'ഔട്ട് ഓഫ് ഫാഷൻ' എന്ന് കരുതി ഉപേക്ഷിച്ച 90-കളിലെ ആ ബോൾഡ് സ്റ്റൈലുകൾ വിണ്ടും ഫാഷൻ റാമ്പുകൾ കീഴടക്കുകയാണ്. 2026-ൽ നിങ്ങളുടെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ് മാറ്റാൻ പോകുന്ന ആ ആറ് ഹീൽസുകൾ ഇതാ:
ഫാഷൻ ലോകം എപ്പോഴും കറങ്ങി കറങ്ങി പഴയ ഇടത്തുതന്നെ എത്താറുണ്ട്. നമ്മൾ ഒരിക്കൽ ഔട്ട് ഓഫ് ഫാഷനണെന്ന് കരുതിയ പല സാധനങ്ങളും കാലത്തിന് അനുയോജ്യമായ മാറ്റങ്ങളോടെ വീണ്ടും തിരിച്ചുവരാറുണ്ട്. 2026-ലേക്ക് ഫാഷൻ ലോകം ചുവടുവെക്കുമ്പോൾ, ഏറ്റവും വലിയ ചർച്ചാവിഷയം 90-കളിലെ ട്രെൻഡിങ് ഹീൽസുകളുടെ തിരിച്ചുവരവാണ്. വരും മാസങ്ങളിൽ ഫാഷൻ പ്രേമികളുടെ വാർഡ്രോബുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ആറ് പാദരക്ഷകളെക്കുറിച്ചറിയാം;
1. ടു-ടോൺ പമ്പ്‌സ്
ടു-ടോൺ പമ്പുകൾ അഥവാ 'സ്പെക്ടേറ്റർ ഷൂസുകൾ' ഫാഷൻ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിസ്മയങ്ങളിൽ ഒന്നാണ്. 1950-കളിൽ കോക്കോ ചാനൽ ആണ് ഈ സ്റ്റൈലിന് വലിയ ജനപ്രീതി നൽകിയത് എങ്കിലും, 90-കളിലെ മിനിമലിസ്റ്റ് ഫാഷൻ യുഗത്തിലാണ് ഇവ സ്ത്രീകളുടെ നിത്യജീവിതത്തിന്റെ ഭാഗമായത്.
ഷൂവിന്റെ പ്രധാന ഭാഗം ഒരു നിറത്തിലും, അറ്റം (Toe cap) മറ്റൊരു നിറത്തിലും വരുന്ന ഈ ഡിസൈൻ കേവലം ഭംഗിക്ക് വേണ്ടിയല്ല നിർമ്മിച്ചിരിക്കുന്നത്. കറുത്ത അറ്റമുള്ള ബീജ് നിറത്തിലുള്ള ഷൂ ധരിക്കുമ്പോൾ കാലുകൾക്ക് കൂടുതൽ നീളം തോന്നിപ്പിക്കുകയും പാദങ്ങൾ ചെറുതായി തോന്നിപ്പിക്കുകയും ചെയ്യും എന്നതാണ് ഇതിന്റെ രഹസ്യം. 2026-ൽ ഈ ഷൂസുകൾ കൂടുതൽ നിറങ്ങളിൽ തിരിച്ചെത്തുന്നു. ക്ലാസിക് ബ്ലാക്ക്-വൈറ്റ് കോമ്പിനേഷന് പുറമെ, ഇലക്ട്രിക് ബ്ലൂവും മെറ്റാലിക് സിൽവറും ചേർന്ന പുതിയ വേരിയന്റുകൾ ഇന്ന് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ടതാണ്.
2. പോയിന്റഡ് ഹീൽഡ് മേരി ജെയിൻസ്
90-കളിലെ 'പ്രീപ്പി' സ്റ്റൈലിന്റെ പ്രതീകമായിരുന്നു മേരി ജെയിൻസ്. അക്കാലത്ത് ഉരുണ്ട മുൻഭാഗമായിരുന്നു ഇതിനുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ ഇവ കൂടുതൽ കൂർത്തതും (Pointed) ആധുനികവുമാണ്. സ്ട്രാപ്പുകളുടെ എണ്ണത്തിലും ഡിസൈനിലും ഇന്ന് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.
ഒരൊറ്റ സ്ട്രാപ്പിൽ നിന്ന് മാറി ഒന്നിലധികം ക്രോസ് സ്ട്രാപ്പുകളുള്ള മേരി ജെയിൻസ് ഇന്ന് വിപണിയിലുണ്ട്. ഇത് പാദങ്ങൾക്ക് മികച്ച ഗ്രിപ്പ് നൽകുന്നതിനോടൊപ്പം തന്നെ ഒരു വിന്റേജ് ലുക്ക് നിലനിർത്തുകയും ചെയ്യുന്നു. ഫാഷൻ വിദഗ്ധരുടെ അഭിപ്രായത്തിൽ, സിൽക്ക് ഡ്രസ്സുകൾക്കൊപ്പമോ ലോ കട്ട് ഡെനിമുകൾക്കൊപ്പമോ ഈ ഷൂസുകൾ ധരിക്കുന്നത് ഏറ്റവും മികച്ച ഫാഷൻ സ്റ്റേറ്റ്‌മെന്റുകളിൽ ഒന്നായിരിക്കും.
3. ഹീൽഡ് കളേർഡ് ലോഫേഴ്സ്
പുരുഷന്മാരുടെ ഔദ്യോഗിക വസ്ത്രധാരണത്തിന്റെ ഭാഗമായിരുന്ന ലോഫേഴ്സിനെ സ്ത്രീകൾക്കായി പുനർരൂപകൽപ്പന ചെയ്തത് 90-കളിലെ വലിയൊരു പരീക്ഷണമായിരുന്നു. ഹീൽസ് ചേർത്ത ലോഫേഴ്സ് അന്ന് പവർ ഡ്രസ്സിംഗിന്റെ ഭാഗമായിരുന്നു. ഇന്ന്, ഈ ഷൂസുകൾ തിരിച്ചെത്തുന്നത് അവയുടെ നിറങ്ങൾ കൊണ്ടാണ്.
സാധാരണയായി കണ്ടുവരുന്ന തവിട്ട്, കറുപ്പ് നിറങ്ങൾക്ക് പകരം നിയോൺ പിങ്ക്, മരതക പച്ച, കോബാൾട്ട് ബ്ലൂ തുടങ്ങിയ കടും നിറങ്ങളിലാണ് ഇവ വിപണിയിൽ നിറയുന്നത്. ഉയർന്ന ബ്ലോക്ക് ഹീൽസുകൾ ഉള്ളതിനാൽ ഇത് ധരിക്കാൻ വളരെ സുഖകരമാണ്. ജോലിസ്ഥലത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഈ ലോഫേഴ്സ് ഒരു കരുത്തായിരിക്കും. വലിയ ലോഹ ചിഹ്നങ്ങളും ബക്കിളുകളും ചേർത്ത ഡിസൈനുകൾ ഇതിന് കൂടുതൽ ഭംഗി നൽകുന്നു.
4. ഹീൽഡ് മ്യൂൾസ്
90-കളിൽ സ്ലിപ്പ് ഡ്രസ്സുകൾക്കൊപ്പം ഏറ്റവും കൂടുതൽ പെയർ ചെയ്തിരുന്നത് മ്യൂൾസുകളാണ്. പുറകിൽ സ്ട്രാപ്പുകൾ ഇല്ലാത്ത, എളുപ്പത്തിൽ ധരിക്കാവുന്ന ഈ ഷൂസുകൾ അക്കാലത്തെ 'കൂൾ ഗേൾ' ലുക്കിന്റെ പ്രധാന ഭാഗമായിരുന്നു. 2026-ലും മ്യൂൾസ് വീണ്ടും ഫാഷൻ റാമ്പുകളിൽ ആധിപത്യം സ്ഥാപിക്കുകയാണ്.
സ്ലീക്ക് ആയ കിറ്റൺ ഹീൽസുകളിലും സ്റ്റൈലറ്റോകളിലും മ്യൂൾസ് ഇന്ന് ലഭ്യമാണ്. ലതർ, വെൽവെറ്റ്, സാറ്റിൻ തുടങ്ങി വിവിധ മെറ്റീരിയലുകളിൽ ഇവ നിർമ്മിക്കുന്നുണ്ട്. നൈറ്റ് പാർട്ടികൾക്കോ വൈകുന്നേരത്തെ മീറ്റിംഗുകൾക്കോ മ്യൂൾസ് ഏറ്റവും അനുയോജ്യമാണ്. മിനിമലിസ്റ്റ് ഡിസൈൻ ഇഷ്ടപ്പെടുന്നവർക്കായി യാതൊരു അലങ്കാരങ്ങളുമില്ലാത്ത മോണോക്രോം മ്യൂൾസുകൾ ഇന്ന് വിപണിയിൽ ലഭിക്കും.
5. സ്ക്വയർ ടോ പമ്പ്സ്
2000-ത്തിൻ്റെ തുടക്കത്തിൽ ഔട്ട് ഓഫ് ഫാഷനായ സ്ക്വയർ ടോ ഡിസൈനുകൾ 2026-ൽ വിണ്ടും തിരിച്ച് വന്നിരിക്കുകയാണ്. പോയിന്റഡ് ഷൂസുകൾ വിരലുകൾക്ക് അസ്വസ്ഥത നൽകുന്നു എന്ന പരാതിക്ക് പരിഹാരമായിട്ടാണ് സ്ക്വയർ ടോ പമ്പ്സ് ഫാഷൻ പ്രേമികൾ ഏറ്റെടുക്കുന്നത്.
ഇത് പാദങ്ങൾക്ക് കൂടുതൽ സ്വാഭാവികമായ രൂപം നൽകുന്നു. റെട്രോ-ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിൽ പെടുന്ന ഈ ഷൂസുകൾ വിസ്താരമുള്ള ട്യൂബ് പാന്റുകൾക്കൊപ്പമോ മിഡി സ്കർട്ടുകൾക്കൊപ്പമോ ധരിക്കാൻ മികച്ചതാണ്. ആ പഴയ ഷാർപ്പ് ലുക്ക് നിലനിർത്തിക്കൊണ്ട് തന്നെ പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ആർക്കിടെക്ചറൽ ഹീൽസുകളും ഇതിൽ പരീക്ഷിക്കപ്പെടുന്നുണ്ട്.
6. ട്രാൻസ്പരന്റ് ഹീൽസ്
90-കളിൽ ഹോളിവുഡ് താരങ്ങൾക്കിടയിൽ തരംഗമായിരുന്ന ട്രാൻസ്പരന്റ് ഹീൽസുകൾ ഇന്ന് വീണ്ടും വിപണി കിഴടക്കിയിരിക്കുകയാണ്. അന്ന് പി.വി.സി സ്ട്രാപ്പുകൾ കൊണ്ട് നിർമ്മിച്ചിരുന്ന ഇവ ഇന്ന് ബ്രീത്തബിൾ മെറ്റീരിയലുകളിലാണ് നിർമ്മിക്കുന്നത്. ഈ ഷൂസുകളുടെ ഏറ്റവും വലിയ പ്രത്യേകത അവ ഏത് വസ്ത്രത്തോടൊപ്പവും ചേരും എന്നതാണ്. വസ്ത്രത്തിന്റെ നിറം എന്തുതന്നെയായാലും ട്രാൻസ്പരന്റ് ഹീൽസ് ഒരു ന്യൂട്രൽ ലുക്ക് നൽകുന്നു. മാത്രമല്ല, ഇത് കാലുകൾക്ക് കൂടുതൽ നീളം തോന്നിപ്പിക്കുകയും പാദങ്ങളെ സുന്ദരമാക്കുകയും ചെയ്യുന്നു.
2026-ലെ ഫാഷൻ ലോകം നോസ്റ്റാൾജിയയുടെയും ആധുനികതയുടെയും മനോഹരമായ ഒരു മിശ്രിതമാണ്. 90-കളിൽ തരംഗമായിരുന്ന ആ ഐക്കണിക് ഹീൽസുകൾ വീണ്ടും എത്തുമ്പോൾ, അത് കേവലം ഒരു താൽക്കാലിക ട്രെൻഡ് മാത്രമല്ല, മറിച്ച് വരും വർഷങ്ങളിലെ ഫാഷൻ്റെ മാറ്റം കൂടിയാണ്.


