വാഹനങ്ങളിലും കെട്ടിടങ്ങളിലും തുടങ്ങി സര്‍വയിടങ്ങളിലും മൂട്ട; ഭയാശങ്കകളോടെ ഈ വമ്പൻ നഗരം...

Published : Oct 05, 2023, 04:43 PM IST
വാഹനങ്ങളിലും കെട്ടിടങ്ങളിലും തുടങ്ങി സര്‍വയിടങ്ങളിലും മൂട്ട; ഭയാശങ്കകളോടെ ഈ വമ്പൻ നഗരം...

Synopsis

പബ്ലിക് ട്രാൻസ്പോര്‍ട്ടുകളിലും കെട്ടിടങ്ങളിലും വീടുകളിലുമെല്ലാം വ്യാപകമായി മൂട്ടകള്‍ പെരുകിയിരിക്കുകയാണത്രേ. ഇവ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന നിലയില്‍ എത്തിയിരിക്കുകയാണ്. 

മൂട്ടശല്യത്തെ കുറിച്ച് പ്രത്യേകമായി പറയേണ്ടതില്ലല്ലോ, കാരണം അത് എത്രമാത്രം പ്രയാസമുണ്ടാക്കുന്നൊരു പ്രശ്നമാണെന്നത് നമുക്കെല്ലാം അറിയാവുന്നതാണ്. അല്‍പം അശ്രദ്ധ നമ്മുടെ ഭാഗത്ത് നിന്ന് കൂടിയുണ്ടായാല്‍ നമ്മുടെ ദൈനംദിനജീവിതത്തെ ദുരിതത്തിലാക്കുന്നൊരു പ്രശ്നം തന്നെയാണ് മൂട്ടശല്യം.

ഇപ്പോഴിതാ ലോകത്തിലേക്ക് വച്ചേറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ പാരീസ് നഗരം മൂട്ടശല്യത്താല്‍ വലയുകയാണ്. കേള്‍ക്കുമ്പോള്‍ നമുക്ക് നിസാരമായി തോന്നാം. പക്ഷേ കാര്യങ്ങള്‍ അത്ര നിസാരമായ മട്ടിലല്ല പോകുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളൊക്കെയും റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ദിവസവും നിരവധി സഞ്ചാരികളൊഴുകിയെത്തുന്ന പാരീസ് നഗരം ഇപ്പോള്‍ ഭയാശങ്കയിലൂടെയാണത്രേ കടന്നുപോകുന്നത്. പബ്ലിക് ട്രാൻസ്പോര്‍ട്ടുകളിലും കെട്ടിടങ്ങളിലും വീടുകളിലുമെല്ലാം വ്യാപകമായി മൂട്ടകള്‍ പെരുകിയിരിക്കുകയാണത്രേ. ഇവ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന നിലയില്‍ എത്തിയിരിക്കുകയാണ്. 

ഒളിമ്പിക്സ് ഗെയിംസിന് ഇനി ഒമ്പത് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആതിഥേയരാകാൻ പോകുന്ന ഫ്രാൻസിനെ സംബന്ധിച്ച് ഇത് വലിയ പ്രതിസന്ധി തന്നെയാണ്. പ്രധാനമന്ത്രി എലിസബത്ത് ബെണ്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി ഒരു മീറ്റിംഗ് ഇതിനോടകം നടത്തിക്കഴിഞ്ഞു. മൂട്ടശല്യത്തിന് പ്രായോഗികമായി പരിഹാരം കാണുന്നതിനായിരുന്നു ഈ മീറ്റിംഗ്. 

നിലവില്‍ മൂട്ടകളെ കൊല്ലാനായി നാമുപയോഗിക്കുന്ന പല രാസപദാര്‍ത്ഥങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവ് മൂട്ടകള്‍ ആര്‍ജ്ജിച്ചതോടെയാകാം ഇവ അപ്രതീക്ഷിതമായി ഇത്രയധികം പെരുകാൻ കാരണമായിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. പാരീസിലെ നിലവിലെ അവസ്ഥ മറ്റ് പല രാജ്യങ്ങള്‍ക്കും നഗരങ്ങള്‍ക്കും ഒരു മുന്നറിയിപ്പാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു. 

രക്തമൂറ്റിക്കുടിച്ച് ജീവിക്കുന്ന മൂട്ടകള്‍ മനുഷ്യന്‍റെ സ്വൈര്യജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ജീവിവര്‍ഗമാണ്. ഇവയ്ക്കാണെങ്കില്‍ മാസങ്ങളോളം ഭക്ഷണമേതുമില്ലാതെ തുടരാൻ സാധിക്കുകയും ചെയ്യും. സോഫകളിലും കസേരകളിലും ഷെല്‍ഫുകളിലും മറ്റും കണ്ണില്‍ കാണാത്ത രീതിയിലാണ് ഇവ തമ്പടിക്കുക. എന്നാല്‍ നമ്മള്‍ അല്‍പനേരം ഇവിടങ്ങളില്‍ ചിലവിടുമ്പോള്‍ തന്നെ നമ്മെ ഇവ ആക്രമിക്കാനും തുടങ്ങും. 

ഇപ്പോള്‍ റഗ്ബി ലോകകപ്പിന്‍റെ തിരക്കിലാണ് പാരീസ്. ഇതിനോടനുബന്ധിച്ചും നിരവധി സന്ദര്‍ശകര്‍ നഗരത്തില്‍ പ്രതിദിനം വന്നെത്തുന്നുണ്ട്. എന്തായാലും ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ മൂട്ടശല്യം കുറയ്ക്കാനുള്ള കാര്യങ്ങള്‍ നീക്കുകയാണ് സര്‍ക്കാര്‍. 

Also Read:- കണ്ണിലൊഴിക്കുന്ന മരുന്നാണെന്ന് തെറ്റിദ്ധരിച്ച് സൂപ്പര്‍ ഗ്ലൂ ഒഴിച്ചു; യുവതിയുടെ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ചുരുളഴിയും ഭംഗി: ട്രെൻഡി കർളി ഹെയർ എങ്ങനെ പരിപാലിക്കാം?
സ്മൂത്തനിംഗ് ഇനി വീട്ടിൽ: മുടിക്ക് സ്വാഭാവിക മിനുസം നൽകാൻ ഈ മാജിക് കൂട്ടുകൾ