിനം 8,219 ടണ്‍! മണിക്കൂറില്‍ 342 ടണ്‍! അതിലും ലളിതമായി പറയുകയാണെങ്കില്‍ നിങ്ങള്‍ ഈ വാര്‍ത്ത വായിച്ചുകഴിയുമ്പോഴേക്കും കൊക്കക്കോള കമ്പനി നാല് ലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികള്‍ നിര്‍മ്മിച്ചുകഴിഞ്ഞിരിക്കും!

ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മുഴുവന്‍ പുനരുപയോഗിക്കാന്‍ വേണ്ട കാര്യങ്ങളെല്ലാം കമ്പനി ചെയ്യുന്നുണ്ടെന്നാണ് അധിക്യതര്‍ അവകാശപ്പെടുന്നത്. കുറഞ്ഞ ഭാരം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, ഗ്ലാസിനെക്കാള്‍ കുറഞ്ഞ ചെലവ്, സുരക്ഷിതത്വം എന്നിവയാണ് പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാത്തതിന് കാരണമായി കമ്പനി വിശദീകരിക്കുന്ന കാരണങ്ങള്‍. 

2020ഓടുകൂടി കമ്പനി ഉപയോഗിക്കുന്ന 50% പ്ലാസ്റ്റിക്കും പുനരുപയോഗിക്കാന്‍ കഴിയുന്നതായിരിക്കുമെന്ന് ഇവര്‍ ഉറപ്പുപറയുന്നു. നിലവില്‍ കമ്പനി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 25% മാത്രമാണ് 'റീസൈക്കിള്‍' ചെയ്തെടുക്കുന്നത്. അതേസമയം, കാനുകളില്‍ എത്തുന്ന ശീതളപാനീയങ്ങളുടെ കാര്യമെടുത്താല്‍ ഇതില്‍ 42 ശതമാനം കാനുകള്‍ നിര്‍മ്മിക്കാനും 'റീസൈക്കിള്‍' ചെയ്‌തെടുത്ത അലുമിനിയമാണ് ഉപയോഗിക്കുന്നത്. ചില്ലുകുപ്പികളുടെ കാര്യവും സമാനമാണ്. എന്നാല്‍ പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് ഇവ രണ്ടും അന്തരീക്ഷത്തില്‍ വലിയ കോട്ടങ്ങളുണ്ടാക്കുന്നില്ല.

കൊക്കക്കോള മാത്രമല്ല, നെസ്ലേയും കോള്‍ഗേറ്റും പോലുള്ള പ്രമുഖ കമ്പനികളെല്ലാം പ്രതിവര്‍ഷം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ഞെട്ടിക്കുന്നതാണ്, അവ ഇങ്ങനെയാണ്:-

നെസ്ലേ      -  17 ലക്ഷം ടണ്‍
കോള്‍ഗേറ്റ്  -  2,87,008 ടണ്‍ (2018)
യൂണിലിവര്‍ -  6,10,000 ടണ്‍
ബര്‍ബെറി   -  200 ടണ്‍

2019 മുതല്‍ നെസ്ലേ, പ്ലാസ്റ്റിക്ക് സ്ട്രോകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയിരുന്നു. പകരം കടലാസ് നിര്‍മ്മിത സ്ട്രോകള്‍ ഉപയോഗിച്ചുതുടങ്ങി. നിര്‍മ്മാണ്‌ചെലവ് വളരെ കൂടുതലാണെങ്കിലും ഇവ പ്രക്യതിക്ക് പ്ലാസ്റ്റിക്കിനോളം ദോഷം ചെയ്യുന്നില്ല. 

കാര്യങ്ങളിങ്ങനെയെല്ലാം ആണെങ്കിലും തങ്ങളുപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവെത്രയെന്ന് വെളിപ്പെടുത്താന്‍ കൊക്കക്കോളയുടെ പ്രധാന എതിരാളിയായ പെപ്സി ഇതുവരെ തയ്യാറായിട്ടില്ല. എലന്‍ മകാര്‍തര്‍ ഫൗണ്ടേഷന്റെ ദീര്‍ഘനാളായുള്ള ശ്രമങ്ങളുടെ ഫലമായിട്ടാണ് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് വെളിപ്പെടുത്താന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ തയ്യാറായത്. ഇതിനോടൊപ്പം തന്നെ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാമെന്ന് 150ഓളം കമ്പനികളുടെ കൂട്ടായ്മ പ്രതിജ്ഞയെടുത്തിട്ടുമുണ്ട്. ഇതില്‍ 30 കമ്പനികളാണ് തങ്ങളുപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് ഇനി കണ്ടറിയാം. ഉപഭോക്താക്കള്‍ കുപ്പികള്‍ ശരിയായ രീതിയില്‍ നിക്ഷേപിച്ചാല്‍ മാത്രമേ അവ പുനരുപയോഗിക്കാന്‍ കമ്പനിക്ക് സാധിക്കുകയുള്ളുവെന്നും ഫൗണ്ടേഷന്‍ ഓര്‍മ്മിപ്പിക്കുന്നു.

click me!