മരിച്ച് നാലാം ദിവസം കുഴിമാടത്തില്‍ നിന്ന് അയാള്‍ അലറി 'എന്നെ തുറന്നുവിടൂ'

By Web TeamFirst Published Oct 15, 2019, 1:13 PM IST
Highlights

''എവിടെയാണ് ഞാന്‍ ? എന്നെ തുറന്നുവിടൂ, ഇതിനുള്ളില്‍ കൂരിരുട്ടാണ്'' കുഴിമാടത്തിലേക്കിറക്കിയ ശവപ്പെട്ടിയുടെ ഉള്ളില്‍നിന്നായിരുന്നു  ആ കരച്ചില്‍.

മരിച്ചവരെ അടക്കം ചെയ്യുന്ന നേരം സെമിത്തേരിയില്‍ കാണുന്ന മുഖങ്ങളെല്ലാം ദുഃഖാര്‍ദ്രമായിരിക്കും. ഉള്ളില്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള വിങ്ങലില്‍ നില്‍ക്കുന്നവര്‍. ഐര്‍ലന്‍റിലെ കില്‍മനാഗില്‍ ഷായ് ബ്രാഡ്ലിയെ അടക്കം ചെയ്യുന്ന നിമിഷവും നിശബ്ദവും ദുഖാര്‍ദ്രവുമായിരുന്നു. എന്നാല്‍ പെട്ടന്നാണ് ആ നിമിഷം ഭയത്തിനും പിന്നീട് കൂട്ടച്ചിരിക്കും വഴിമാറിയത്. 

ഐറിഷ് പ്രതിരോധ സേനയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഷായ്. ശനിയാഴ്ചയായിരുന്നു മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഷായിയെ കുഴിമാടത്തിലേക്ക് എടുത്തത്. എന്നാല്‍ ശവപ്പെട്ടി കുഴിമാടത്തിലിറക്കി, ആദ്യപിടി മണ്ണിടും മുമ്പ് അവിടെ ഉയര്‍ന്നത് ഒരു അലര്‍ച്ചയായിരുന്നു... 

'' ഹലോ ഹലോ എന്നെ തുറന്നുവിടൂ..''  എവിടെനിന്നാണാ ശബ്ദമെന്നത് എല്ലാവരെയും ഞെട്ടിച്ചു. കുഴിമാടത്തിലേക്കിറക്കിയ ശവപ്പെട്ടിയുടെ ഉള്ളില്‍നിന്നായിരുന്നു  ആ കരച്ചില്‍.

''എവിടെയാണ് ഞാന്‍ ? എന്നെ തുറന്നുവിടൂ, എന്നെ തുറന്നുവിടൂ. ഇതിനുള്ളില്‍ കൂരിരുട്ടാണ്. പുരോഹിതന്‍ അവിടെ ഉണ്ടോ? ഞാന്‍ ഷായ് ആണ്, ഞാന്‍ ഈ പെട്ടിക്കുള്ളിലാണ്, ആരും നിങ്ങള്‍ക്ക് മുമ്പിലില്ലേ, ഞാന്‍ മരിച്ചു'' 

തുടര്‍ന്ന് ഷായ് ഇങ്ങനെ പാടി '' ഹലോ ഹലോ ഹലോ ഞാന്‍ യാത്ര പറയാന്‍ വിളിച്ചതാണ്...'' 

ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്ന ഷായുടെ ശബ്ദം കുഴിമാടത്തില്‍ നിന്ന് പുറത്തുവരുന്നത് കേട്ടതോടെ  ചടങ്ങിനെത്തിയ എല്ലാവരും പേടിച്ചരണ്ടു. എന്താണ് അടുത്ത നിമിഷം സംഭവിക്കാന്‍ പോകുന്നതെന്ന ഭയം അവരുടെ കണ്ണുകളില്‍ നിഴലിച്ചു. 

എന്നാല്‍ ആ ഭീതി നിറഞ്ഞ അന്തരീക്ഷം ഒരു പൊട്ടിച്ചിരിയിലേക്കായിരുന്നു വഴി മാറിയത്. ഒക്ടോബര്‍ എട്ടിനാണ് ഷായ് മരിച്ചത്. രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന ഷായ് തന്‍റെ മരണം മുന്നില്‍ കണ്ടിരുന്നു. അയാള്‍ അവസാനമായി ഒരുക്കിയ ചെറിയ തമാശയായിരുന്നു ആ റെക്കോര്‍ഡഡ് ഓഡിയോ. 

പിതാവ് മരിക്കുന്നതിന് മുമ്പ് റെക്കോര്‍ഡ് ചെയ്ത ഓഡിയോ, സ്പീക്കറീലൂടെ കേള്‍പ്പിക്കുകയായിരുന്നുവെന്ന് ഷായുടെ മകള്‍ പറഞ്ഞു. '' എത്ര പേരെ തനിക്ക് ചിരിപ്പിക്കാനാകുമെന്ന്  അദ്ദേഹത്തിന് അറിയണമായിരുന്നു. അസാമാന്യ സ്വഭാവ സവിശേഷതയുള്ള ആളായിരുന്നു അദ്ദേഹം'' മകള്‍ കൂട്ടിച്ചേര്‍ത്തു. 

click me!