ആളെക്കൊല്ലികളായ 'രാക്ഷസക്കടന്നല്‍'; കുത്തേറ്റ് മരിച്ചത് നിരവധി പേര്‍...

By Web TeamFirst Published May 5, 2020, 11:24 PM IST
Highlights

പരിപൂര്‍ണ്ണ ആരോഗ്യവാനായ ഒരാളെ വരെ കൊല്ലാന്‍ കെല്‍പുള്ള വിഷമാണ് ഇതിനുള്ളത്. എന്നാല്‍ ഇതിന്റെ കുത്ത് കിട്ടിയാല്‍ എല്ലായ്‌പോഴും മരണം സംഭവിക്കണമെന്നില്ല. പല തവണ കുത്തേല്‍ക്കുന്ന സാഹചര്യമാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്. അങ്ങനെ വന്നാല്‍ മരണം ഉറപ്പാണെന്നാണ് വിദഗ്ധര്‍ പറയുന്നത്

നമ്മുടെ വീട്ടുപരിസരങ്ങളിലോ പറമ്പിലോ ഒക്കെ സാധാരണഗതിയില്‍ കാണുന്ന കടന്നലുകളെക്കാള്‍ ഇരട്ടിവലിപ്പം. വമ്പന്‍ ചിറകുകള്‍. ഭയപ്പെടുത്തുന്ന മൂളല്‍. ആളെക്കൊല്ലികളായ 'രാക്ഷസക്കടന്നലി'നെ വിശേഷിപ്പിക്കാന്‍ ഇങ്ങനെ പ്രത്യേകതകളേറെയുണ്ട്. 

'ഏഷ്യന്‍ ജയന്റ് ഹോര്‍നെറ്റ്' എന്നറിയപ്പെടുന്ന ഈ ആളെക്കൊല്ലി, ലോകത്തിലെ തന്നെ ഏറ്റവും വലിയ കടന്നലാണ്. കിഴക്കന്‍ ഏഷ്യയിലാണ് ഇത് കാണപ്പെടുന്നത്. ജനവാസകേന്ദ്രങ്ങളിലൊന്നും കൂടാതെ കാട്ടിലോ മലകളിലോ ഒക്കെയാണ് ഇവ തമ്പടിക്കുക. തേനീച്ചകളേയും മറ്റ് ചെറുപ്രാണികളേയും ഭക്ഷണവുമാക്കും.

ഇപ്പോള്‍ ഇവ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. എങ്ങനെയെന്നല്ലേ? ഇങ്ങ് കിഴക്കന്‍ ഏഷ്യയില്‍ കിടക്കുന്ന ഈ ആളെക്കൊല്ലിയെ ഇപ്പോള്‍ അമേരിക്കയില്‍ ജനവാസകേന്ദ്രങ്ങളില്‍ കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യര്‍ക്കും കൃഷിക്കും മറ്റ് ചെറുപ്രാണികള്‍ക്കുമെല്ലാം വെല്ലുവിളിയാകുന്ന ഈ വമ്പന്‍ എങ്ങനെയാണ് അമേരിക്കയില്‍ കാണപ്പെടുന്നത് എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. 

പരിപൂര്‍ണ്ണ ആരോഗ്യവാനായ ഒരാളെ വരെ കൊല്ലാന്‍ കെല്‍പുള്ള വിഷമാണ് ഇതിനുള്ളത്. എന്നാല്‍ ഇതിന്റെ കുത്ത് കിട്ടിയാല്‍ എല്ലായ്‌പോഴും മരണം സംഭവിക്കണമെന്നില്ല. പല തവണ കുത്തേല്‍ക്കുന്ന സാഹചര്യമാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്. അങ്ങനെ വന്നാല്‍ മരണം ഉറപ്പാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Also Read:- കണ്ണൂരിൽ കടന്നലിന്‍റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു...

വിഷം പിടിച്ചുകഴിഞ്ഞാല്‍ ഹൃദയം നിലച്ചോ, ശ്വാസതടസം നേരിട്ടോ ഒക്കെയാകാമത്രേ മരണം. ജപ്പാനിലും മറ്റും ഇത്തരത്തില്‍ നിരവധി പേര്‍ ആളെക്കൊല്ലിക്കടന്നലിന്റെ കുത്തേറ്റ് മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

എന്തായാലും മനുഷ്യജീവന് പോലും ഭീഷണി ഉയര്‍ത്തുന്ന ഇവയെ ഇനിയും പെറ്റുപെരുകാന്‍ അനുവദിക്കാതെ അടിയന്തരമായി നശിപ്പിച്ചുകളയാനുള്ള പുറപ്പാടിലാണ് നോര്‍ത്ത് അമേരിക്കയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍. ഇപ്പോള്‍ ഇവയുടെ പ്രജനന കാലമാണത്രേ, ഈ സമയങ്ങളില്‍ ഇവയെ വെറുതെ വിട്ടാല്‍ പിന്നീട് കയ്യിലൊതുങ്ങാത്തത്രയും വലിയ വിഷയമായി ഇത് മാറുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. അതിനാല്‍ ഇവയുടെ വാസസ്ഥലങ്ങള്‍ കണ്ടെത്തി, കൂട്ടമായി നശിപ്പിക്കാനാണ് ഇവരുടെ പുറപ്പാട്. 

Also Read:- ചേര്‍ത്തല മണവേലിയില്‍ കടന്നലാക്രമണം; പത്തോളം പേര്‍ക്ക് പരിക്ക്...

click me!