
24 വയസ്സുള്ള ഒരു യുവാവ്. തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ല എന്ന പ്രശ്നം വളരെ നാളായി ആ വ്യക്തിയെ അലട്ടുകയാണ്. ഒരു കാര്യവും ചെയ്യാനുള്ള താല്പര്യം ഇല്ലാതായി. കാരണങ്ങൾ എന്തെല്ലാമാണ് എന്ന് ചോദിച്ചപ്പോഴാണ് മനസ്സിലാകുന്നത് ആ വ്യക്തിയുടെ മാതാപിതാക്കൾ വളരെ വർഷങ്ങളായി വഴക്കാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രശ്നങ്ങൾ വളരെ വഷളാവുകയും അവർ വിവാഹമോചനം എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ്.
24 വയസ്സുള്ള ഒരാളാണ്, വളരെ വർഷങ്ങളായി മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ കാണുന്നതാണ് എങ്കിൽപ്പോലും ആ വ്യക്തി ചിന്തിക്കുന്നത് എന്റെ മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം ഞാൻ ആണോ? ഞാൻ ജനിച്ചതാണോ പ്രശ്നം?- ഇങ്ങനെ നിരവധി ചോദ്യങ്ങൾ ആ വ്യക്തിയുടെ മനസ്സിലേക്കു കടന്നുവന്നു. വല്ലാതെ മനസ്സു വിഷമിച്ചു.
ജോലിയിലോ സുഹൃത്തുക്കളോടു സംസാരിക്കാനോ ഉള്ള താത്പര്യം നഷ്ടപ്പെട്ടു. ഏതു പ്രായക്കാരിലും കൊച്ചു കുട്ടികളിൽ പ്രത്യേകിച്ചും വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യമാണ് മാതാപിതാക്കൾ പിരിയുക എന്നത്.
ചെറിയ കുട്ടികളെ എങ്ങനെ ബാധിക്കുന്നു ?
ചെറിയ കുട്ടികൾ ആണെങ്കിൽ പോലും മാതാപിക്കൾ തമ്മിൽ വഴക്കുണ്ടാകുന്നതും, അവർ പിരിയാൻ പോകുന്നു എന്ന അവസ്ഥയും കുറച്ചെങ്കിലും അവർക്കു മനസ്സിലാകും. നിരന്തരം വഴക്കുകൾ നിറഞ്ഞ സാഹചര്യത്തിൽ വളരുമ്പോൾ ഉത്കണ്ഠയുടെ ചില ലക്ഷണങ്ങൾ അവർ പ്രകടിപ്പിക്കും. ഉദാ: നഖം കടിക്കുക, കിടക്കയിൽ മൂത്രമൊഴിക്കുക പോലെയുള്ളവ അവർ അനുഭവിക്കുന്ന ടെൻഷന്റെ ലക്ഷണങ്ങൾ ആയിരിക്കാം.
പഠനത്തിൽ പിന്നോട്ടാവുക, മാതാപിതാക്കൾ രണ്ടുപേരും തന്നെ ഉപേക്ഷിച്ചുപോകുമ്പോൾ ആരുമില്ലാതാവുക എന്ന രീതിയിൽ ചിന്തിച്ചു ഭയപ്പെടുക, ഉറക്കത്തിൽ സ്വപ്നം കണ്ടു ഞെട്ടി ഉണരുക പോലെയുള്ള അവസ്ഥകൾ ഉണ്ടാകാം. ചില കുട്ടികളിൽ അമിതമായ ദേഷ്യം, സംസാരിക്കാതെ ഒഴിഞ്ഞു മാറുക എന്നീ അവസ്ഥകളും ഉണ്ടാകാം.
കൗമാരമോ അതിനു മുകളിൽ പ്രായമുള്ള കുട്ടികളെ എങ്ങനെ ബാധിക്കുന്നു?
ദേഷ്യം, ലഹരി ഉപയോഗം, മോശം കൂട്ടുകെട്ടുകൾ എന്ന അവസ്ഥ ഉണ്ടായേക്കാം. റിലേഷൻഷിപ്പിനെക്കുറിച്ചുള്ള നെഗറ്റീവ് ആയ ചിന്ത, ആരെയും വിശ്വസിക്കാൻ കഴിയില്ല എന്ന തോന്നൽ, മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ കണ്ട് ഭാവിയിൽ വിവാഹം വേണ്ട എന്ന ചിന്ത എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
മാതാപിതാക്കൾ മക്കളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം
മാതാപിതാക്കൾ വിവാഹമോചിതർ ആകുമ്പോൾ ഉറപ്പായും മക്കളിൽ താൻ ഉപേക്ഷിക്കപെടുകയാണ് എന്ന തോന്നൽ ഉണ്ടാകാൻ സാധ്യത അധികമാണ്. അത് ഏതു പ്രായത്തിൽ ഉള്ള മക്കളാണ് എങ്കിലും അതവരെ ബാധിക്കും. വിവാഹമോചനത്തിലേക്ക് നയിക്കുന്ന കാരണങ്ങളെപ്പറ്റി അവരോടു സംസാരിക്കാം.
മക്കളുടെ ആത്മവിശ്വാസം ഇതുകാരണം തകരേണ്ടതില്ല എന്ന് പറഞ്ഞു മനസ്സിലാക്കണം. മാതാപിതാക്കൾ ഇതെല്ലാം പറഞ്ഞു മനസ്സിലാക്കാനുള്ള മാനസികാവസ്ഥയിൽ അല്ല എങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെ സേവനം സ്വീകരിക്കണം.
കുട്ടികളെ സ്വയം വിലയുള്ളവരായി കാണാനും വിഷാദത്തിലേക്കു വീണുപോകാതിരിക്കാൻ സഹായിക്കുകയും വേണം. ഇത് മക്കളുടെ തെറ്റല്ല ഇത് മാതാപിതാക്കളുടെ ഇടയിലുള്ള പ്രശ്നങ്ങളാണ് എന്ന് പറഞ്ഞു മനസ്സിലാക്കണം. ഇനി എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തിൽ ഉണ്ടാവുക, എന്തെല്ലാം പഴയതുപോലെ ആയിരിക്കും എന്ന കാര്യങ്ങൾ അവരോടു സംസാരിക്കുക.
(ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വര്‍ഗീസ് എഴുതിയ ലേഖനം. ഫോൺ നമ്പർ : 8281933323)