മുപ്പത് വർഷമായി വധുവിനെ പോലെ നടക്കുന്ന മനുഷ്യൻ; കാരണം വിചിത്രം

By Web TeamFirst Published Nov 4, 2019, 11:16 AM IST
Highlights

മുപ്പത് വര്‍ഷമായി വധുവിനെ  പോലെ സാരിയുടുത്ത് ആഭരണങ്ങള്‍ അണിഞ്ഞാണ് 66-കാരന്‍ ചിന്താഹരൺ ചൗഹാന്‍ ജീവിക്കുന്നത്. 

മുപ്പത് വര്‍ഷമായി വധുവിനെ  പോലെ സാരിയുടുത്ത് ആഭരണങ്ങള്‍ അണിഞ്ഞാണ് 66-കാരന്‍ ചിന്താഹരൺ ചൗഹാന്‍ ജീവിക്കുന്നത്. ഇതിന് പിന്നില്‍ വളരെ വിചിത്രമായ ഒരു കഥയാണ് ഉത്തർപ്രദേശിലെ ജലൽപുർ‌ സ്വദേശിയായ ചിന്താഹരണിന് പറയാനുള്ളത്. 

14-ാം വയസ്സിലായിരുന്നു ചൗഹാന്‍ ആദ്യം വിവാഹം കഴിച്ചത്. എന്നാൽ കുറച്ച് മാസങ്ങൾ കഴിഞ്ഞ്  ചൗഹാന്‍റെ ഭാര്യ മരിച്ചു. 21-ാം വയസ്സില്‍ ജോലിക്കായി ചൗഹാന്‍ ബംഗാളിലേക്ക് പോയി. അവിടെ ഇഷ്ടിക ചൂളയിലായിരുന്നു ജോലി ചെയ്തത്. അവിടെവെച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ ചൗഹാന്‍ പിന്നീട് വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധം ചൗഹാന്‍റെ വീട്ടുകാര്‍ക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് ചൗഹാന്‍ അവരെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാല്‍ അതില്‍ മനംനൊന്ത്  ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി ചൗഹാന്‍ അറിഞ്ഞു. 

കുറച്ച് നാളുകള്‍ക്ക് ശേഷം വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ചൗഹാന്‍ വീണ്ടും വിവാഹിതനായി. എന്നാൽ ഈ വിവാഹത്തിന് ശേഷം ചൗഹാന്‍റെ കുടുംബാംഗങ്ങൾ ഓരോരുത്തരായി മരിക്കാൻ തുടങ്ങി.

അച്ഛന്‍, മൂത്ത സഹോദരന്‍, മൂത്ത സഹോദരന്റെ ഭാര്യ, സഹോദരന്മാരുടെ മക്കള്‍ തുടങ്ങി കുടുംബത്തിലെ 14പേര്‍ തുടര്‍ച്ചയായി മരിച്ചു. ഈ സമയത്തെല്ലാം രണ്ടാം ഭാര്യയെ സ്വപ്നം കാണാറുണ്ട് എന്ന് ചൗഹാൻ പറയുന്നു. ഉറക്കെ ബഹളം വെയ്ക്കുന്ന , തന്നെ കുറ്റപ്പെടുത്തുന്ന രണ്ടാം ഭാര്യയുടെ മുഖം ഉറക്കം നഷ്ടപ്പെടുത്തിയെന്നും ചൗഹാൻ പറയുന്നു. രണ്ടാം ഭാര്യയുടെ പ്രേതം കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് എന്നാണ് ചൗഹാൻ വിശ്വസിക്കുന്നത്. സ്വപ്നത്തില്‍ വന്ന ഭാര്യയോട് മാപ്പ് പറഞ്ഞ ചൗഹാൻ  തന്നെയും കുടുംബത്തെയും വെറുതേ വിടണമെന്ന്  അപേക്ഷിച്ചു.  തന്‍റെ ഓര്‍മ്മയ്ക്കായി വധുവിനെ പോലെ ഒരുങ്ങി നടക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചതായി ചൗഹാൻ  പറഞ്ഞു. 

അന്ന് മുതല്‍ ചൗഹാൻ ഒരു വധുവിനെ പോലെ വസ്ത്രം ധരിച്ചാണ് നടക്കുന്നത്. ഇങ്ങനെ വധുവിനെ പോലെ നടക്കാന്‍ തുടങ്ങിയതിന് ശേഷമാണ് തന്‍റെ കുടുംബത്തിലെ തുടര്‍ച്ചയായ മരണങ്ങള്‍ അവസാനിച്ചത് എന്നും ചൗഹാൻ പറയുന്നു. ഇപ്പോള്‍ മൂന്നാം ഭാര്യയും മക്കളുമായി നന്നായി ജീവിക്കുകയാണെന്നും മരിക്കുന്ന വരെയും വധുവിനെ പോലെ നടക്കൂ എന്നും ചൗഹാൻ കൂട്ടിച്ചേര്‍ത്തു. 


 

click me!