Latest Videos

ഷേക്ക് ഹാന്‍ഡിലൂടെ ആളുടെ സ്വഭാവം തിരിച്ചറിയാം...

By Web TeamFirst Published May 13, 2019, 6:13 PM IST
Highlights

ആരെങ്കിലും ഒരാള്‍ നിങ്ങള്‍ക്ക് ഷേക്ക് ഹാന്‍ഡ് തരുന്നു. അയാള്‍ എന്ത് ഉദ്ദേശത്തിലാണ് ഷേക്ക് ഹാന്‍ഡ് തരുന്നതെന്നോ, അയാള്‍ക്ക് നിങ്ങളോട് എന്ത് മനോഭാവമാണുള്ളതെന്നോ നിങ്ങള്‍ക്ക് തിരിച്ചറിയാനാകില്ല. എന്നാല്‍ 'ബോഡി ലാംഗ്വേജ്' പ്രകാരം ഷേക്ക് ഹാന്‍ഡിലൂടെ തന്നെ മറുപുറത്ത് നില്‍ക്കുന്ന വ്യക്തിയെ നമുക്ക് ഏകദേശം വായിച്ചെടുക്കാനാകും

നിത്യജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന ഏത് കാര്യങ്ങളിലും നമ്മുടെ വ്യക്തിത്വത്തിന്റെ ഒരു പ്രതിഫലനം കൂടിയുണ്ടായിരിക്കും. 'ബോഡി ലാംഗ്വേജ്' എന്ന വിപുലമായ പഠനവിഷയത്തില്‍ ഇതിന്റെയെല്ലാം സൂക്ഷ്മമായ വിശദാംശങ്ങള്‍ കാണാം. എന്നാല്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് ഇതിന്റെ 'ടെക്‌നിക്കുകള്‍' എളുപ്പത്തില്‍ പിടിച്ചെടുക്കാനാകില്ല. 

ഉദാഹരണത്തിന്, ആരെങ്കിലും ഒരാള്‍ നിങ്ങള്‍ക്ക് ഷേക്ക് ഹാന്‍ഡ് തരുന്നു. അയാള്‍ എന്ത് ഉദ്ദേശത്തിലാണ് ഷേക്ക് ഹാന്‍ഡ് തരുന്നതെന്നോ, അയാള്‍ക്ക് നിങ്ങളോട് എന്ത് മനോഭാവമാണുള്ളതെന്നോ നിങ്ങള്‍ക്ക് തിരിച്ചറിയാനാകില്ല. എന്നാല്‍ 'ബോഡി ലാംഗ്വേജ്' പ്രകാരം ഷേക്ക് ഹാന്‍ഡിലൂടെ തന്നെ മറുപുറത്ത് നില്‍ക്കുന്ന വ്യക്തിയെ നമുക്ക് ഏകദേശം വായിച്ചെടുക്കാനാകും. ഇതിന് ചില ചെറിയ തന്ത്രങ്ങളുണ്ട്. അവയില്‍ ചിലത് നോക്കാം...

ഒന്ന്...

നിങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നയാള്‍ നിങ്ങളെ കാണുമ്പോള്‍ തന്നെ കൈ തരുന്നു. ആ സമയത്ത് അയാളുടെ കൈ വിയര്‍ത്തിട്ടുണ്ടോ? എങ്കില്‍ മനസിലാക്കണം, അയാള്‍ അല്‍പം അസ്വസ്ഥതയിലോ ആശങ്കയിലോ പേടിയിലോ ആണ്. നടക്കാനിരിക്കുന്ന എന്തിനെയോ ഓര്‍ത്തായിരിക്കണം അയാളൊരുപക്ഷേ 'ടെന്‍ഷന്‍' അടിക്കുന്നത്. എന്താണെങ്കിലും മിക്ക സാഹചര്യങ്ങളിലും അത് നല്ലൊരു സൂചനയല്ല. (എപ്പോഴും കൈവെള്ള വിയര്‍ക്കുന്നത് ചിലരുടെ ശരീരത്തിന്റെ സ്വഭാവമാകാറുണ്ട്. നിങ്ങള്‍ കാണുന്ന വ്യക്തിക്ക് ഇ സവിശേഷതയുണ്ടോയെന്ന് കൂടി നിങ്ങള്‍ ഉറപ്പുവരുത്തേണ്ടിവരും.) 

രണ്ട്...

ചിലരുണ്ട്, നമ്മള്‍ കൈ കൊടുക്കുമ്പോള്‍ വളരെ ഔപചാരികമായി കൈ തരും. എന്നാല്‍ അയാളുടെ കൈ നമുക്ക് ചത്തുമരവിച്ച് എന്തിലോ തൊടുന്നത് പോലെ അനുഭവപ്പെടും. അത്രയും നിര്‍വികാരതയായിരിക്കും ആ ഷേക്ക് ഹാന്‍ഡിന്. ഇങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ ഏകദേശം ഉറപ്പിക്കാം, മുന്നില്‍ നില്‍ക്കുന്ന ആള്‍ നിങ്ങളിലോ നിങ്ങളുമായുള്ള കൂടിക്കാഴ്ചയിലോ അത്ര തല്‍പരനല്ല. അതല്ലെങ്കില്‍ അയാള്‍ അല്‍പം 'റിസര്‍വ്ഡ് ടൈപ്പ്' ആയിരിക്കും. നമ്മുടെ സംഭാഷണത്തിലേക്ക് അയാളെ കൊണ്ടുവരാന്‍ കുറച്ച് പാടുപെടേണ്ടിവരും. 

മൂന്ന്...

ചിലയാളുകള്‍ ചാടിക്കേറി കൈതരും. എന്നിട്ട് നമ്മുടെ കൈ ഞെരിച്ചുകളയും പോലെ അത്രയും ശക്തിയായി പിടിക്കും. 'ഓവര്‍ എനര്‍ജറ്റിക് ഷേക്ക് ഹാന്‍ഡ്' എന്ന് വേണമെങ്കില്‍ പറയാം. സ്വതവേ ഇത്തരക്കാര്‍ മുന്നിലെത്തുന്നവരെ ഒന്ന് ഭയപ്പെടുത്തി, അധീനതയിലാക്കാന്‍ താല്‍പര്യപ്പെടന്നവരായിരിക്കും. ആദ്യഘട്ടത്തില്‍ തന്നെ നിങ്ങളെ ഞെട്ടിക്കുകയും അതിനോട് നിങ്ങളെങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിക്കുകയുമാകാം ഈ ഷേക്ക് ഹാന്‍ഡിന്റെ ലക്ഷ്യം. 

നാല്...

രാഷ്ട്രീയക്കാര്‍ ഷേക്ക് ഹാന്‍ഡ് തരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? മിക്കവരും ആദ്യം ഒരു കൈ കൊണ്ട് കൈ തന്ന ശേഷം, മറ്റേ കൈ കൊണ്ടുകൂടി നമ്മുടെ കൈ പൊതിഞ്ഞുപിടിക്കും. കെട്ടിപ്പിടിക്കുന്നത് പോലുള്ള ഷേക്ക് ഹാന്‍ഡ്. കരുതലും വിശ്വാസവും പ്രകടിപ്പിക്കാനുള്ള ഷേക്ക് ഹാന്‍ഡാണിത്. ഒന്നുകില്‍ ഇതൊരു തന്ത്രമായി ഉപയോഗിക്കാം. അല്ലെങ്കില്‍ ആത്മാര്‍ത്ഥമായും വിശ്വാസവും കരുതലും തോന്നുന്നതിനാലും ഇങ്ങനെ ചെയ്യാം. 

അഞ്ച്...

ചിലര്‍ ഷേക്ക് ഹാന്‍ഡിന് പകരം കൈകള്‍ മടക്കി, പരസ്പരം കൂട്ടിമുട്ടിക്കാറുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ ഷേക്ക് ഹാന്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെങ്കിലും, ഇതിനും ചില അര്‍ത്ഥങ്ങളില്ലാതില്ല. ഒരാള്‍ നിങ്ങളെ സുഹൃത്തായി കണക്കാക്കുകയോ, അങ്ങനെ കരുതാമെന്ന് പ്രതീക്ഷിക്കുകയോ ചെയ്യുന്നതാണത്രേ ഇതിന്റെ അര്‍ത്ഥം. എന്തായാലും നല്ല സൂചനയാണ് ഇത് പങ്കുവയ്ക്കുന്നത്.
 

click me!