Vishu 2022 : വിഷുവെത്തി; ഒരുക്കവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍...

Published : Apr 10, 2022, 11:04 PM IST
Vishu 2022 : വിഷുവെത്തി; ഒരുക്കവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍...

Synopsis

ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആഹ്ലാദപൂര്‍വ്വം വിഷുവിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. വഴിയോരങ്ങളില്‍ വിഷുവിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കണിക്കൊന്നകള്‍ പൂത്തുനിരന്ന് കഴിഞ്ഞിരിക്കുന്നു

മലയാളികളുടെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് വിഷു ( Vishu Celebrations ). മലയാളവര്‍ഷം തുടങ്ങുന്ന ദിവസമാണ് വിഷു ആഘോഷിക്കപ്പെടുന്നത്. മേടം ഒന്നിന് ഒരുക്കിവച്ച കണിയും കണ്ട് പുതുവര്‍ഷത്തിലേക്ക് ( Malayalam Year )ഐശ്വര്യത്തോടെ പ്രവേശിക്കുകയാണ് ചെയ്യുന്നത്. 

വിഷു, പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടാണ് ആഘോഷിക്കപ്പെടുന്നത്. രാവണന്റെ മേല്‍ രാമന്‍ നേടിയ വിജയം, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസം എന്നിങ്ങനെ പോകുന്നു ഈ ഐതിഹ്യങ്ങള്‍. ഇത്തരം ഐതിഹ്യങ്ങള്‍ക്കെല്ലാം അപ്പുറം മലയാളികള്‍ക്ക് വിഷു വിളവെടുപ്പ് ഉത്സവമാണ്. ഓണം കഴിഞ്ഞാല്‍ പിന്നെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്ന ഉത്സവം. 

വിളവെടുത്ത പച്ചക്കറികളും പഴങ്ങളും ഒപ്പം കണിക്കൊന്നയും കണിയായി ഒരുക്കിവച്ച്, പുത്തന്‍ വസ്ത്രമണിഞ്ഞ്, കൈനീട്ടം നല്‍കിയും വാങ്ങിയും ഒരു വര്‍ഷത്തേക്കുള്ള സമ്പല്‍ സമൃദ്ധിയെ ആഗ്രഹിക്കുന്ന സന്തോഷപ്രദമായ ദിവസം. 

വിളവെടുപ്പ് ഉത്സവങ്ങള്‍ ഇന്ത്യയിലെമ്പാടും പല സംസ്ഥാനങ്ങളിലായി പല സംസ്‌കാരങ്ങളോട് ബന്ധപ്പെട്ട് നടക്കാറുണ്ട്. മലയാളികള്‍ക്ക് ഓണവും വിഷുവും തന്നെ മുഖ്യം. ഓണം വിരിപ്പുകൃഷിയുമായി അടുത്തുനില്‍ക്കുന്നതാണെങ്കില്‍ വിഷു, ഫലങ്ങളുടെ വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയെല്ലാമാണ് വിഷുവിന് മുഖ്യം. 

ആദ്യമേ സൂചിപ്പിച്ചത് പോലെ വിഷുവിന് കണിയൊരുക്കുന്നതാണ് ഏറ്റവും വലിയ സവിശേഷത. വീട്ടിലെ മുതിര്‍ന്ന സ്ത്രീകളാണ് കണിയൊരുക്കുക. കണിയൊരുക്കുന്നതിന് തനത് രീതിയുമുണ്ട്. വൃത്തിയാക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും നിറച്ച് അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയുമെല്ലാം വയ്ക്കും. ഇതിനൊപ്പം തന്നെ കണിവെള്ളരി, നാരങ്ങ, നാളികേരം തുടങ്ങി പല ഫലങ്ങളും ഒപ്പം കണ്മഷി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും വയ്ക്കും. കണിക്കൊന്ന വിഷുക്കണിയുടെ ഒരു അവിഭാജ്യ ഘടകമാണ്. ഒപ്പം ഒരു നിലവിളക്കും. 

ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷുവിന് തങ്ങളാല്‍ കഴിയുംവിധം കണിയൊരുക്കാനും കൈനീട്ടം കൊടുക്കാനും കോടിയുടുക്കാനും സദ്യ വയ്ക്കാനുമെല്ലാം ശ്രമിക്കാറുണ്ട്. എവിടെയായിരുന്നാലും വീടിനെയും നാടിനെയും ജനിച്ചുവളര്‍ന്ന സംസ്‌കാരത്തെയും ഓര്‍മ്മിക്കാനും ആ ഓര്‍മ്മകളുടെ തണുപ്പ് നുകരാനും ഇത്തരം ആഘോഷങ്ങള്‍ നമ്മെ സഹായിക്കും. 

ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആഹ്ലാദപൂര്‍വ്വം വിഷുവിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. വഴിയോരങ്ങളില്‍ വിഷുവിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കണിക്കൊന്നകള്‍ പൂത്തുനിരന്ന് കഴിഞ്ഞിരിക്കുന്നു. നഗരങ്ങളിലാണെങ്കില്‍ കണിയൊരുക്കാനുളള വകകള്‍ 'റെഡിമെയ്ഡ്' ആയി വില്‍പനയ്‌ക്കൊരുങ്ങുന്നു. എന്തായാലും വിഷു, മലയാളികള്‍ക്ക് മാറ്റിനിര്‍ത്താനാകാത്തൊരു ആഘോഷവേളയാണെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ വിഷു അടുക്കുമ്പോഴുള്ള സന്തോഷവും സവിശേഷം തന്നെയാണ്.

Also Read:- വിഷു ഐതിഹ്യം; അറിഞ്ഞിരിക്കേണ്ട ചിലത്

 

'കണികാണും നേരം...'; വിഷുക്കണി കാണേണ്ടത് എപ്പോള്‍? മേടമാസം ഒന്നാം തീയതി പുലര്‍ച്ചെയുള്ള ആദ്യ കാഴ്ചയെ കണികാണല്‍ എന്നു പറയുന്നു. ഇതായിരിക്കും ഒരു വര്‍ഷത്തെ മുഴുവന്‍ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്നാണ് വിശ്വാസം.അതിനാല്‍ മനോഹരവും സുന്ദരവുമായ കണി ഒരുക്കി വയ്ക്കുന്നതിനെ വിഷുക്കണി എന്നു പറയുന്നു. ഓട്ടുരുളിയില്‍ ചക്ക, മാങ്ങ, പഴം, നാളികേരം, അരി, ധാന്യങ്ങള്‍, വെള്ളരിക്ക, കൊന്നപ്പൂവ്, സ്വര്‍ണ്ണം, വാല്‍ക്കണ്ണാടി, നാണയം, വെള്ളമുണ്ട്, വെറ്റില, അടക്ക,കണ്മഷി, ചാന്ത്, സിന്ദൂരം, നിലവിളക്കും ശ്രീകൃഷ്ണ വിഗ്രഹവും വീട്ടമ്മ തലേ ദിവസം രാത്രി തന്നെ ഒരുക്കി വയ്ക്കും... Read More...
 

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ