
ഒന്നര വയസ്സുള്ളപ്പോഴാണ് ഉത്തര്‍പ്രദേശിലെ അമ്‌റോഹ സ്വദേശിയായ സതെന്ദര്‍ സിംഗിന് കാഴ്ച നഷ്ടമാകുന്നത്. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അന്ന് സതെന്ദര്‍. ചികിത്സയുടെ ഭാഗമായി നല്‍കിയ ഇന്‍ജെക്ഷനാണ് സതെന്ദറിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചത്.
നല്‍കേണ്ട മരുന്നിന് പകരം മറ്റൊരു മരുന്നാണ് അന്ന് സതെന്ദറിന് കുത്തിവച്ചത്. അതോടെ കാഴ്ച നഷ്ടമായി. വീണ്ടെടുക്കാനാവാത്ത വിധത്തിലായിരുന്നു കാഴ്ച പോയത്. പിന്നീടുള്ള ഓരോ ചുവടും സതെന്ദറിന് ഇരുട്ട് പടര്‍ന്ന ജീവിതത്തോടുള്ള പോരാട്ടമായിരുന്നു.
സര്‍ക്കാര്‍ സ്‌കൂളില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പഠിക്കണമെന്ന് തന്നെ ആഗ്രഹിച്ചു. നമ്മുടെ കുറവില്‍, അപകര്‍ഷത തോന്നി, തല കുനിച്ച് അതില്‍ തന്നെയിരിക്കാന്‍ എളുപ്പമാണെന്നും അതില്‍ നിന്ന് ഉണര്‍ന്ന് മുന്നോട്ട് നടക്കാനാണ് വിഷമമെന്നും അയാള്‍ പഠിച്ചു.
എന്തായാലും തല കുനിച്ച് ജീവിക്കാന്‍ സതെന്ദര്‍ തയ്യാറായിരുന്നില്ല. വെല്ലുവിളികളോരോന്നായി നേരിട്ടുതുടങ്ങി. ഏറ്റവും നല്ല കോളേജില്‍ പഠിക്കണം. ഏറ്റവും മുന്തിയ ജോലി നേടണം. എല്ലാവരെയും പോലെ നന്നായി ജീവിക്കണം.
അങ്ങനെ രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖ കോളേജുകളിലൊന്നായ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് ജീവിതം ആകെയുള്ള കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു.
'ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചയാളാണല്ലോ, ശരിക്ക് ഇംഗ്ലീഷ് പറയാന്‍ പോലും എനിക്കറിഞ്ഞുകൂടായിരുന്നു. പുതിയ അന്തരീക്ഷവുമായി ഇണങ്ങാന്‍ എനിക്ക് കഴിയില്ലെന്ന് പലരും ഉപദേശിച്ചു. പക്ഷേ കോളേജ് എന്നെ ചേര്‍ത്തുപിടിച്ചു. ഭാഷ മാത്രമല്ല, നിലപാടുകള്‍, വീക്ഷണങ്ങള്‍, പൊസിറ്റിവിറ്റി, വിജ്ഞാനം... എല്ലാം കോളേജ് എനിക്ക് നല്‍കി. അതൊന്നും ഓര്‍ക്കാതിരിക്കാനാവില്ല..' സതെന്ദര്‍ പറയുന്നു.
തുടര്‍ന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എംഎ. അതും ജെ എന്‍ യുവില്‍ നിന്ന്. അതിന് ശേഷം എംഫില്‍. പിഎച്ച്ഡിക്കുള്ള ശ്രമവും തുടങ്ങി. മൂന്നാമത്തെ ശ്രമത്തില്‍ യു പി എസ് സി പരീക്ഷയും പാസായി.
പിന്നെ ആത്മവിശ്വാസമായി. ഇനിയേത് വെല്ലുവിളിയും ചിന്തിക്കാതെ ഏറ്റെടുക്കാമെന്നായി. അങ്ങനെയാണ് സിവില്‍ സര്‍വീസിന് ശ്രമിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പിന്തുണയുമായി കൂടെ നിന്നു. ശാരീരികമായ കുറവുകളില്‍ ഒതുങ്ങിപ്പോകുന്നവര്‍ക്ക് സ്വയം മാതൃകയായിക്കൊണ്ട് ഇപ്പോള്‍ സിവില്‍ സര്‍വീസും സ്വന്തമാക്കി.
'എന്തെല്ലാം പ്രതികൂല സാഹചര്യങ്ങളിലൂടെ നിങ്ങള്‍ കടന്നുപോയാലും സ്വയമുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്. ആ വിശ്വാസമുണ്ടെങ്കില്‍ അതിന് റിസള്‍ട്ടും ഉണ്ടാകും. വെറുതെയുള്ള റിസള്‍ട്ടല്ല, ഞെട്ടിക്കുന്നത്. ജീവിതമെന്ന് പറയുന്നത് അത്ഭുതം തന്നെയാണ്...'- സതെന്ദര്‍ ഒട്ടും സംശമില്ലാതെ നിറഞ്ഞ സന്തോഷത്തോടെ പറയുന്നു.