
സോഷ്യൽ മീഡിയ ട്രെൻഡുകൾ യുവതലമുറയെ സ്വാധീനിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ഫ്രിഡ്ജ് സിഗരറ്റ്’. പേര് കേട്ട് അമ്പരക്കേണ്ട, പുകവലിയുമായി ഇതിന് നേരിട്ട് ബന്ധമില്ല. മറിച്ച്, ജെൻ സി തലമുറ തങ്ങളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും ഒരു 'ബ്രേക്ക്' എടുക്കാനുമായി കണ്ടെത്തിയ രസകരമായ ഒരു പുതിയ ശീലമാണിത്. എന്നാൽ, ഈ 'പുകയില്ലാത്ത സിഗരറ്റ്' ശീലം ആരോഗ്യകരമാണോ.
ഫ്രിഡ്ജ് തുറന്ന്, തണുത്ത ഒരു ഡയറ്റ് കോക്ക് കാനോ മറ്റ് ശീതളപാനീയങ്ങളോ എടുത്ത് സാവധാനം കുടിക്കുന്നതിനെയാണ് 'ഫ്രിഡ്ജ് സിഗരറ്റ്' എന്ന് വിശേഷിപ്പിക്കുന്നത്.
സിഗരറ്റ് വലിക്കുമ്പോൾ ലഭിക്കുന്ന 'സ്‌മോക്ക് ബ്രേക്ക്' പോലെ, തിരക്കിനിടയിലെ ഒരു ആശ്വാസത്തിനായി ഇത് ഉപയോഗിക്കുന്നു. ഒരു നീണ്ട ദിവസത്തെ ക്ഷീണത്തിന് ശേഷം, തണുത്ത ഡയറ്റ് കോക്കിന്റെ കാൻ തുറക്കുമ്പോഴുള്ള 'ക്ലിക്കി'ന്റെ ശബ്ദവും, നുരഞ്ഞുപൊങ്ങുന്ന പതയും, തൊണ്ടയിലൂടെ താഴുന്ന തരിപ്പും… ഇതെല്ലാം ചേർന്ന് നൽകുന്ന ഒരു പ്രത്യേക അനുഭൂതിയാണ് ഈ ട്രെൻഡിന്റെ കാതൽ.
വിശപ്പ്, ദാഹം എന്നിവയേക്കാൾ ഉപരി, മാനസിക പിരിമുറുക്കം, വിരസത, വൈകാരികമായ ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകുമ്പോൾ ഒരു താത്കാലിക ആശ്വാസത്തിനായി ഇത് പലരും ഉപയോഗിക്കുന്നു. "ടൈം ഫോർ മൈ ആഫ്റ്റർനൂൺ ഫ്രിഡ്ജ് സിഗരറ്റ്" എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഈ ട്രെൻഡിൽ, പഞ്ചസാര കൂടുതലായുള്ള സാധാരണ കോളകളെക്കാൾ ഡയറ്റ് കോക്കിനോടാണ് ജെൻ സി-ക്ക് കൂടുതൽ താൽപര്യം. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്:
കുറഞ്ഞ കലോറി: ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായ പുതിയ തലമുറ, പരമ്പരാഗത കോളകളിലെ ഉയർന്ന അളവിലുള്ള പഞ്ചസാരയും കലോറിയും ഒഴിവാക്കാൻ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ജെൻ സി കൂടുതലയും കലോറി കുറഞ്ഞ ഡയറ്റ് കോക്ക് ഉപയോഗിക്കുന്നു.
രുചിയും 'ഫീലും' : കാനിലുള്ള ശീതളപാനീയങ്ങൾ നൽകുന്ന തണുപ്പും 'ഫിസ്സി' ആയ അനുഭവവും, കൂടാതെ പരസ്യങ്ങളിലൂടെയും മറ്റും ലഭിച്ച ആകർഷകമായ എസ്തീറ്റിക് വൈബും ഡയറ്റ് കോക്കിനെ ഈ ട്രെൻഡിന്റെ അവിഭാജ്യ ഘടകമാക്കുന്നു.
സുരക്ഷിതമെങ്കിലും ശ്രദ്ധിക്കണം
'ഫ്രിഡ്ജ് സിഗരറ്റ്' യഥാർത്ഥ സിഗരറ്റിനേക്കാൾ ദോഷകരമല്ലെങ്കിലും, ഇതിന് ആരോഗ്യപരമായ ദോഷവശങ്ങൾ ഇല്ലെന്ന് പറയാനാകില്ല.
കൃത്രിമ മധുരങ്ങൾ ; ഡയറ്റ് കോക്കിൽ ഉപയോഗിക്കുന്ന കൃത്രിമ മധുരങ്ങൾ അമിതമായി ഉപയോഗിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ ബാധിക്കാനും, മെറ്റബോളിസം സിൻഡ്രോം, അമിതവണ്ണം എന്നിവയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്.
കാർബണേഷൻ ; ശീതളപാനീയങ്ങളിലെ കാർബൺഡൈ ഓക്‌സൈഡ് വയറുവേദന, ഗ്യാസ് എന്നിവയ്ക്ക് ഇടയാക്കും.
കഫീൻ ; പല ഡയറ്റ് കോക്കുകളിലും അടങ്ങിയിട്ടുള്ള കഫീൻ ഉറക്കക്കുറവ്, ഉത്കണ്ഠ, അമിതമായ ക്ഷീണം എന്നിവയ്ക്ക് കാരണമായേക്കാം.
സമ്മർദ്ദം കുറയ്ക്കുന്നതിന് ഈ ശീലത്തെ സ്ഥിരമായി ആശ്രയിക്കുന്നത്, വിശ്രമം, വ്യായാമം തുടങ്ങിയ ആരോഗ്യകരമായ സമ്മർദ്ദ ലഘൂകരണ മാർഗ്ഗങ്ങളിൽ നിന്നും ആളുകളെ അകറ്റുന്നു.
'ഫ്രിഡ്ജ് സിഗരറ്റ്' ഒരു രസകരമായ ട്രെൻഡാണ്. എന്നാൽ ഇത് ഒരു 'സ്മോക്ക് ബ്രേക്ക്' പോലെ ഇടയ്ക്കിടെ എടുക്കാവുന്ന ഒരു ഇടവേളയായി മാത്രം കാണുക. വെള്ളം പോലെ എപ്പോഴും കുടിക്കുന്ന ഒരു ശീലമാക്കി മാറ്റുന്നത് ഭാവിയിൽ ആരോഗ്യപരമായ വലിയ പ്രശ്നങ്ങൾക്ക് വഴി തുറന്നേക്കാം. ആരോഗ്യകരമായ ബദലുകൾ (ഹെർബൽ ടീ, കട്ടൻ ചായ, നാരങ്ങാ വെള്ളം) തിരഞ്ഞെടുക്കുന്നതിലൂടെ ഈ 'ബ്രേക്ക്' കൂടുതൽ ഫലപ്രദമാക്കാം എന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.