കൊവിഡ് ലോക്ക് ഡൗൺ കാരണം രാജ്യത്ത് ബാലവേല കൂടാൻ സാധ്യത എന്ന് പഠന റിപ്പോർട്ട്

By Web TeamFirst Published Jun 12, 2020, 12:33 PM IST
Highlights

പല കുടുംബങ്ങളിലെയും സ്‌കൂളിലും കോളേജിലും മറ്റും പഠിക്കുന്ന കുട്ടികൾ പലരും  മറ്റൊരു നിർവഹവുമില്ലാതെ, തുച്ഛമായ വേതനത്തിൽ കഠിനമായ കൂലിവേലകളിൽ ഏർപ്പെട്ട് കുടുംബം പുലർത്താൻ നിർബന്ധിതരാകും എന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഇന്ന് ലോക ബാലവേലാവിരുദ്ധ ദിനമാണ്.

ഈ ദിവസം തന്നെ പുറത്തുവന്ന ഒരു പഠനം സൂചിപ്പിക്കുന്നത്, കൊവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാമ്പത്തിക തളർച്ച രാജ്യത്ത് ബാലവേളയിൽ കാര്യമായ വർദ്ധനവുണ്ടാക്കാൻ സാധ്യതയുണ്ട് എന്നാണ്. കൊവിഡ് ബാധയ്ക്കു ശേഷം നിലവിലുള്ള സവിശേഷ സാഹചര്യത്തിൽ രാജ്യത്തെ കുടിൽ വ്യവസായങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ബാലവേല അധികമാകാൻ സാധ്യതയുണ്ട് എന്ന നിഗമനവുമായി വ്യാഴാഴ്ച പുറത്തിറങ്ങിയ 'ചൈൽഡ് റൈറ്റ്സ് ആൻഡ് യു' (CRY) എന്ന സന്നദ്ധ സംഘടന നടത്തിയ പഠനം. 

 

 

 

കൊവിഡിനെ പ്രതിരോധിക്കാൻ ഏർപ്പെടുത്തേണ്ടി വന്ന ലോക്ക് ഡൗൺ കാരണം രാജ്യത്തെ സാമ്പത്തികാവസ്ഥ തകർന്നതിനാൽ അത് പല കുടുംബങ്ങളുടെയും സാമ്പത്തിക അടിത്തറ ഇളക്കി എന്നാണ് സർവേകളിൽ തെളിഞ്ഞിട്ടുള്ളത്. അതുകൊണ്ട്, പല കുടുംബങ്ങളിലെയും സ്‌കൂളിലും കോളേജിലും മറ്റും പഠിക്കുന്ന കുട്ടികൾ പലരും  മറ്റൊരു നിർവഹവുമില്ലാതെ, തുച്ഛമായ വേതനത്തിൽ കഠിനമായ കൂലിവേലകളിൽ ഏർപ്പെട്ട് കുടുംബം പുലർത്താൻ നിർബന്ധിതരാകും എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ പല സ്‌കൂളുകളിൽ നിന്നും നിർധനകുടുംബങ്ങളിലെ കുട്ടികളുടെ വലിയൊരു കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും അവർ പറയുന്നു. 

അടുത്തിടെ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കൊവിഡ് സാഹചര്യത്തിൽ തൊഴിൽ നിയമങ്ങളിൽ പലതും ഇളവ് ചെയ്ത് നൽകിയത് രാജ്യത്തെ ബാലവേല വർധിക്കാൻ കാരണമാകും എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. കൗമാരപ്രായത്തിലുള്ള കുട്ടികൾ ഇങ്ങനെ നിർബന്ധിതമായി ബാലവേലയിലേക്ക് തള്ളിവിടപ്പെടുന്നത് തടയാൻ കാര്യമായ ഇടപെടൽ സമൂഹത്തിൽ നിന്ന് ഉണ്ടാകേണ്ടതുണ്ട് എന്നും പഠനത്തിൽ നിർദേശമുണ്ട്. 

 

ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയാങ്ക് കാനൂൻഗോ അധ്യക്ഷനായ വിദഗ്ധസമിതിയാണ് CRY -ക്കുവേണ്ടി  ഈ പഠനം നടത്തിയിരിക്കുന്നത്. സമിതിയിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പ്രൊഫസർ രാഹുൽ  സപ്കൽ, സെന്റർ ഫോർ ബഡ്ജറ്റ് ആൻഡ് ഗവെർണൻസ് അക്കൗണ്ടബിലിറ്റിയിലെ അഡീഷണൽ റിസർച്ച് കോർഡിനേറ്റർ പ്രോതിവാ കൊണ്ടു, ബാലാവകാശ പ്രവർത്തകൻ അശോക് കുമാർ എന്നിവർ അംഗങ്ങളാണ്. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ ഈ സവിശേഷ സാഹചര്യം ശ്രദ്ധയിൽ കൊണ്ടുവന്നു വേണ്ടത് ചെയ്യണം എന്നാണ് കാനൂൻഗോ പറഞ്ഞത്. കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് തങ്ങളെപ്പോലുള്ള ബാലാവകാശ പ്രവർത്തകർ നേടിയെടുത്ത നിരവധി ബാല സുരക്ഷാ മാനദണ്ഡങ്ങളെയും ഇല്ലായ്മ ചെയ്യുകയാണ് ഫലത്തിൽ കൊവിഡ്  കാരണം രാജ്യത്തുണ്ടായിരിക്കുന്ന സാമ്പത്തികമാന്ദ്യം ചെയ്തിരിക്കുന്നത് എന്ന് CRY സിഇഒ പൂജ മാർവാഹ പറഞ്ഞു. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ എന്ന പേരിൽ നിലവിലെ ബാലാവകാശ നിയമങ്ങളിൽ വെള്ളം ചേർക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും, അതിനെതിരെ കാര്യമായ ജാഗ്രത സമൂഹത്തിൽ ഉണ്ടാവേണ്ടതുണ്ട് എന്നും പഠനം പറയുന്നുണ്ട്. 

 

 

ഈ വിഷയത്തിൽ സ്വീകരിക്കാവുന്ന പ്രായോഗിക നിർദേശങ്ങൾ അടങ്ങിയ ഒരു ലഘുലേഖ CRY സംഘം ഈ പഠനഫലത്തോടൊപ്പം കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഗവണ്മെന്റ് ചാനലുകളെക്കാൾ പൗരബോധമുള്ള ഒരു സമൂഹത്തിനാണ് പ്രവർത്തിക്കാനാവുക എന്ന് പറഞ്ഞുകൊണ്ടാണ് റിപ്പോർട്ട് ഉപസംഹരിച്ചിരിക്കുന്നത്. 

click me!