
സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ, ഒരു നിമിഷം പോലും ഫോണിൽ നിന്ന് കണ്ണെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് യുവതലമുറ. ഇൻസ്റ്റാഗ്രാം റീലുകളിലും ടിക്ടോക് വീഡിയോകളിലും മുഴുകി 'ഡൂംസ്ക്രോളിങ്' എന്ന കെണിയിൽ അകപ്പെടുന്നവർക്ക് ഒരു ആശ്വാസമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന 'ജെൻ സി ടൈംഔട്ട്' ട്രെൻഡ്. വെറും 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്രെൻറ്റുകളുമായി സോഷ്യൽ മീഡിയ കീഴടക്കിയ ജെൻ സി, ഇപ്പോൾ അതിൽ നിന്ന് ശാന്തമായ ഒരു 'ഒളിച്ചോട്ടം' ആവശ്യപ്പെടുകയാണ്.
സമൂഹ്യ മാധ്യമങ്ങളിൽ സദാസമയം മുഴുകിയിരിക്കുന്ന ശീലത്തിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതിനെയാണ് 'ജെൻ സി ടൈംഔട്ട്' എന്ന് വിളിക്കുന്നത്. ചുരുക്കത്തിൽ, 'ഓൺലൈൻ' ജീവിതത്തിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞ് മാറി, മനസ്സിന് ശാന്തത നൽകാനുള്ള ഒരു ശ്രമമാണിത്. ഡിജിറ്റൽ ലോകവുമായി യാതൊരു ബന്ധവും പാടില്ല എന്നതാണ് ഇതിൻ്റെ നിയന്ത്രണങ്ങളിൽ ഒന്ന്. ഒന്നും ചെയ്യാതെ, നിശ്ശബ്ദമായി കുറച്ചുനേരം ഇരിക്കുക എന്നതാണ് ഇതിന്റെയെല്ലാം ലക്ഷ്യം. മുൻപ് 'ധ്യാനം' എന്ന പേരിലറിയപ്പെട്ടിരുന്നതിനെ ജെൻ സി പുതിയൊരു പേരിലേക്ക് മാറ്റിയെടുത്തതാണോ ഇതെന്ന് പലരും ചോദിക്കുന്നുണ്ട്.
നിരന്തരമായ ഡിജിറ്റൽ ഉത്തേജനത്തിൽ നിന്ന് മോചനം നേടാനുള്ള ശ്രമമായാണ് പലരും ഈ ട്രെൻഡിനെ കാണുന്നത്. അമിതമായ സ്ക്രീൻ സമയം കാരണം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത ഈ തലമുറയ്ക്ക്, 'ഒന്നും ചെയ്യാതെ ഇരിക്കുന്നത്' പോലും ഒരു വലിയ കാര്യമായി മാറുന്നു. എന്നാൽ, ഇതിനെ വിമർശിക്കുന്നവരും കുറവല്ല. വെറുതെ ഇരിക്കുന്നത് ഒരു ട്രെൻഡ് ആക്കി മാറ്റുന്നത് ഡിജിറ്റൽ ആസക്തിയുടെ ഏറ്റവും സങ്കടകരമായ ലക്ഷണമാണെന്ന് ചിലർ വാദിക്കുന്നു. 15 മിനിറ്റ് നിശ്ശബ്ദമായി ഇരിക്കുന്നത് പോലും ഒരു 'പരിഹാരം' എന്ന നിലയിൽ അവതരിപ്പിക്കേണ്ടി വരുന്നത് ജെൻ സി യുടെ ശ്രദ്ധക്കുറവിന്റെ സൂചനയാണത്രേ. എങ്കിലും, ഈ ട്രെൻഡ് എന്ത് പേരിലായാലും, തിരക്കുപിടിച്ച ഓൺലൈൻ ലോകത്തുനിന്ന് ഒരു ബ്രേക്ക് എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു എന്നതിൽ സംശയമില്ല.