ഊണുമേശയിലെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും രാത്രിയിലെ ചൂടുള്ള കഞ്ഞിയും മലയാളിക്ക് എന്നും വികാരമായിരുന്നു. എന്നാൽ, ജെൻ സികളുടെ ഭക്ഷണ ശീലങ്ങൾ കേട്ടാൽ അല്പം അന്തംവിട്ടു പോകും. ഇടവേളകളിൽ കൊറിക്കുന്ന സ്നാക്സുകളെ പ്രധാന ഭക്ഷണമാക്കുന്ന പുതിയൊരു ട്രെൻഡ്…

പണ്ട് അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറയുമായിരുന്നു, "വേഗം വാ, ചോറ് വിളമ്പി വെച്ചിട്ടുണ്ട്!". എന്നാൽ ഇന്നത്തെ കാലത്തെ ഒരു ശരാശരി 'ജെൻ സി' യുവാവിനോടോ യുവതിയോടോ ഇങ്ങനെ ചോദിച്ചാൽ മറുപടി ഇങ്ങനെയാകും; "അമ്മേ, എനിക്ക് വിശപ്പില്ല, ഞാൻ ഒരു പ്രോട്ടീൻ ബാർ കഴിച്ചു, അല്ലെങ്കിൽ കുറച്ച് നട്സ് കഴിച്ചു". ഇതിനെയാണ് ഇന്ന് 'സ്നാക്കിഫിക്കേഷൻ' (Snackification) എന്ന് വിളിക്കുന്നത്. മൂന്നുനേരം വയറുനിറയെ ഭക്ഷണം കഴിക്കുന്ന പഴയ ശീലത്തോട് ഗുഡ്‌ബൈ പറഞ്ഞ്, ഇടവേളകളിൽ ലഘുഭക്ഷണങ്ങളിലൂടെ വിശപ്പടക്കുന്ന ഈ പുതിയ ട്രെൻഡ് ഭക്ഷണ ശീലങ്ങളെതന്നെ മാറ്റിമറിക്കുകയാണ്. ഇത് വെറുമൊരു ഫാഷനല്ല, മറിച്ച് ഒരു തലമുറയുടെ ജീവിതരീതിയായി ഇത് മാറിക്കഴിഞ്ഞു.

എന്താണ് ഈ 'സ്നാക്കിഫിക്കേഷൻ' ?

ലളിതമായി പറഞ്ഞാൽ, ഒരു വലിയ മീൽ കഴിക്കുന്നതിന് പകരം ദിവസം മുഴുവൻ ചെറിയ ചെറിയ അളവിൽ ലഘുഭക്ഷണങ്ങൾ കഴിക്കുന്ന രീതിയാണിത്. ജെൻസി യുവാക്കളിൽ 60 ശതമാനത്തിലധികം പേരും ഇപ്പോൾ ഒരു നേരം പോലും കൃത്യമായി ഇരുന്ന് ഭക്ഷണം കഴിക്കാത്തവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അവർക്ക് ഭക്ഷണം എന്നത് വിശപ്പടക്കാനുള്ള മാർഗ്ഗം മാത്രമല്ല, മറിച്ച് അവരുടെ വേഗതയേറിയ ജീവിതത്തിന്റെ ഭാഗമാണ്.

എന്തുകൊണ്ട് ജെൻ സികൾ സ്നാക്സിനെ തിരഞ്ഞെടുക്കുന്നു?

  • ജോലിത്തിരക്കും പഠനഭാരവും കാരണം ഡൈനിംഗ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഇവർക്ക് സമയമില്ല. ലാപ്ടോപ്പിന് മുന്നിലിരുന്നോ യാത്രയ്ക്കിടയിലോ കഴിക്കാൻ പറ്റുന്ന 'ഓൺ ദി ഗോ' ഭക്ഷണങ്ങളാണ് ഇവർക്ക് പ്രിയം.
  • ഒരു വലിയ മീൽ കഴിക്കുമ്പോൾ അകത്തുചെല്ലുന്ന അമിത കലോറിയേക്കാൾ നല്ലത്, ചെറിയ അളവിൽ പോഷകങ്ങൾ ലഭിക്കുന്ന സ്നാക്സുകളാണെന്ന് ഇവർ വിശ്വസിക്കുന്നു.
  • എന്നും ഒരേ ചോറും കറിയും കഴിക്കുന്നതിനേക്കാൾ പലതരം രുചികൾ പരീക്ഷിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. കൊറിയൻ ചിപ്‌സ് മുതൽ നാടൻ വറുത്ത ഉപ്പേരി വരെ ഇവരുടെ ലിസ്റ്റിലുണ്ട്.

ആരോഗ്യകരമാണോ ഈ മാറ്റം?

സ്നാക്കിഫിക്കേഷൻ എന്നാൽ ജങ്ക് ഫുഡ് കഴിക്കലല്ല. അവിടെയാണ് ഈ ട്രെൻഡിന്റെ ട്വിസ്റ്റ്. ജെൻ സി യുവാക്കൾ ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രതയുള്ളവരാണ്. അതുകൊണ്ട് തന്നെ വിപണിയിൽ ഇപ്പോൾ തരംഗം 'ഹെൽത്തി സ്നാക്സ്' ആണ്.

  • പ്രോട്ടീൻ പവർ: മസിലുണ്ടാക്കാനും ഊർജ്ജസ്വലത നിലനിർത്താനും പ്രോട്ടീൻ ബാറുകൾ, യോഗർട്ട്, പനീർ ക്യൂബുകൾ എന്നിവ ഇവർ തിരഞ്ഞെടുക്കുന്നു.
  • പഞ്ചസാരയോട് നോ: മധുരപലഹാരങ്ങൾക്ക് പകരം ഡ്രൈ ഫ്രൂട്ട്സ്, സീഡ്സ് എന്നിവയിലേക്ക് ഇവർ ചുവടുമാറ്റി.
  • പാൽ ഉൽപ്പന്നങ്ങൾ ഒഴിവാക്കി സസ്യങ്ങളിൽ നിന്നുള്ള ലഘുഭക്ഷണങ്ങൾ തേടുന്നവരുടെ എണ്ണവും വർദ്ധിച്ചു.

വിപണി പിടിച്ചടക്കാൻ കമ്പനികൾ

ഭക്ഷണ വിപണിയിലെ വമ്പൻമാരായ പെപ്സിക്കോ, മോണ്ടെലെസ് എന്നിവരൊക്കെ ഇപ്പോൾ ജെൻ സിയെ ലക്ഷ്യം വെച്ച് ചെറിയ പാക്കറ്റുകളിലുള്ള സ്നാക്സുകൾ പുറത്തിറക്കുകയാണ്. ഇന്ത്യയിലെ ലഘുഭക്ഷണ വിപണി വരും വർഷങ്ങളിൽ ലക്ഷം കോടികളുടെ വളർച്ച നേടുമെന്നാണ് റിപ്പോർട്ടുകൾ. വിവാഹങ്ങളിലോ പാർട്ടികളിലോ പോലും ഇപ്പോൾ വലിയ സദ്യയേക്കാൾ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് 'സ്നാക്ക് കൗണ്ടറുകൾ' ആണ്. വിവിധ തരം ചീസുകൾ, നട്സുകൾ, ഫ്രൂട്ട്സ് എന്നിവ നിരത്തിവെച്ച 'ചാർക്യുട്ടറി ബോർഡുകൾ' (Charcuterie boards) ഇൻസ്റ്റാഗ്രാമിലെ പുതിയ ട്രെൻഡാണ്.