
അകാലനരയാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. തലമുടി സംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വിറ്റാമിനുകള്‍ ആവശ്യമാണ്. അതിനാല്‍ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. മുട്ട
പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ബയോട്ടിനും വിറ്റാമിന്‍ ബിയും ഡിയും അടങ്ങിയ ഇവ തലമുടി വളരാനും അകാലനര പോലെയുള്ള പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും.
2. പാലും പാലുല്‍പ്പന്നങ്ങളും
പാൽ, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളില്‍ ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മെലാനിൻ ഉൽപാദനത്തെ സഹായിക്കുകയും തലമുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
3. മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് പോലെയുള്ള മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും.
4. നട്സും സീഡുകളും
വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സും സീഡുകളും തലമുടി വളരാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, ചിയ വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
5. പയറുവര്‍ഗങ്ങള്‍
പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ് തുടങ്ങിയവ പയറുവര്‍ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും അകാലനരയെ അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.