
ക്രിസ്മസ് എന്നാൽ കേക്കും വൈനും മാത്രമായിരുന്ന കാലം കഴിഞ്ഞു. ഭക്ഷണകാര്യത്തിൽ എന്നും പുത്തൻ പരീക്ഷണങ്ങൾ ആഗ്രഹിക്കുന്ന ജെൻ സി തലമുറ ഇത്തവണ ക്രിസ്മസ് തീൻമേശകളിലേക്ക് തിരികെ കൊണ്ടുവരുന്നത് പഴയകാലത്തെ പ്രിയപ്പെട്ട സ്നാക്കായ ക്രാക്കറുകളെയാണ്. വെറുമൊരു ബിസ്ക്കറ്റ് എന്നതിലുപരി, വൈവിധ്യമാർന്ന ടോപ്പിംഗുകൾ ചേർത്ത് ആകർഷകമായ രീതിയിലാണ് ക്രാക്കറുകൾ ഇപ്പോൾ ആഘോഷങ്ങളുടെ ഭാഗമാകുന്നത്. നട്‌സും ചോക്ലേറ്റും ചീസും ഒക്കെ ചേർത്ത് ക്രാക്കറുകളെ എങ്ങനെയൊക്കെ മാറ്റിയെടുക്കാം എന്ന് നോക്കാം. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില 'ക്രാക്കർ' റെസിപ്പികൾ ഇതാ:
മഞ്ഞുകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഒന്നാണിത്. മധുരവും ഉപ്പും ചേർന്ന ഒരു പ്രത്യേക രുചിയാണ് ഇതിന്റെ പ്രത്യേകത. സാൾട്ടിൻ ക്രാക്കറുകൾ, ബട്ടർ, ബ്രൗൺ ഷുഗർ, ചോക്ലേറ്റ് ചിപ്‌സ്, നട്‌സ് എന്നിവയാണ് ഇതിന് ആവശ്യമായ സാധാനങ്ങൾ. ഒരു പാത്രത്തിൽ ബട്ടറും ബ്രൗൺ ഷുഗറും ചേർത്ത് നന്നായി തിളപ്പിച്ച് കാരമൽ രൂപത്തിലാക്കുക. ഒരു ട്രേയിൽ നിരത്തിയിരിക്കുന്ന ക്രാക്കറുകൾക്ക് മുകളിലേക്ക് ഈ മിശ്രിതം ഒഴിക്കുക. ശേഷം അല്പനേരം ഓവനിലോ അടുപ്പത്തോ വെച്ച് ചൂടാക്കുക. പുറത്തെടുത്ത ഉടൻ തന്നെ ഇതിന് മുകളിലേക്ക് ചോക്ലേറ്റ് ചിപ്‌സ് വിതറുക. ചോക്ലേറ്റ് ഉരുകി കഴിയുമ്പോൾ നിരത്തി തേച്ച് തണുപ്പിക്കാൻ വയ്ക്കുക. ഇത് കഷ്ണങ്ങളായി വിളമ്പാം.
സാധാരണ നാച്ചോസിന് പകരം ക്രാക്കറുകൾ ഉപയോഗിച്ചുള്ള ഒരു 'സേവറി' സ്നാക്ക് ആണിത്. കനം കുറഞ്ഞ ക്രാക്കറുകൾ, ചീസ്, ഉള്ളി, തക്കാളി, പച്ചമുളക്, സോസ് എന്നിവ എടുക്കുക. ഒരു പ്ലേറ്റിൽ ക്രാക്കറുകൾ നിരത്തി അതിന് മുകളിൽ ചെറുതായി അരിഞ്ഞ പച്ചക്കറികളും ധാരാളം ചീസും വിതറുക. ചീസ് ഉരുകുന്നത് വരെ ഒന്ന് ചൂടാക്കുക. മുകളിൽ അല്പം ചില്ലി ഫ്ലേക്സ് കൂടി വിതറിയാൽ ക്രാക്കർ നാച്ചോസ് റെഡി.
പെട്ടെന്ന് തയ്യാറാക്കാവുന്നതും കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതുമായ രീതിയാണിത്. ക്രാക്കറുകൾ, നുട്ടെല്ല അല്ലെങ്കിൽ പീനട്ട് ബട്ടർ, പഴം കഷ്ണങ്ങൾ അല്ലെങ്കിൽ സ്ട്രോബെറി എന്നിവ എടുത്ത്, ക്രാക്കറുകൾക്ക് മുകളിൽ നുട്ടെല്ലയോ പീനട്ട് ബട്ടറോ തേക്കുക. അതിന് മുകളിൽ ഇഷ്ടപ്പെട്ട പഴങ്ങൾ വെച്ച് അലങ്കരിക്കാം. ഒരു ഹെൽത്തി സ്നാക്ക് വേണമെന്നുള്ളവർക്ക് അവോക്കാഡോ ഉടച്ചതും ഇതിന് മുകളിൽ ഉപയോഗിക്കാം.
ആരോഗ്യകരമായ സ്നാക്ക് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണിത്. ആവശ്യമായ സാധാനങ്ങൾ ; മൾട്ടിഗ്രെയ്ൻ ക്രാക്കറുകൾ, പഴുത്ത അവോക്കാഡോ, നാരങ്ങാനീര്, ചില്ലി ഫ്ലേക്സ്, ഉപ്പ്. അവോക്കാഡോ നന്നായി ഉടച്ച് അതിൽ നാരങ്ങാനീരും ഉപ്പും ചേർക്കുക. ഇത് ക്രാക്കറുകൾക്ക് മുകളിൽ പുരട്ടി അല്പം ചില്ലി ഫ്ലേക്സ് വിതറി വിളമ്പുക.
കാണാൻ വളരെ ഭംഗിയുള്ളതും രുചികരവുമായ ഒരു കോംബോയാണിത്. ആവശ്യമായവ സ്വീറ്റ് ക്രാക്കറുകൾ, ക്രീം ചീസ്, തേൻ, മുറിച്ച സ്ട്രോബെറി കഷ്ണങ്ങൾ. ക്രാക്കറിന് മുകളിൽ ക്രീം ചീസ് തേക്കുക. അതിന് മുകളിൽ സ്ട്രോബെറി കഷ്ണങ്ങൾ വെച്ച് അല്പം തേൻ ഒഴിക്കുക. പുതിനയില ഉണ്ടെങ്കിൽ മുകളിൽ അലങ്കാരത്തിനായി വെക്കാം.
ഇതൊരു മിനി മീൽ പോലെ ഉപയോഗിക്കാം. ആവശ്യമായവ: ക്രാക്കറുകൾ, വേവിച്ച് ഉടച്ച ചിക്കൻ അല്ലെങ്കിൽ ട്യൂണ, മയോണൈസ്, കുരുമുളക് പൊടി, മല്ലിയില. ചിക്കൻ/ട്യൂണ മയോണൈസും കുരുമുളകും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ക്രാക്കറുകൾക്ക് മുകളിൽ വെച്ച് മല്ലിയില തൂകി വിളമ്പുക.
സോഷ്യൽ മീഡിയയിൽ തരംഗമായ 'പിക്കി ബിറ്റ്സ്' എന്ന ആശയമാണ് ക്രാക്കറുകളെ ജനപ്രിയമാക്കിയത്. കുറഞ്ഞ ചിലവിൽ തയ്യാറാക്കാം എന്നതും, ഓരോരുത്തർക്കും ഇഷ്ടമുള്ള ടോപ്പിംഗുകൾ തിരഞ്ഞെടുക്കാം എന്നതുമാണ് ഇതിന്റെ പ്രത്യേകത. കൂടാതെ, ക്രിസ്മസ് ബ്രഞ്ചിന് ഒരു വ്യത്യസ്തത കൊണ്ടുവരാൻ ക്രാക്കറുകൾ സഹായിക്കുന്നു.