ഇന്ത്യൻ ഫാഷൻ ഡിസൈനറായ പരം സാഹിബ്, പഴയ വിന്റേജ് കോട്ടൺ ഹാൻഡ് കർച്ചീഫ്കൾ ഉപയോഗിച്ച് ഒരു ഷർട്ട് നിർമ്മിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി. പ്ലീറ്റുകളും സ്കല്ലോപ്ഡ് എഡ്ജുകളുമടങ്ങിയ ഈ ഷർട്ട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 2 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി.
പുതിയ ഫാഷൻ ട്രെൻഡുകളും ഹൈ-എൻഡ് കോച്ചർ വസ്ത്രങ്ങളും ഓരോ വർഷവും കടന്നുപോകുമ്പോൾ, പഴയ വസ്തുക്കൾ ഉപയോഗിച്ച് പുതിയ ഫാഷൻ ട്രെൻഡുകൾ സൃഷ്ടിക്കുന്ന കലാകാരന്മാരും ഡിസൈനർമാരും സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്. ഇത്തരത്തിൽ, 90-കളിലെ ഒരു ഹാൻഡ് കർച്ചീഫ് കൊണ്ടുവന്ന് ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ് ഒരു യുവ ഇന്ത്യൻ ഫാഷൻ ഇൻഫ്ലുവൻസർ.
നമ്മുടെയൊക്കെ അമ്മമാരുടെ പഴ്സിലോ, സ്കൂളിൽ പോകുമ്പോൾ ബാഗിലോ സ്ഥിരമായി കണ്ടിരുന്ന, ആ പഴയ, വർണ്ണാഭമായ പൂക്കളുള്ള കോട്ടൺ ഹാൻഡ് കർച്ചീഫ് ഓർമ്മയില്ലേ? ആ ഒരു സാധാരവസ്തുവിനെ ഒരു ഹൈ-ഫാഷൻ ഷർട്ടാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യൻ ഇൻഫ്ലുവൻസറും ക്രിയേറ്ററുമായ പരം സാഹിബ്.
ഹാൻഡ് കർച്ചീഫ് ഷർട്ടായി മാറിയപ്പോൾ
പരം സാഹിബ് പങ്കുവെച്ച വീഡിയോയിൽ, ഹാൻഡ് കർച്ചീഫ് ഉപയോഗിച്ച് എങ്ങനെയാണ് ഒരു ഫാഷൻ വസ്ത്രം ഉണ്ടാക്കിയതെന്ന് വിശദീകരിക്കുന്നുണ്ട്. ഇയൊരു "വിന്റേജ് ഫ്ലോറൽ കൈലേസ് ഷർട്ട്" ഒരു പ്രത്യേക തരം 'വൈബ്' നൽകുന്നുണ്ടെന്ന് സാഹിബ് പറയുന്നു. ആദ്യം, പലതരം പൂക്കളുടെ ചിത്രങ്ങളുള്ള ചതുരാകൃതിയിലുള്ള ഹാൻഡ് കർച്ചീഫ് ശേഖരിച്ച്, അവയെല്ലാം യോജിപ്പിച്ച് നീളമുള്ള ഒരു തുണി പോലെയാക്കി മാറ്റുന്നു. തുടർന്ന് ഷർട്ടിന്റെ അളവുകളും രൂപവും നിർണ്ണയിച്ച്, തയ്യാറാക്കിയ തുണിയിൽ പാറ്റേൺ രേഖപ്പെടുത്തുന്നു. ഓരോ തുന്നലും പൂർത്തിയാക്കിയ ശേഷം, തുന്നലുകൾ ഭംഗിയായി ഇസ്തിരിയിട്ട് നിരപ്പാക്കുന്നു. ഷർട്ടിന്റെ ഓരോ ഭാഗവും വെട്ടിയെടുത്ത് തുന്നിച്ചേർക്കുമ്പോൾ, ഡിസൈനിന് കൂടുതൽ ആകർഷണീയത നൽകാൻ പല ടെക്നിക്കുകളും ഇതിൽ ഉപയോഗിക്കുന്നുണ്ട്. ഷർട്ടിന്റെ യോക്ക് ഭാഗത്തിന് ഞൊറികളുള്ള ഹാൻഡ് കർച്ചീഫ് ഉപയോഗിച്ചു. കൂടാതെ ഷർട്ടിന്റെ അരികുകളിൽ മനോഹരമായ 'സ്കല്ലോപ്ഡ് എഡ്ജസ്' ചേർത്ത് കഫുകൾക്ക് പുതിയൊരു ഡിസൈൻ നൽകി. ഈ ചെറിയ വിശദാംശങ്ങളാണ് ഷർട്ടിന് അതുല്യമായ രൂപം നൽകിയത്.
90-കളിലെ ഓർമ്മകൾ
ഈ ഷർട്ട് സോഷ്യൽ മീഡിയയിൽ ഇത്രയധികം വൈറലാകുവൻ ഒരൊറ്റ കാരണമേയുള്ളൂ: നൊസ്റ്റാൾജിയ. 90-കളിലെ ആളുകളുടെ ഓർമ്മകളെ തൊട്ടുണർത്തി എന്നതാണ് ഇതിന് ഇത്രയും അധികം റീച്ച് ഉണ്ടാവനുള്ള പ്രധാന കാരണം. ഈ വീഡിയോ കണ്ട് നിരവധി പേരാണ് കമന്റ് ബോക്സിൽ തങ്ങളുടെ നൊസ്റ്റാൾജിയ പങ്കുവെച്ചത്. നവംബർ 30-നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത് 2 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും വൻ സ്വീകാര്യത നേടുകയും ചെയ്തു.


