
നിങ്ങൾ ഡേറ്റ് ചെയ്യുന്ന വ്യക്തിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് എത്രയാണ്? അവരുടെ 'ക്ലൗട്ട്' നിങ്ങൾക്ക് എങ്ങനെ ഉപകരിക്കും? ഈ ചോദ്യങ്ങൾ പ്രണയബന്ധങ്ങളെ നിർവചിക്കുന്ന പുതിയ കാലമാണിത്. വൈകാരിക അടുപ്പം, ആത്മാർത്ഥത, സ്നേഹം... ഇതൊക്കെ ഇന്ന് പലർക്കും രണ്ടാമത്തെ കാര്യമാണ്. പകരം, പങ്കാളിയെ ഒരു 'സോഷ്യൽ മീഡിയാ പദവി' മാത്രമായി കാണുന്നു. അതെ, സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത് 'ത്രോണിംഗ്' എന്ന പുതിയ ഡേറ്റിംഗ് പ്രവണതയാണ്. യഥാർത്ഥ ബന്ധങ്ങളെക്കാൾ ഓൺലൈൻ സ്റ്റാറ്റസിനും ബ്രാൻഡ് മൂല്യത്തിനും വേണ്ടി മാത്രം പ്രണയിക്കുന്ന യുവതലമുറയാണ് ഈ ട്രെൻഡിന് പിന്നിൽ. പ്രണയബന്ധങ്ങളെ ഒരു പൊതുവേദിയാക്കി മാറ്റുന്ന പുതിയ ഡിജിറ്റൽ യുഗത്തിലെ 'ത്രോണിംഗ്' എന്ന ഡേറ്റിംഗ് രീതി ചർച്ചാവിഷയമാകുന്നു. പങ്കാളിയെ 'സിംഹാസനത്തിൽ ഇരുത്തുക' എന്ന വാക്കിൽ നിന്നാണ് ഈ പ്രയോഗം വന്നത്. വൈകാരിക ബന്ധങ്ങൾക്കുവേണ്ടി ഒരാളുമായി ഡേറ്റ് ചെയ്യുന്നതിന് പകരം, സ്വന്തം സോഷ്യൽ സ്റ്റാറ്റസും ഓൺലൈൻ സ്വാധീനവും വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമായി ഒരാളുമായി ബന്ധം സ്ഥാപിക്കുന്നതിനെയാണ് 'ത്രോണിംഗ്' എന്ന് വിളിക്കുന്നത്.
ടിക്‌ടോക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ജെൻ സികൾക്കിടയിലാണ് ഈ പ്രവണത വ്യാപകമാകുന്നത്. പണത്തിനുവേണ്ടിയുള്ള 'ഗോൾഡ് ഡിഗ്ഗിംഗ്' എന്ന പഴയ രീതിയിൽ നിന്ന് വ്യത്യസ്തമായി, 'ത്രോണിംഗ്' ലക്ഷ്യമിടുന്നത് സോഷ്യൽ ക്യാപിറ്റലാണ്. പങ്കാളിയുടെ പ്രശസ്തി, ഫോളോവേഴ്‌സ്, സ്വാധീനം, അല്ലെങ്കിൽ ആകർഷകമായ ഒരു ജീവിതം കാഴ്ചവെക്കാനുള്ള അവസരം എന്നിവ സ്വന്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. നിങ്ങളുടെ പങ്കാളിക്ക് ഉയർന്ന സാമൂഹിക നിലയോ, നല്ല ബന്ധങ്ങളോ ഉണ്ടെങ്കിൽ, അത് വഴി നിങ്ങളുടെ 'പേഴ്‌സണൽ ബ്രാൻഡിനും' വളർച്ച ലഭിക്കും.
പങ്കാളിയുടെ സ്റ്റാറ്റസ് വഴി സ്വന്തം ജീവിതശൈലി ഉയർത്തുന്ന 'ഹൈപ്പർഗമി' എന്ന രീതി മുൻപും നിലനിന്നിരുന്നു. എന്നാൽ, ഇന്നത്തെ സമൂഹ്യ മാധ്യമങ്ങൾ ഈ പ്രവണതയെ പുതിയ തലത്തിലേക്ക് ഉയർത്തുന്നു. ലൈക്കുകൾ, ഫോളോവർ കൗണ്ടുകൾ, ടാഗുകൾ, തിരഞ്ഞെടുത്ത ഇവൻ്റുകളിലെ ചിത്രങ്ങൾ എന്നിവയെല്ലാം ഒരു 'കറൻസി'യായി മാറുന്നതോടെ, പ്രണയം ഒരു പൊതു പ്രകടനമായി മാറുന്നു. പുറമെ നല്ലതായി തോന്നുന്ന ഒരു ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുക എന്നതാണ് ഇതിൽ പ്രധാനം. തങ്ങളുടെ ബന്ധം കാണാൻ എങ്ങനെയിരിക്കുന്നു എന്നതിലാണ്, അത് അനുഭവിക്കാൻ എങ്ങനെയിരിക്കുന്നു എന്നതിനേക്കാൾ ഈ തലമുറ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.